ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഒന്നിച്ചു കൂടുക, ഒന്നിച്ചു പാടുക
ഓണം..ഓണം..തിരുവോണം
ഒന്നിച്ചു ചേരുക, ഒന്നിച്ചൊന്നാടുക
വേണം വേണം തിരുവോണം

പിന്നോട്ടു നോക്കുക, മലനാടു കാണുക
മാവേലി വാണൊരു കാലമില്ലേ?
പിന്നീടാ കാലത്തെ മാറ്റിമറിച്ചത്
മലയാള മണ്ണിനു കളങ്കമല്ലേ?

ഒരുവരം മാത്രം കൈകൂപ്പി വാങ്ങിയ
രാജാക്കന്മാരുലകിൽ വേറെയുണ്ടോ?
പ്രജകളെ കാണുവാൻ, നാട്ടിലൊന്നെത്തുവാൻ
രാജാക്കന്മാർക്കിന്ന് നേരമുണ്ടോ?

മാനവരെല്ലാരും ഒന്നുപോലാകണം
മന്ത്രമതു കേട്ടു വളർന്നവർ നാം
മറന്നതീ മന്ത്രം മാത്രമല്ലോർക്കുക
മനുഷ്യത്വം തന്നെ കൈവിട്ടുവല്ലോ?

വലുതിനും വലുപ്പം കൂട്ടുന്ന കാലം
വലിപ്പച്ചെറുപ്പം നാം വലിച്ചെറിയാം
മലയാള മക്കൾ തുല്യരായ് കാണുവാൻ
തിരുവോണ നാളിൽ കൈ കോർത്തു വെക്കാം

വരും തലമുറകൾ അറിയട്ടെ, പറയട്ടെ
മാവേലി നാടുവാണൊരാ പുണ്യ കാലം
അതു നിത്യ ജീവിത വീഥിയിൽ തെളിയിക്കാം
അതിലേക്കു നാമൊന്നിച്ചു നടന്നു നീങ്ങാം

ഈ മണ്ണിൽ പുലരണം സ്വപ്നങ്ങളൊന്നായി
മാവേലി നാടുവാണ കാലമായി……
ഓരോ ഓണവും ചുവടുവെപ്പാകട്ടെ
ഒന്നുപോൽ മനുഷ്യനീ മണ്ണിൽ വസിക്കാൻ

ശിരസ്സിൽ ചവുട്ടി താഴ്ത്തിയ രാജാവ്
ശിരസ്സുയർത്തിയിന്നും നിൽക്കുന്നു മുന്നിൽ
ശിരസ്സുയർത്തിത്തന്നെ നിൽക്കണം നമ്മൾ
മലയാളി…..അതുപോലെ തലയുയർത്തി

അതാവട്ടെ മഹാബലി തമ്പ്രാനു നൽകുവാൻ
മനസ്സുകൾക്കുള്ളിലെ ആശംസയെന്നും
ആ ഒരു കാലം കണ്ടു കണ്ണടയുവാൻ
ആത്മമന്ത്രമായതു ഹൃത്തിൽ ചേർത്തു വെക്കാം..

മോഹനൻ താഴത്തേതിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *