രചന : ശ്രീകുമാർ എം പി✍
ഓടിവാ ഓമനകളെ
ഓണം വരുന്നു
ആടിടുന്നാ പൂക്കളെല്ലാം
നിങ്ങളെ നോക്കി
പാറിവന്ന പൈങ്കിളികൾ
പാടിടുന്നെ
ഊരുചുറ്റും തുമ്പികള്
തുള്ളിടുന്നെ
മൂടിവച്ച വർണ്ണച്ചെപ്പു
തുറന്നുപോയെ
മുറ്റത്തു പൂക്കളങ്ങൾ
വിടർന്നു വന്നെ
മുല്ലപ്പൂ ചൂടി നല്ല
യംഗനമാര്
ചുവടുവച്ചു ചേലോടെ
യാടിടുന്നെ
മുക്കുറ്റിപ്പൂക്കളുടെ
ചിരികൾ കണ്ടൊ
മൂവ്വാണ്ടൻ മാങ്കൊമ്പിലെ
യൂഞ്ഞാൽ കണ്ടൊ
ചന്ദനച്ചാർത്തണിഞ്ഞ
മാനം കണ്ടുവൊ
ചിന്തകൾ പൂക്കുന്ന
മണ്ണ് കണ്ടുവൊ
മൂടിനിന്ന കാർമുകില്
പെയ്തൊഴിഞ്ഞു
മൂളിവന്നു കാർവണ്ടുകൾ
മധുരമുണ്ണാൻ
ആലിലകളാടിടുന്ന
ചിലമ്പൊലി കേട്ടൊ
ആവണിപ്പൂക്കളുടെ
ചിരികൾ കണ്ടുവൊ
ചന്തമേറും ചെന്തെങ്ങിൻ
കാന്തി കണ്ടുവൊ
ചാമരം വീശുന്ന
മരങ്ങൾ കണ്ടുവൊ
പൂന്തെന്നലടിയ്ക്കുന്നു
നാടുനീളെ
പൂമണമെവിടെയും
നിറഞ്ഞിടുന്നു
ആരവം കേട്ടതില്ലെ
അരുമകളെ
അങ്ങുനിന്നും തമ്പുരാ-
നെഴുന്നള്ളുന്നു
തോരണങ്ങൾ തൂക്കുക
നാടുനീളെ
ദീപം കൊളുത്തുക
വീടുതോറും
പൂക്കളമൊരുക്കുക
യങ്കണത്തിൽ
പൂക്കൾ വിതറുക
വീഥികളിൽ
ഓടിവാ ഓമനകളെ
ഓണം വരുന്നു
ആടിടുന്നാ പൂക്കളെല്ലാം
നിങ്ങളെനോക്കി.