രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ✍
പിന്നെയും വന്നുവോ പൊന്നോണമേ നീ
എന്നെയും തേടി നിനച്ചിരിക്കാതെ.
എന്നോ മറന്നുഞാൻ വെച്ചുപോയോ – രെൻ ,
പൊൻ കിനാശേഖരം തോളിൽ ചുമന്നു.
“ങുഹും, ങുഹും” തിരുമഞ്ചൽ മൂളലി –
ലെങ്ങോ നിന്നിന്നു വന്നുചേർന്നങ്ങുന്നു.
തമ്പുരാൻ വന്നെന്നറിഞ്ഞു, ചേലുള്ള,
അൻപോടടിയൻ്റെ പൂക്കളം തീർത്തു.
തൃക്കാക്കരപ്പൻ്റെ കോലം നിരത്തി
തൃക്കൺപാർക്കാനൊതുങ്ങി ഞാൻ – നിൽക്കവേ,
തിരുമെയ്യോടെന്നെയും ചേർത്ത – ണച്ചങ്ങ് ,
നെറുകയിൽ തന്നു തിരുമുത്തവും!
കാതിൽ മധുര ശ്രുതി മീട്ടിപ്പാടി
കാലം കെടുത്താത്ത കാവ്യശ്ശീലിമ്പം!
“മാവേലി നാടു വാണിടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ “
കഥയും,കാലവും, കനവും നെയ്ത
കസവിന്നുടയാട ഓണമഴക് !
കാലങ്ങളെത്രയിഴഞ്ഞെങ്ങു പോകിൽ
കാമന പൂത്തൊരീ വാസന്തോത്സവം
മാമലനാട് മറക്കില്ല, മായ്ക്കില്ല
മാവേലി മാതൃകാനാഥനേവർക്കും !
….