തുഷാര രേണുക്കൾ
വീണുടഞ്ഞ മരുഭൂമിയിൽ
തോൽവിയുടെ പൂമ്പൊടികൾ
ചിറകുയർത്തി വിരിഞ്ഞ
ഒട്ടകദേശത്തെ പൂവാടിയിലാണ്
എന്റെ മുനയൊടിഞ്ഞ പ്രാണന്റെ
ദാർശനിക മുൾച്ചെടികൾ
പടർന്ന് വളർന്ന് പുഷ്‌പ്പിതമായത്
മുറിവുകൾ ഉണങ്ങാത്ത
ചകിതഹൃദയവുമേന്തി
മറുമരുന്നില്ലാത്ത വിധിയുടെ
സ്വാഭാവിക താളങ്ങളിൽ
സ്വയം സൃഷ്‌ടിച്ച ആകാശങ്ങളിൽ
ഓണപ്പുടവകൾ നെയ്ത്
കരളിന്റെ കാവ്യമുറ്റത്തെ
ഇളങ്കാറ്റിൽ ഞാനിരിക്കുമ്പോൾ
പച്ച പട്ടുചേലചുറ്റിയ
കിഴക്കൻവനമേഖല താണ്ടി
പാടിവരുന്നു കുമ്മാട്ടികൾ
നിരനിരയായ്
ഉത്രാടപ്പുലരിയിൽ
ഹൃദയം നിറഞ്ഞ് പ്രണയം വിളഞ്ഞ
തെളിവാനത്തിൽ
കതിരുപോൽ വിരിഞ്ഞ
നിന്റെ സ്നേഹഹാസം
ഒളിഞ്ഞു സുമിതമാകുന്നത്
ഞാനറിയുന്നു പതിയെ
ഹൃദയ മുകുരത്തിൽ വിടർന്ന
പവിഴക്കിനാക്കളേ…
ശലഭ,കുസുമങ്ങളേ…

ജയരാജ്‌ പുതുമഠം.

By ivayana