രചന : സാഹിത പ്രമുഖൻ ✍
വന്നു മഹാബലി കേരളത്തിൽ തൻ്റെ
പൊന്നു പ്രജകളെ കാണാൻ പതിവുപോൽ!
ചിങ്ങമാസത്തിൽ തിരുവോണ നാളിലാ
മന്നവനെത്തി ഗൃഹാതുരത്വത്തോടെ…
” പയ്യെ” നടന്നു മഹാബലി നമ്മുടെ
“പബ്ലിക്ക് “റോഡിലൂടേറെയായാസമായ് .!
കുണ്ടും കുഴികളും കണ്ടിട്ടു മന്നവൻ
ചിന്തിച്ചു പോയി ” തെൻ പാതാളമോ ശിവ”.!
മുമ്പുതാൻ വന്നപ്പോളുണ്ടായനുഭവം
കൊണ്ടു തൻ “വേഷ”ങ്ങളൊക്കെ മറച്ചൊരു
മുണ്ടു മാത്രം ധരിച്ചേറെയടുത്തൊരു
രണ്ടു നില വീട്ടിൽ ചെന്നോ” ണമുണ്ണാൻ” !
സദ്യവട്ടങ്ങളൊരുക്കും തിരക്കൊന്നു –
മെങ്ങുമേ കാണാതുഴന്നു മഹാബലി..
തൻ്റെ പ്രജകളീയോണ നാളിൽപ്പോലും
പട്ടിണിയാണോയെന്നോർത്തു വിഷണ്ണനായ്
മുറ്റത്തൊരു കോണിൽ കുത്തിയിരുന്നു ,
താൻ നാടുഭരിച്ച നാളോർത്തു പോയി..
മാസപ്പടിയില്ല ബിരിയാണിച്ചെമ്പില്ല
സ്വർണ്ണ കള്ളക്കടത്തൊന്നുമില്ല!
പെൺവാണിഭമില്ല ഗുണ്ടായിസമില്ല
മാഫിയാ സംഘങ്ങളെങ്ങുമില്ല.!
സ്വപ്നയും സരിതയും ശിവശങ്കരനും
കള്ളനാമേഡീജീപ്പീ യുമില്ല..!
പോളിറ്റ്ബ്യൂറോയില്ല ഹൈക്കമാൻ്റില്ലന്ന്
ഇൻഡിയാമുന്നണി എന്നൊന്നില്ല…
വ്യാജ ദൈവങ്ങളും വ്യാജ മദ്യങ്ങളും
സ്ഫോടനം പീഡനം എന്നു വേണ്ട
കേട്ടാലറപ്പുളവാകുന്ന കേരള നാടിൻ്റെ
യിന്നത്തവസ്ഥയോർത്ത്
സങ്കടം കൊണ്ടു സഹിയ്ക്കാതൊരു
ചെറു കുഞ്ഞിനെപ്പോലെ കരഞ്ഞു പാവം..
പിന്നെയുമൊട്ടു കഴിഞ്ഞപ്പോൾ മാവേലി
കണ്ട,താവീടിൻ്റെ മുന്നിലായി
സിറ്റിയിലേറെ പ്രശസ്തമായുള്ളൊരു
ഫൈവ്സ്റ്റാർ ഹോട്ടലിൻ വണ്ടി വന്നു
ബ്രേക്കിട്ടതിൽ നിന്നിറങ്ങിടുന്നു പൊതി –
കെട്ടുമായിച്ചിലർ ചിട്ടയോടെ …!
വീടിന്നകത്തേക്കു ചെല്ലുന്നവരുടെ
പിന്നാലെ ചെന്നു മഹാബലിയും..!
ഡാഡിയും മമ്മിയും ഗുണ്ടുമണികളാം
കുട്ടികൾ രണ്ടു പേരുണ്ടവിടെ
കുത്തിയിരിക്കുന്നു ഫോണിലെ സ്ക്രീനിൽ
ചിക്കിച്ചികഞ്ഞെന്തോ നോക്കിടുന്നു..!
ആഗതരെ കണ്ടു,പേരിനുപചാരം
കാട്ടിയവരൽപ്പം ധാർഷ്ട്യമോടെ …!
മേശയ്ക്കു ചുറ്റുമിരിക്കുന്നു ഹോട്ടലിൻ
ജോലിക്കാരൂണു വിളമ്പിടുന്നു..
എന്തെന്തതിശയം! ഹന്ത നാരായണാ!
എന്തിതു സദ്യ കടയിൽ നിന്നോ ?
അന്തംവിട്ടങ്ങിനെ നിന്നു പോയ് മാവേലി
തൻപ്രിയ നാടിന്നവസ്ഥയോർത്ത്….
എങ്കിലും വേണ്ടില്ലൊരു പിടിച്ചോറിനി
യുണ്ണാതെ വയ്യ , വിശപ്പപാരം…
കൈയ്യും കഴുകിയിരിക്കാനൊരുങ്ങവെ
കൈയ്യോടെണീൽപ്പിച്ചു വീട്ടുകാരൻ
‘ഇറങ്ങു വെളിയി’ലെന്നട്ടഹസിച്ചു കൊണ്ടാ –
ളറിയാതയാളാഞ്ഞു തള്ളീ
ഇലയൊന്നിനഞ്ഞൂറുറുപ്പിക നൽകി ഞാ-
നൊരു മാസം മുമ്പേയോർഡർ ചെയ്താ-
ണീവെറും നാലിലച്ചോറിന്നു ഞങ്ങൾക്കു
നാലുപേർക്കും കൂടിയുള്ളതാണ്.’
തട്ടിപ്പിടഞ്ഞെഴുന്നേൽക്കവെ ലോകത്തിൻ
ചക്രവർത്തി ചൊല്ലിയാർത്തനായി-
‘മാവേലിയാണു ഞാൻ മക്കളെ നിങ്ങളെ
കാണുവാനെത്തിയീയോണ നാളിൽ
ഉച്ചയ്ക്കൊരു പിടിച്ചോറു കഴിച്ചിട്ടു
വെക്കമങ്ങെത്തേണം പാതാളത്തിൽ ,
വെറുമൊരിലച്ചോറു മാത്രം
മതിയെനിയ്ക്കതു കൊണ്ടു ഞാനേറെ തൃപ്തനാകും “
പ്ലാസ്റ്റിക്കിലയിലെ ചോറു കുഴയ്ക്കവെ
പയ്യനലറിച്ചിരിച്ചു ചൊല്ലീ:-
എപ്പൊഴേ വന്നു പോയ് മാവേലി ,വാമന –
നൊപ്പമാപ്പിള്ളേരുമൊത്തിവിടെ
പാട്ടുകൾ പാടിക്കളിച്ചു, ഞാൻ നൽകിയ
കാശുമായിട്ടവർ പോയ്ക്കഴിഞ്ഞു!
അമ്മാവനങ്ങോട്ടിറങ്ങേണം, അല്ലെങ്കിൽ
പെൺവാണിഭത്തി” നകത്തു “പോകും!!
ക്രുദ്ധനായ് ച്ചൊല്ലിയാക്കൊച്ചു ചെറുക്കനാ –
വൃദ്ധനെത്തള്ളിപ്പുറത്തെറിഞ്ഞൂ….
നാണയമൊന്നു മുഖത്തേയ്ക്കെറിഞ്ഞു –
കൊണ്ടാഞ്ഞു വലിച്ചങ്ങടച്ചു വാതിൽ..!
സ്വപ്നമോ ? സത്യമോ? എന്തെന്നറിയാതെ
സ്തബ്ധനായ് നിന്നു പോയ് ചക്രവർത്തി !
കണ്ണുകൾ നീറി നിറഞ്ഞൊഴുകുന്നതു –
മൊന്നുമറിഞ്ഞില്ല മന്നവേന്ദ്രൻ!
ഈരേഴു പതിനാലുലോകങ്ങൾക്കൊക്കെയും
രാജാധിരാജനായ് വാണ മന്നൻ
വാഗ്ദാനം പാലിക്കാൻ മൂന്നു ലോകങ്ങളും
ദാനമായ് നൽകിയ രാജരാജൻ
ഒരു പിടിച്ചോറിനായൊരുപാടുവീടുകൾ
കയറിയിറങ്ങി നിരാശനായി…!
കള്ളം പറഞ്ഞു തൻ രാജ്യമപഹരി
ച്ചിന്ദ്രനു നൽകിയ വാമനൻ്റെ
പിന്മുറക്കാർ തന്നെയിപ്പൊഴിക്കേരളം
തിങ്ങി നിറഞ്ഞു വസിപ്പതെന്ന
സത്യത്തെയുൾക്കൊണ്ടു നമ്രശിരസ്കനായ്
സന്താപമോടെ തിരിച്ചു പോയി …😔