ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

തറയിൽ വീടെന്നാണ് അടുത്ത വീട്ടിലെ അമ്മയുടെ തറവാട് പേര്,
വിശാലമായ പറമ്പിൽ ഒരു തറവാട്,
തറവാട്ടിലേക്കുള്ള വഴിയുടെ വലതു ഭാഗത്തായിരിന്നു ഞങ്ങളുടെ വീട്,
അമ്മയുടെ മൂത്തമകൾ സുധർമ്മ അക്കയുടെ ( ഞങ്ങൾ ഓണാട്ടുകരക്കാർ ചേച്ചിമാരെ അക്ക എന്ന് വിളിക്കാറുണ്ട് ) മകൻ കണ്ണനും ഞാനും സമപ്രായക്കാരാണ്, ആശയും, രശ്മിയും ഏട്ടന്റെ കൂട്ടുകാരികളും,
തറയിൽ അമ്മയുടെ ആൺമക്കൾ ഓക്കെ പട്ടാളത്തിലും, ചെന്നൈയിലുമൊക്കെയാണ്,
ഓണത്തിന് അവരൊക്കെ ഒത്തുകൂടും,
ഞങ്ങളുടെ വീടുമായി അവർക്ക് അയൽ ബന്ധത്തിനുമപ്പുറം ഹൃദയങ്ങൾ തമ്മിലുള്ള ഒരു ബന്ധം നില നിന്നിരുന്നു,
അധ്യാപകനായിരുന്ന എന്റെ ഉപ്പയെ അവർക്ക് വല്യ ബഹുമാനവും സ്നേഹവുമായിരുന്നു,
സുഖമില്ലാതെ ഉപ്പ കിടന്നിരുന്നപ്പോൾ വൈകുന്നേരത്തെ ചായ അമ്മയുടെ വകയായിരുന്നു,
ഉപ്പയുടെ മരണം ഞങ്ങളെ വല്ലാതെ തളർത്തിയപ്പോൾ അമ്മ ഞങ്ങൾക്ക് ആശ്വാസമായി
തറയിൽ വീട്ടിലെ വിശാലമായ അടുക്കളയിൽ ഞങ്ങൾക്ക് അമ്മ ഭക്ഷണം ഒരുക്കി,
കണ്ണനും ഞാനും ഒരുപോലെ വളർന്നു,
അത്തം ഒന്നുമുതൽ ഞാൻ തറയിൽ വീട്ടിലായിരിക്കും, ഓണം ഒരുക്കുന്നതിൽ ഞാനും അവരിൽ ഒരാളായി അവർക്കൊപ്പം,
ഉത്രാട സന്ധ്യയിൽ അമ്മ ഒരു കുട്ടയിൽ കായ വർത്തതും മറ്റു പലഹാരങ്ങളുമായി അടുക്കളഭാഗത്തേക്ക് വന്നു കൊച്ചേ.. എന്ന് നീട്ടി വിളിക്കും,
ഉമ്മ ആ വിളികാത്തിരിക്കുന്നതുപോലെ എന്തോ…എന്ന് ഉത്തരം നൽകി അമ്മ തരുന്ന പലഹാരം വാങ്ങും,
അമ്മയുടെ അടുക്കള ഭാഗത്തേക്ക് ഹൃദയങ്ങൾ കടം കൊടുത്തിരുന്ന ഒരു വഴിയുണ്ട്.
ഉത്രാട രാത്രിയിൽ തറയിൽ വീട്ടിൽ നിലാവിറങ്ങിവരും,
ഓണപുലരിയിൽ അമ്മ തരുന്ന ചായ കുടിച്ചുകൊണ്ട് ഓണാഘോഷത്തിൽ ഞാനും പങ്കാളിയാകും,
.
ഇലയിട്ട് ഓണ സദ്യ വിളമ്പി അമ്മ ഞങ്ങളെ ഊട്ടും,
മധുരമുള്ള ഓണങ്ങൾ ഞങ്ങൾ ഒന്നിച്ചു കൊണ്ടാടി,
അമ്മ ആദ്യം പോയി, മക്കളൊക്കെ പല സ്ഥലത്തുകളിലായി, എങ്കിലും ഇന്നും ആ തറവാട്ടിൽ കൊച്ചുമകനും, എന്റെ കളി കൂട്ടുകാരനുമായ കണ്ണനും കുടുംബവും താമസിക്കുന്നുണ്ട്,
ഇപ്പോഴും ഞങ്ങൾ ഹൃദയങ്ങൾ കടം കൊടുക്കുന്ന ആ വഴയിൽ കണ്ടുമുട്ടാറുമുണ്ട്,
പ്രിയർക്ക് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ♥️♥️♥️

By ivayana

Leave a Reply

Your email address will not be published. Required fields are marked *