രചന : പി. സുനിൽ കുമാർ✍
“ശ്രദ്ധിക്കണം..!!
മാന്ത്രികനാണയാൾ..
ആരെയും കയ്യിലെടുക്കുന്ന മാന്ത്രികൻ.
എല്ലാം അയാളുടെ പുറം
പൂച്ചുകൾ മാത്രം ….!!
അയാൾ നമ്മുടെ പരിപ്പിളക്കും..!”
പല കോണിൽ നിന്നും ഒരാളെപ്പറ്റി പല പല അഭിപ്രായങ്ങൾ ഉയരുകയാണ്.
അങ്ങനെ ഒരു ദിവസം
അയാൾ വന്നു കയറി…!
മഞ്ചേരിയിലെ ഡിസ്ട്രിക്ട് സോയിൽ കൺസർവേഷന്റെ കാര്യാലയത്തിലേക്ക്..
കയ്യിൽ കനത്തിൽ തൂങ്ങുന്ന
വില കൂടിയ ലെതർ ബാഗും പോക്കറ്റിൽ തിരുകിയിരിക്കുന്ന ലതർ ഫോൾഡറും കൊണ്ടു തന്നെ അദ്ദേഹം ഒരു അന്യഗ്രഹ ജീവിയെപ്പോലെ തോന്നിച്ചു….!
ഓഫീസിൽ വന്ന് തന്റെതായ
ജില്ലാ ഓഫീസറുടെ സീറ്റിൽ ഉപവിഷ്ടനായതിനു ശേഷം അദ്ദേഹം ഓരോരുത്തരെയായി പരിചയപ്പെട്ടു തുടങ്ങി.
അങ്ങനെ എന്റെ ഊഴം വന്നെത്തി.
ഞാൻ എന്നെ പരിചയപ്പെടുത്തി.
“ഇവിടത്തെ അസിസ്റ്റൻറ് എൻജിനീയറാണ്…”
കൂടെ പ്രവർത്തിക്കുന്ന സോയിൽ കൺസർവേഷൻ ഓഫീസർമാരായ ഉസ്മാൻ സാറും മറിയാമ്മ മാഡവും അപ്പോൾ അവിടെ ഉണ്ടായിരുന്നു..
“കുഞ്ഞേ വീട് എവിടെയാണ്..??” “വീട്ടിൽ എല്ലാവരും എന്ത് ചെയ്യുന്നു…??””
“കുഞ്ഞേ” എന്നുള്ള വിളി ആദ്യമാദ്യം അരോചകമായി തോന്നിയിരുന്നു.
ഈ മനുഷ്യൻ എന്തിനുള്ള ഭാവമാണ്…
ഇനി മറ്റുള്ളവർ പറഞ്ഞ പോലെ എന്റെ പരിപ്പെടുക്കുമോ എന്തോ ??
ദിവസങ്ങൾക്കകം സജീവ് മാത്യു സാർ ഞങ്ങളിൽ ഒരുവനായി തീർന്നു.അദ്ദേഹത്തെപ്പറ്റിയുള്ള മുന്നറിയിപ്പുകളിൽ ഒരു കാര്യവുമില്ല എന്ന് എനിക്ക് മനസ്സിലായി.അദ്ദേഹത്തോട് അസൂയയുള്ള ചിലരാണ് ഇത്തരം ദുഷ്പ്രചരണം നടത്തിയത് എന്ന് പിന്നീട് വെളിച്ചത്തു വന്നു.
മണ്ണു ജല സംരക്ഷണ പ്രവർത്തികൾ,
നീർമറി മാനേജ്മെന്റ് പ്രവർത്തികൾ എന്നിവയിലായി ഞങ്ങൾ മൂന്നു കൊല്ലത്തോളം ഒരുമിച്ചു പ്രവർത്തിച്ചു.
മണ്ണു ജല സംരക്ഷണ പ്രവർത്തികളിൽ എന്തുചെയ്യണം, എന്ത് ചെയ്യരുത് എന്ന് കണ്ടറിഞ്ഞ വ്യക്തിയായിരുന്നു സജീവ് സാർ. ഇപ്പോൾ എറണാകുളത്ത് കാക്കനാട് അടുത്താണ് താമസം 2013 മെയ് 31 ന് ഡെപ്യുട്ടി ഡയരക്ടർ ആയി സോയിൽ കൺസർവേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്ന് റിട്ടയർ ചെയ്തു..
ഇപ്പോഴും ഇടയ്ക്കൊക്കെ അദ്ദേഹത്തെ വെറുതെ ഒന്ന് വിളിക്കും..
“കുഞ്ഞേ” എന്നുള്ള വിളി തിരിച്ചു കേൾക്കുവാനായി മാത്രം…!!
സ്നേഹത്തിന്റെ ഒരു മഹാസാഗരമാണ് സജീവ് സർ.. ഓഫീസിലെ സഹപ്രവർത്തകർക്കെല്ലാം
അദ്ദേഹത്തെപ്പറ്റി പറയുമ്പോൾ നൂറു നാവാണ്..!
നിങ്ങൾക്ക് ഒരു ഗുരുവിനെ സ്കൂളിൽ നിന്നോ കോ6ളേജിൽ നിന്നോ മാത്രമല്ല ലഭിക്കുന്നതെന്ന് സജീവ് സാറിനെ പരിചയപ്പെട്ടാൽ മനസ്സിലാവും..!
കുഞ്ഞേ എന്ന് വിളിച്ചുകൊണ്ട് ഈ മനുഷ്യൻ എത്രയോ കാര്യങ്ങൾ എന്നെയും സഹപ്രവർത്തകരെയും പഠിപ്പിച്ചിരിക്കുന്നു..ചിന്തിക്കാത്ത മേഖലകളിൽ ചിലപ്പോൾ ഒരു ചെറിയ തിരി തെളിച്ചു കൊണ്ടാണ് പലപ്പോഴും അത് തുടങ്ങുക.. സജീവ് മാത്യു എന്ന പേര് കൂടെ ജോലി ചെയ്ത ആളുകളുടേയും അദ്ദേഹവുമായി സംസാരിച്ചിട്ടുള്ളവരുടെയും മനസ്സിൽ
ചിര പ്രതിഷ്ഠ നേടിയിരിക്കുന്നു..!!
സംഭാഷണത്തിന്റെ ചാരുത, വിജ്ഞാനത്തിന്റെ അപൂർവത, സ്നേഹത്തിന്റെ ഊഷ്മളത,ബന്ധങ്ങളുടെ അഴപ്പരപ്പ് ഇതെല്ലാം സമാസമം ചേർന്നാൽ സജീവ് സാറായി…!!
ജീവിതത്തിൽ എന്നെ
ഇതുവരെ സ്വാധീനിച്ച ഗുരുനാഥന്മാർക്കിടയിൽ ഏന്നും എപ്പോഴും ജ്വലിച്ചു നിൽക്കുന്ന സൂര്യനാണ് സജീവ് സാർ..!
ഈ അധ്യാപക ദിനത്തിൽ അദ്ദേഹത്തിന് എല്ലാ മംഗളങ്ങളും നേരുന്നു..!!
ഞങ്ങളോട് ഇന്ന കാര്യങ്ങൾ ചെയ്യണം എന്നല്ല അദ്ദേഹം പറയുക.. മറിച്ച് ആ കാര്യങ്ങളെപ്പറ്റി നമുക്ക് തന്നെ ബോധ്യമാവുന്ന കാര്യങ്ങൾ അനാവരണം ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.
ഒരിക്കൽ നാം തുടങ്ങി വെച്ചാൽ നമ്മുടെ തന്നെ താൽപ്പര്യമാവുന്ന സംഗതികൾ..
ഓരോരുത്തരുടെയും കഴിവുകൾ അനുസരിച്ചു അവരെ ഉപയോഗിക്കുവാൻ ഉള്ള അദ്ദേഹത്തിന്റെ കഴിവ് നിസ്തുലമാണ്..
ഞങ്ങളെപ്പോലെ വഴി തെറ്റി അലയുന്ന കൂടുതൽ “കുഞ്ഞു”ങ്ങൾക്ക് മാർഗ്ഗ നിർദ്ദേശം ചെയ്യുവാൻ അദ്ദേഹത്തിന് ഭാവിയിലും കഴിവുണ്ടാകട്ടെ..!!