പൊന്നോണത്തിനു
പൂക്കളം തീർക്കാൻ
മുക്കുറ്റിപ്പൂവന്നല്ലോ
വാർമഴവില്ലിൻ മഞ്ഞയിലിത്തിരി
നുള്ളിയെടുത്തു ജമന്തിപ്പൂ
ആമ്പൽപ്പൂവിൻ കൈയ്യുപിടിച്ചു
ചിറ്റാടപ്പൂ വന്നല്ലോ
തിത്തെയ് തക തെയ് പാടിപ്പാടി
പിച്ചകമൊട്ടുവരുന്നുണ്ടേ..
പനിനീർമലരുകൾ നിരയായ് വന്നു
സുഗന്ധച്ചെപ്പു തുറന്നല്ലോ
കുങ്കുമമെല്ലാം വാരിപ്പൂശി
തെച്ചിപ്പൂവുമണഞ്ഞല്ലോ
ഓണത്തപ്പനു നൈവേദ്യവുമായ്
മന്ദാരപ്പൂ നിൽക്കുന്നു
കോളാമ്പിപ്പൂ പുഞ്ചിരിതൂകി
പമ്മിപമ്മി വരുന്നല്ലോ
വെൺതൂമഞ്ഞിൻ പുടവയണിഞ്ഞു
തുമ്പപ്പൂവുമുണ്ടല്ലോ
ആവുമ്പോലെ പുഞ്ചിരി തൂകി
കൊച്ചരിപ്പൂക്കളുമെത്തുന്നൂ
തോരണമിട്ട കുരുത്തോലയുടെ
തുമ്പത്തൂഞ്ഞാലാടുന്നു
ചെമ്പട്ടിൻപാവാടക്കാരി
ചെമ്പരത്തിസുന്ദരിയാൾ
നക്ഷത്രംപോൽ ശോഭയുമായി
നന്ത്യാർവട്ടമിരുന്നല്ലോ
തുമ്പിതുള്ളി കവുങ്ങിൽ പൂക്കുല
കുണുങ്ങിക്കുണുങ്ങിവരുന്നുണ്ടേ
പൂക്കളനടുവിൽ റാണിചമയാൻ
ചെന്താമരയുമെഴുന്നെള്ളി
പൊന്നോണത്തിരുകോടിയുടുത്തു
ചെമ്പകറാണിയെഴുന്നെള്ളി …
ആരാണിനിയും വരാത്തതെന്നു
ശംഖുപുഷ്പം ചോദിപ്പൂ
പൊന്നോണത്തിനെ വരവേൽക്കാനായ്
കേരളമാകെയൊരുങ്ങുന്നു.
പൂക്കുലച്ചന്തം നിറപറ വച്ചൊരു
തിരുവോണനാളിലെ തിരുമുറ്റം
വല്ലംനിറഞ്ഞു ഇല്ലംനിറഞ്ഞു
പറയുംനിറഞ്ഞു തിരുമുറ്റം🌺

അൽഫോൻസാ മാർഗരറ്റ്


By ivayana