രചന : തോമസ് കാവാലം✍
മാവേലിയെ കാത്തിരിയ്ക്കും നേരം
വയ്യാവേലി വന്നു കേറും പാരം
നാടാകെ പൂക്കളമിട്ടു നിൽക്കെ
നാറും കഥകേട്ടുണർന്നു നാടും.
പീഡനമെന്ന പരാതി കേട്ടു
പീഡിതരാകും ജനമിവിടെ
പീഠനമേറ്റുള്ള കന്യകമാർ
കോടതി കേറുന്നു നീതിതേടി.
രാജാവായ് നാട്ടിൽ വിലസിയവർ
രാവാകാൻ നോക്കി പുറത്തിറങ്ങും
നേതാവായ് നാടു ഭരിച്ച താരം
പാതാളം തേടുന്നു പാത്തിരിക്കാൻ.
മാവേലി നാട്ടിലെങ്ങാനും വന്നാൽ
മാനംപോയ് വേഗം തിരിച്ചു പോകും
മാനവരക്ഷ കാംക്ഷിച്ചു വന്നോൻ
മാനവ ശിക്ഷകളേറ്റു പോകും.
നാരിമാർ പീഡിതർ നാടുതോറും
നീതിക്കായി കേഴുന്ന കാലമാകെ
നല്ലവരാരെയും കാണാതവൻ
ഭൂലോകമാകെയുഴറി നീങ്ങും.
മാവേലിവന്നിന്നു നാടു കണ്ടാൽ
മാനുഷ്യരുണ്ടാമോ മന്നിടത്തിൽ
ജാതിമത വൈരചിന്തകണ്ടു
പാതിവഴിയിൽ തിരിച്ചു പോകാം
രാഷ്ട്രീയരംഗവിഴുപ്പുമേറി
രാജാവാകാൻ കരു നീക്കി ചിലർ
രാജാവായന്നു മാവേലി മാത്രം
രാജാക്കന്മാരിന്നു പതിന്മടങ്ങ്.
നീതി നടപ്പിലാക്കേണ്ടവരോ
നീതിപീഠത്തിനു മുന്നിലെത്തും
നന്മ ചെയ്തീടും പൊതുജനവും
പേരും പെരുമയും തേടീടുന്നു.
കള്ളം ചതിയും കൈക്കൂലി പോലും
ഉള്ളതായന്നു നാം കേട്ടിട്ടില്ല
ഇന്നിന്റെ നേർചിത്രമാക്കഥകൾ
മന്നിന്റെ മാതൃകയാക്കീടുമോ?.