രചന : കുറുങ്ങാട്ടു വിജയൻ ✍
ഓണം, ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും വസന്തമാകുന്നു!
ഓണം, പോയകാലത്തിന്റെ സന്തോഷങ്ങളും നഷ്‌ടമായ നന്മകളുമാകുന്നു!
ഓണം വെറും ആഘോഷം മാത്രമല്ല, അറിവുകളുടെ പെരുമഴക്കാലം കൂടിയാണ്!
ഓണഓര്‍മ്മകള്‍ കൂടുതല്‍ മിഴിവോടെ മനസ്സില്‍ തെളിഞ്ഞുവരുന്നത്, ഓണം ഒത്തൊരുമയുടെ ആഘോഷങ്ങളും ഓർമ്മപ്പെടുത്തലുകളും ആകുമ്പോഴുമാണ്!
ഓരോ ഓണത്തിനും നിലാവിന്‍റെ വിശുദ്ധിയും പച്ചപ്പിന്‍റെ നൈര്‍മല്യവും പൂക്കളുടെ നറുമണവും ഉണ്ടാകും!
ഓരോ ഓണവും മഴവില്‍ക്കാഴ്ചപോലെ മനസ്സില്‍ മായാതെ കിടക്കുന്ന ഓര്‍മ്മകളാണു സമ്മാനിക്കുന്നത്!
തുളസിപ്പൂവിന്‍റെ പരിശുദ്ധിയും തുമ്പപ്പൂവിന്‍റെ നൈര്‍മ്മല്യവും മുക്കൂറ്റിപ്പൂവിന്‍റെ നിഷ്ക്കളങ്കതയും കോളാമ്പിപ്പൂവിന്റെ തെളിമയും ചെത്തിപ്പൂവിന്‍റെ വര്‍ണ്ണശോഭയും ചെമ്പരത്തിയുടെ ലാളിത്യവും മനസ്സുനിറയ്ക്കുന്ന പൂക്കാലം!
ജന്മംകൊണ്ട് അസുരനും കര്‍മ്മകൊണ്ടു ദേവനും ആകാമെന്ന് ഓരോ ഓണവും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു!
‘നഷ്ടപ്പെട്ട കാലം സുവര്‍ണ്ണകാലമായിരുന്നു’ എന്ന ഓര്‍മ്മപ്പെടുത്തലാണ് ഓണം!
പൂക്കളും പൂവിളിയും ഓണക്കോടിയും ഓണസദ്യയും ഓര്‍മ്മകളില്‍ പൂക്കുന്നകാലം!
സന്തോഷവും, സമാധാനവും, സമൃദ്ധിയും നിറഞ്ഞ ഒരു ഭൂതകാലത്തിന്‍റെ ബാക്കിപത്രത്തിന്‍റെ സ്മരണകള്‍ ഉയര്‍ത്തിയെത്തുന്ന ഓണം!
മാവേലിയുടെ കാലത്തെ സമത്വസുന്ദരമായ ഭൂമികയിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് ഓണം!
ആ ഓര്‍മ്മകള്‍ എന്റെ തൂലികത്തുമ്പില്‍ നിന്ന് അക്ഷരങ്ങളായി പെയ്തിറങ്ങുന്നു….
ഓണത്തിന്‍റെ ഓര്‍മ്മപ്പെയ്ത്ത്
ഓണം!…ഓര്‍മ്മപ്പെരുക്കമാകുന്നു
ആവണിപ്പെണ്ണിന്‍റെ നാണമാകുന്നു
കര്‍ക്കടകം പെറ്റ പുണ്യമാകുന്നു
ചിങ്ങത്തെളിമാനഭംഗിയാകുന്നു
ചിങ്ങനിലാപ്പാല്‍പ്പുഞ്ചിരിയാകുന്നു
ചിങ്ങച്ചന്ദ്രികപ്പാല്‍ മഴയാകുന്നു
പൊന്നാര്യന്‍പാടത്തെ പുന്നെല്ലാകുന്നു
നിറകതിര്‍ നിറകാഴ്ചയാകുന്നു
പുത്തരിച്ചോറിന്‍റെ ഗന്ധമാകുന്നു
ഉറ്റവരെത്തുന്ന കാലമാകുന്നു
സദ്യവട്ടച്ചിട്ടവട്ടമാകുന്നു
അത്തച്ചമയ നാള്‍വഴിയാകുന്നു
അത്തച്ചമയഘോഷങ്ങളാകുന്നു
അത്തംപത്തിലെ പൂപ്പടയാകുന്നു
വീട്ടിലെത്തുന്ന അതിഥിയാകുന്നു
ആദിത്യനെത്തുന്ന വീടുമാകുന്നു
ചിങ്ങനിലാവിന്‍റെ ചന്തമാകുന്നു
പൂത്തുമ്പിപ്പെണ്ണിന്‍റെ തുള്ളലാകുന്നു
പാറിക്കളിക്കും പൂത്തുമ്പിയാകുന്നു
നാട്ടറിവിന്‍റെ നേര്‍വഴിയാകുന്നു
കള്ളമില്ലാത്തൊരു ഉള്ളമാകുന്നു
ഭള്ളുപറയാത്ത നാവുമാകുന്നു
മാവേലിമന്നന്‍റെ മാനമാകുന്നു
പൊന്നിന്‍മെതിയടിനാദമാകുന്നു
വസുന്ധരപൂക്കും കാലമാകുന്നു
അത്തമുറ്റത്തെ പൂവിളിയാകുന്നു
മുറ്റംനിറഞ്ഞ പൂക്കളമാകുന്നു
പൂക്കള്‍ ചിരിക്കും പുലരിയാകുന്നു
പുലരിനിറയും പൂവിളിയാകുന്നു
തുമ്പപ്പൂവിന്‍റെ മാനസമാകുന്നു
ചിങ്ങംപെയ്യും കുളിര്‍മഴയാകുന്നു
‘പൂവേപൊലി പൂവേ’ വിളിയാകുന്നു
ഇല്ലംനിറയും പൂവിളിയാകുന്നു
വല്ലംനിറയും പൂവിളിയാകുന്നു
ഉള്ളംനിറയും പൂവിളിയാകുന്നു
നിറപറ പൊലിവിളിയാകുന്നു
പൂവട വേവുന്ന ഗന്ധമാകുന്നു
പൊന്നാറമ്മുളപ്പൊന്നോടമാകുന്നു
തൃക്കാക്കരയില്‍ തിരുനാളാകുന്നു
കോടിമുണ്ടിന്‍റെ സുഗന്ധമാകുന്നു
ആശംസനേരും മാനസമാകുന്നു
ഗ്രാമചിത്തത്തിന്‍ നര്‍ത്തനമാകുന്നു
ഓണവില്ലിന്‍ മണിനാദമാകുന്നു
ഊഞ്ഞാല്‍പ്പാട്ടിന്‍റെ ഈണമാകുന്നു
കൈകൊട്ടിപ്പാടും നടനമാകുന്നു
തുമ്പിതുള്ളും പെണ്ണിന്‍ ലാസ്യമാകുന്നു
ആവണിക്കാറ്റിന്‍റെ ഊയലാകുന്നു
ആവണിപ്പലകപ്പെരുമയാകുന്നു
നിറനാഴി നിറകാഴ്ചയാകുന്നു
‘ആടിവേടത്തെയ്യ’മാട്ടമാകുന്നു
പുത്തന്‍പ്രതീക്ഷതന്‍ നാളമാകുന്നു
ആതിരപ്പെണ്ണിന്‍റെ പൊന്നാടയാകുന്നു
പുള്ളുവന്‍പാട്ടിന്‍റെ ഈണമാകുന്നു
നാവേറുപാട്ടിന്‍റെ നേര്‍വഴിയാകുന്നു
അരിമാവു തീര്‍ത്തുള്ള കോലമാകുന്നു
മാമലനാടിന്‍ മാമാങ്കമാകുന്നു
പൂരപ്പറമ്പും പുലിയുമാകുന്നു
പുന്നമടയിലെ ജലകേളിയാകുന്നു
മാവേലിനാടിന്‍റെ ഓര്‍മ്മയാകുന്നു
ഐതിഹ്യകഥക്കെട്ടുകളാകുന്നു
നിത്യവസന്തലഹരിയാകുന്നു
എല്ലാരുമൊന്നുള്ള ചിന്തയാകുന്ന
അല്ലല്‍മറക്കും കാലമല്ലോ ഓണം
💐💐🙏🙏💖💖🙏