പെയ്തൊഴിയാത്ത മഴയിൽ
ഈ മരത്തണലിൽ
ഗതകാലസ്മരണതൻ നിഴൽവിരിപ്പിൽ
നെടുവീർപ്പിൻ നിശ്വാസം അശ്രുകണങ്ങളായി
അടർന്നുവീണലിഞ്ഞുചേരുമീ മഴയിൽ….
ഹൃദയനൊമ്പരങ്ങളിൽ ഞാനേകനായി..
ഒന്നുരിയാടിനാരുമില്ലാതെ….
അങ്ങകലെക്കാണുന്ന
മഴവീണു നനഞ്ഞ ശവക്കല്ലറയിലെ
കാറ്റിലാടുന്ന അരളിപ്പൂക്കളെ നോക്കി
വിതുമ്പുവാനല്ലാതെ
ഈ വാർദ്ധക്യ മനസ്സിനാകുന്നില്ല.
കാലങ്ങളോളം സ്നേഹിച്ചും ശാസിച്ചും ലാളിച്ചും
ഇണങ്ങിയും പിണങ്ങിയുംഎന്നോടൊപ്പം
ഒരു നിഴൽ പോലെയവൾ….
അവളിട്ടുപോയ കുറെ ചില്ലിട്ട ചിത്രങ്ങളും
ചിതറിയ ഓർമ്മകളിൽ പറ്റിപ്പിടിച്ച മാറാലകളും
പലവട്ടം കഴുകിയുമിട്ടും നരച്ചൊരാ വസ്ത്രത്തിൽ
പതിഞ്ഞ കുങ്കുമപ്പാടുകളും…..
ഇനിയുമവൾ വരില്ലയെന്നറിയാമെങ്കിലും
കാലങ്ങൾ കഴിയാറായ മനസ്സിന്റെ ആശയിൽ….
കാത്തിപ്പിരിന്റെ ദിനങ്ങളിൽ
അന്ത്യമില്ലാതെ ഞാനുമെൻ എന്നോർമ്മകളും…

നവാസ് ഹനീഫ്

By ivayana