രചന : ജിബിൽ പെരേര✍
ഇക്കുറി ഓണത്തിന്
മുറ്റത്ത് ഒരു കുഴിയാന
കുഴി കുത്തുന്നത് നോക്കി
ഞാനിരിക്കുന്നു.
ഒരു ഉറുമ്പ്
പൂക്കളമിടാൻ കൂടെകൂടി,
ഞാനെടുത്ത ഒരു തുമ്പപ്പൂവിനെ
മെല്ലെ തൊട്ട് സഹായിച്ചു.
കാക്കകൾ എനിക്ക് വേണ്ടി
എത്ര വിരുന്നുവിളിച്ചിട്ടും ആരും വന്നില്ല.
പായസത്തിന് മധുരം പോരെന്ന്
ഒരു ഈച്ച പരാതി പറയുന്നു.
മീൻകറി ഇല്ലാത്ത സദ്യ ബഹിഷ്കരിച്ച്
എന്റെ പൂച്ചക്കുട്ടി സമരം ചെയ്യുന്നു.
ഒരു മഴയെങ്കിലും പെയ്തെങ്കിൽ
തണുപ്പെങ്കിലും വന്നേനെ.
ഇത്തവണ മാവേലി വന്നാൽ
ഞാൻ മറ്റെങ്ങും വിടില്ല.
ഒരു കമ്പനി കൂടിയിട്ടേ പറഞ്ഞയക്കൂ
ഇല്ലേൽ അടുത്ത തവണ
ഞാൻ ഓണത്തിനുണ്ടാകില്ലെന്ന്
ശപഥം ചെയ്യും.
ആരോ വിളിക്കുന്നു.
തോന്നലാകല്ലേ
ഒരു ഭിക്ഷക്കാരനെങ്കിലും ആയാൽ മതി.
എങ്കിൽ കൂടെയിരുത്തി
മതിയാവോളം
സദ്യയും പായസവും നൽകിയേ പറഞ്ഞയ്ക്കുള്ളൂ…
ഉറപ്പ്…
തത്തേ, മൈനേ, കിളിയേ,
പാറ്റേ, പുഴുവേ..പല്ലിയേ …വാ…
എന്റെ വീട്ടിലേക്ക് വാ…
നമുക്ക് ഓണം ആഘോഷിക്കാം.