നീറുമൊരാത്മാവെന്നു പറഞ്ഞാൽ
നിങ്ങൾക്കറിയാമോ…..?ആ –
നീറ്റലറിഞ്ഞീടാനായ് നിങ്ങൾ
ഞാനായ് മാറേണം…..

നനവ് പടർന്ന മിഴിത്താരകളിൽ
കനവ് പടർന്നെന്നാൽ…
അറിയുക നിങ്ങൾ ഞാനായ് മാറാൻ
വഴിതിരിയുകയല്ലോ…..

നീലത്താമര പൂത്ത പുഴക്കരെ
സന്ധ്യ മറയുമ്പോൾ,
വിങ്ങിടുമൊരു പടു ഹൃദയം കാണാം
ചവിട്ടി മെതിച്ചോളൂ…..

ചോര പടർന്ന് വിടർന്ന് തുളുമ്പിയ
മാനസ വാതിൽക്കൽ
എത്തുവതിനിയും കഠിനമതല്ലോ…
നേരു പറഞ്ഞെന്നാൽ…..

കൊടിയ പരീക്ഷണമൊടുവിൽ കഴിഞ്ഞ്
കരളിൽ തൊടും നേരം
അവിടെ കാണാം ചേതന വറ്റിയോ –
രായിരം കനവലകൾ….

ഒടുവിലൊരന്തിക്കീയുള്ളവനെ
മനസ്സിൽ വഹിക്കുമ്പോൾ…
താങ്ങു തിരയാതൊരു മാത്രയിൽ നീ
കെട്ടു പൊടിയരുതേ…… 💞

രാജു വിജയൻ

By ivayana