ഓണം വന്നാലും
ഉണ്ണി പിറന്നാലും
എനിക്കു കഞ്ഞി
കുമ്പിളിൽ തന്നെ.
കാണം വിറ്റു
ഓണം ഉണ്ണണമെന്നാണ്
പഴമൊഴിയെങ്കിലും
എന്റെ കാണം
പണ്ടെങ്ങോ
ദ്രവിച്ചു പോയി.
വാമനനായി
ജനിക്കണമെനിക്ക്,
ഒരിക്കൽ കൂടി
അഭിനവരാവണരുടെ
അധികാരശിരസ്സിൽ
മാറ്റിച്ചവിട്ടണം.
പാതാളമാവേലിയെ
തിരിച്ചുവിളിച്ചു
പ്രായശ്ചിത്തം ചെയ്യണം.
ഇനിയൊരു
ജന്മമുണ്ടെങ്കിൽ
വില കൂടിയ
പുത്തൻ കാറുകൾ
വില്ക്കുന്നൊരു
കടയെങ്കിലും
സ്വന്തമായി തുടങ്ങണം.
ഈ ജന്മത്തിൽ
കാറില്ലാത്തതിനാൽ
എന്റെ നിസ്വാർത്ഥ സ്നേഹം
ഉപേക്ഷിച്ചുപോയ
ചങ്ങാതിമാർ
കാറു വാങ്ങാനായി
എന്റെ ഷോറൂമിനു മുമ്പിൽ
ക്യൂ നിൽക്കുന്നതു
സാഭിമാനം കാണണം.
ഒരു കസേരക്കടയും
തുടങ്ങണമെനിക്ക്,
അധികാരക്കസേരക്കായി
എന്നെ തള്ളിപ്പറഞ്ഞ
സ്നേഹിതന്മാർ
എന്റെ ഫർണിച്ചർ
കടയ്ക്കുമുമ്പിലെ
നീണ്ട ക്യൂവിൽ
ക്ഷീണിച്ചു നില്ക്കുന്നത്
കള്ളച്ചിരിയോടെയെനിക്ക്
ആസ്വദിക്കണം.
ഗന്ധർവ്വനായി
ഒരിക്കൽ കൂടിയെനിക്കു
പുനർജനിക്കണമല്ലോ.
വിരൂപനെന്നാക്ഷേപിച്ചു
എന്റെ പരിശുദ്ധ പ്രണയത്തെ
തിരിച്ചറിയാതെ
സമ്പന്നനോടൊപ്പം
ചേക്കേറിയ
പ്രിയതമയെ
മോഹിപ്പിക്കണം.
എനിക്കൊരുവട്ടമെങ്കിലും.
ഒരു ഗ്രന്ഥപ്പുരയെങ്കിലും
തുടങ്ങുമല്ലോ ഞാൻ.
വായനാദാഹത്താൽ
പുസ്തകങ്ങൾ
യാചിച്ചുചെന്നപ്പോൾ
പുച്ഛത്തോടെയെന്നെ
പറഞ്ഞുവിട്ട
ബുദ്ധിജീവിയുടെ
മേലങ്കിയണിഞ്ഞ
അല്പന്മാരോടെനിക്കു
പ്രതികാരം ചെയ്യണം.

ഷറീഫ് കൊടവഞ്ചി

By ivayana