ഔദ്യോഗിക ആഘോഷങ്ങളിലെ മതാത്മകത , അതിലൂടെ കടന്നുവരുന്ന സാംസ്കാരിക അധിനിവേശം എല്ലാം ഒരു മതേതര സമൂഹത്തിൽ വിമർശനപരമായിത്തന്നെ ചർച്ച ചെയ്യപ്പെടേണ്ടതാണ് . അതിനെ പ്രതിരോധിക്കുന്നതിന് , വിട്ടുനിൽക്കുന്നതിന് , ബഹിഷ്ക്കരിക്കുന്നതിന് എല്ലാം വിവിധ സമൂഹങ്ങൾക്കും അവകാശമുണ്ട് . തിരുത്തലുകൾ ഏകപക്ഷീയമായി ഉണ്ടാവേണ്ടതല്ല . നാളെ നമ്മുടെ ഊണുമേശയിലെ കറിപ്പാത്രം തുറന്നു കാണിച്ച് ദേശസ്നേഹം തെളിയിക്കേണ്ടി വരുന്ന ഗതികേടിലേക്ക് നമ്മളെ തള്ളിവിടാൻ പോന്ന തരത്തിൽ എന്തെങ്കിലും നമ്മുടെ ഔദ്യോഗിക ആഘോഷങ്ങളിലുണ്ട് എങ്കിൽ , നമ്മളതിനെ കരുതിയിരിക്കണം .
ഓണത്തിൻ്റെ പേരിൽ ഉയർന്ന് വരുന്ന ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും ചോദ്യങ്ങളുമെല്ലാം ഈ മാറിയ കാലത്ത് പ്രതിരോധങ്ങളായിത്തന്നെ കാണേണ്ടതുണ്ട്.

ഓണത്തിന് ഞാനും അവളുമൊന്നിച്ചാണ് പൂക്കൾ പറിക്കാനിറങ്ങുക . നിറയെ ഇടത്തോടുകളും തൈക്കൂനകളും നിറഞ്ഞ ഞങ്ങളുടെ നാട്ടിൽ തോട്ടുവക്കത്തെ കദളിപ്പൂവാണ് പൂക്കളത്തിലെ മെയിൻ ഐറ്റം . വയലറ്റ് നിറത്തിലെ കദളിയും മഞ്ഞ നിറത്തിലെ കരിങ്ങഞ്ഞണത്തിൻ്റെ പൂവും കഴിഞ്ഞാൽ എൻ്റെ വീട്ടുമുറ്റത്ത് തോട്ടിറമ്പത്ത് കുലകുലയായി വിരിഞ്ഞു നിൽക്കുന്ന രക്തനിറമുള്ള തെറ്റി ( തെച്ചി ) പ്പൂവും കൂടിച്ചേർന്നാൽ പൂക്കളം കളറായി . അന്നൊന്നും ഞങ്ങളൊരിക്കലും തുമ്പയോ തുളസിയോ മുക്കുറ്റിയോ തേടി നടന്നിട്ടില്ല . കണ്ണിലിട്ടാൽ കരുകരുക്കാത്ത ഈ പൂവുകൾ എങ്ങനെ പൂക്കളത്തിലിടം പിടിച്ചു എന്ന് ഞാനും അവളും എത്രയോ വട്ടം പറഞ്ഞ് ചിരിച്ചിട്ടുണ്ട് !


വീട്ടിൽ രണ്ട് തെങ്ങുകൾക്കിടയിലാണ് ഊഞ്ഞാല് കെട്ടുന്നത് . അടുത്ത വീട്ടിലെ ചെക്കനോട് മത്സരിച്ചാണ് ആട്ടം . നാട്ടിലൊരുപാട് കുട്ടികളുണ്ട് . ഓണം കുട്ടികളുടേതാണ് . മുതിർന്നവർ തിരക്കിട്ട് പണികളിലായിരിക്കും . വളരെ ചെറുപ്പത്തിലെ എൻ്റെ ഓർമ്മകളിൽ ഇലയുടെ അറ്റത്ത് ബീഫുണ്ട് . വെളുപ്പിനു തന്നെ ഓല കൊണ്ട് മെടഞ്ഞ മാക്കൊട്ടയിൽ ബീഫ് വാങ്ങിക്കൊണ്ട് വന്നിട്ടുണ്ടാകും . പായസം ഉണ്ടായിരുന്നതായി ഓർക്കുന്നില്ല . മാങ്ങയും ഇഞ്ചിക്കറിയും പപ്പടവുമൊക്കെ ഉണ്ടാകും . വർഷങ്ങൾ കഴിയവെ ബീഫ് ഇലയിൽ നിന്ന് മാഞ്ഞ് പോയി . കുറേ നാൾ മുമ്പ് വീട്ടിൽ പോയപ്പോ ഞാൻ പണ്ടത്തെ തീരുവോണ സദ്യയിലെ ബീഫിൻ്റെ കാര്യം ചോദിച്ചു . അപ്പോ എല്ലാവരും കണ്ണുരുട്ടുന്നു ! പറയുന്നത് അവർക്ക് കുറച്ചിലാണെന്ന് തോന്നി . നാടിൻ്റെ കൾച്ചറതായിരുന്നു . തിരുവോണത്തിന് ഇലയിൽ ചിക്കനും മീനും വിളമ്പുന്ന വീടുകൾ ആ നാട്ടിലുണ്ട് . അഞ്ചാമോണത്തിൻ്റെ വള്ളം കളിയാണ് നാട്ടിലെ മുതിർന്നവരുടെ ആഘോഷം .


ഞങ്ങളുടെ സ്കൂൾ കുറച്ച് ദൂരെ ആയിരുന്നു . അവിടെ ഒപ്പം പഠിച്ച ശാന്തിയാണ് അവരുടെ ഓണക്കളികളെപ്പറ്റി എന്നോട് പറയുന്നത് . രാത്രിയും പകലും ആളുകൾ കൂട്ടം കൂടി കളികളിലേർപ്പെടും . മുതിർന്നവർക്കും കുട്ടികൾക്കും ആടാൻ വലിയ ഊഞ്ഞാലുകൾ കെട്ടിയിട്ടുണ്ടാകും . അവൾ പറഞ്ഞ കളികളും പാട്ടുകളുമൊന്നും എനിക്കറിയുകയേ ഇല്ല , അവരുടെ ഓണം വേറൊന്നായിരുന്നു . ഞങ്ങളുടെ നാട്ടിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രം അകലെ മറ്റൊരു ലോകമുണ്ടെന്ന് തോന്നിപ്പിച്ചിരുന്നു അവളുടെ ഓണക്കഥകൾ കേൾക്കുമ്പോൾ .


കോളജിലെത്തുമ്പോഴാണ് ഔദ്യോഗികമായി ആഘോഷിക്കപ്പെടുന്ന ഓണം കാണുന്നത് . ഡിപ്പാർട്ട്മെൻ്റ് തലത്തിൽ പൂക്കള മത്സരമുണ്ട് . ആദ്യമായി സെറ്റുമുണ്ടൊക്കെയുടുത്ത് ഒരു പ്ലാസ്റ്റിക് കവറു നിറയെ കദളിപ്പൂവും കൊണ്ടാണ് പോയത് . പൂക്കളത്തിലെ തുമ്പയ്ക്കും മുക്കുറ്റിക്കും പ്രത്യേകം മാർക്കുണ്ടെന്ന് അവിടുന്നാണറിഞ്ഞത് , ഞാനൊക്കെ അത്ര കാലവുമിട്ടതല്ല ഔദ്യോഗിക പൂക്കളമെന്നും . ആദ്യമായി തൃക്കാക്കരപ്പനെ കാണുന്നത് അവിടെ വച്ചാണ് . പ്രോഗ്രാം കഴിഞ്ഞപ്പോൾ ഡിപ്പാർട്ട്മെൻ്റിന് മുന്നിലെ ഗുൽമോഹറിൻ്റെ ചുവട്ടിൽ എൻ്റെ കദളിപ്പൂക്കൾ കവറോടെ തട്ടിക്കളഞ്ഞു . അത് ആരും പൂക്കളത്തിലിട്ടിരുന്നില്ല . അല്ലെങ്കിലും അത് ഇതളുകൾ കൊഴിഞ്ഞ് വാടിപ്പോയിരുന്നു.


വിവാഹം കഴിഞ്ഞ് തൃശ്ശൂര് ചെന്നപ്പോൾ തിരുവോണ ദിവസം അവിടെ പൂക്കളമല്ല ഇടുന്നത് എന്ന് ഭർത്താവിൻ്റെ ചേട്ടനാണ് പറഞ്ഞത് . അവര് ചെറിയ നാക്കിലയിൽ തൃക്കാക്കരപ്പനെ വച്ച് അരിമാവു കലക്കി ഒഴിച്ച് അലങ്കരിച്ച് തുമ്പപൂക്കളും വിതറിയിട്ട് ആണ് ഒരുക്കിയത് . പത്ത് ദിവസം പത്ത് തരം പൂവിട്ട് പൂക്കളമൊരുക്കിയാണ് എനിക്ക് ശീലം . സദ്യയിലെ കറികളും മാറിയിട്ടുണ്ട് . അവിടെ വയലറ്റ് നിറമുള്ള പയറ് നീളത്തിൽ മുറിച്ചിട്ട് മെഴുക്കുപുരട്ടിയൊക്കെ ഉണ്ടാക്കും സദ്യയ്ക്ക് .
പക്ഷേ മിക്കവാറും സ്ഥലങ്ങളിലെ ഔദ്യോഗിക ഓണാഘോഷത്തിൻ്റെ പൂക്കളവും വിഭവങ്ങളും ഏതാണ്ട് ഒരുപോലെയിരിക്കുന്നതാണ് എൻ്റെ അനുഭവം . അവിടെയെല്ലാം സവർണ്ണതയുടെ സാംസ്കാരിക അധിനിവേശത്തെ ഞാൻ കണ്ടിട്ടുണ്ട് . അല്ലെങ്കിലും സിനിമാനടിയുടെ ഉദ്ഘാടനങ്ങളല്ലല്ലോ , സർക്കാറിൻ്റെ പൊതു ചടങ്ങുകളാണല്ലോ നിലവിളക്ക് കൊളുത്തി തുടങ്ങി വയ്ക്കുന്നത് .


പ്രാദേശികമായ ഭാഷാന്തരങ്ങളുള്ള
ആചാരത്തിലും ആഘോഷത്തിലുമെല്ലാം ഒന്നിനോടൊന്ന് വേറിട്ട ജനതയാണ് മലയാളികളെന്നത് പുതിയ അറിവല്ലല്ലോ . അതിൽ നിന്നെങ്ങനെയാണ് ഓണം മാത്രം മാറിനിൽക്കുക ? ഓണത്തിലൂടെ ഔദ്യോഗികമായി തന്നെ ഒരു സാംസ്കാരിക അധിനിവേശം നടക്കുന്നുണ്ട് . സവർണ്ണമായ പ്രാദേശിക ആഘോഷങ്ങളെ , ആഹാരങ്ങളെ , ചടങ്ങുകളെ എല്ലാം ഔദ്യോഗികമായി ഓണാഘോഷത്തിലൂടെ ഏറ്റെടുക്കുകയാണ് ഇവിടെ ചെയ്തിട്ടുള്ളത് എന്ന് കാണാം . ഒരു സവർണ്ണ ഉത്സവം കലക്കി , ഒരു പാർലമെൻ്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കഴിഞ്ഞ നാടാണിത് ! അത്രയും പവറുണ്ട് ഇത്തരം സാംസ്കാരിക ആഘോഷങ്ങൾക്ക് .
കഴിഞ്ഞ ദിവസം സ്കൂളിൽ നിന്ന് സദ്യയുണ്ട് മടങ്ങുമ്പോൾ എൻ്റെ മകളെന്നോട് ചോദിച്ച ഒരു രസകരമായ ചോദ്യമുണ്ട് : ” പണ്ട് , മാവേലീടെ കാലത്ത് ചിക്കനും മീനുമൊന്നും ഇവിടെ കിട്ടില്ലാരുന്നോ അമ്മേ …. ” എന്ന് . ആളുകളുടെ വായിൽ പച്ചക്കറി നിർബ്ബന്ധിച്ച് തിരുകിക്കയറ്റിയ ഒരു ഫാസിസ്റ്റ് ഭരണാധികാരിയായി നാളെ കുട്ടികൾ മാവേലിയെ മനസ്സിലാക്കിയാൽ നമുക്കവരെ കുറ്റം പറയാനാവുമോ ? ” മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്നു പോലെ … ” എന്ന് പറഞ്ഞാൽ , തൻ്റെ പ്രജകളെ മുഴുവൻ യൂണിഫോമിട്ട് നിർത്തിയ ഭരണാധികാരിയായിരുന്നു മാവേലി എന്നല്ല .
” Equality before the law ” എന്ന ഭരണഘടനാ അവകാശത്തിന് സമാനമായ ഒരു സങ്കല്പനമാണത് .


ഓണത്തിൽ മതചടങ്ങുകൾ ഒന്നും തന്നെയില്ല എന്നിരിക്കിലും , അത് അടിമുടി ഹൈന്ദവമാണ് എന്ന യാഥാർത്ഥ്യത്തെ തള്ളിക്കളയാനാവില്ല . ഓണം വിളവെടുപ്പുത്സവമാണ് എന്ന് പറയുമ്പോൾ , ആരു വിളവെടുത്തു , ആർക്ക് കിട്ടി , ആര് ഉണ്ടു എന്നൊക്കെ ചിന്തിക്കുന്നതോടെ അതിൻ്റെ ഏകാത്മത പൊളിഞ്ഞ് പോകും .
ഔദ്യോഗിക ആഘോഷങ്ങളിലെ മതാത്മകത , അതിലൂടെ കടന്നുവരുന്ന സാംസ്കാരിക അധിനിവേശം എല്ലാം ഒരു മതേതര സമൂഹത്തിൽ വിമർശനപരമായിത്തന്നെ ചർച്ച ചെയ്യപ്പെടേണ്ടതാണ് . അതിനെ പ്രതിരോധിക്കുന്നതിന് , വിട്ടുനിൽക്കുന്നതിന് , ബഹിഷ്ക്കരിക്കുന്നതിന് എല്ലാം വിവിധ സമൂഹങ്ങൾക്കും അവകാശമുണ്ട് . തിരുത്തലുകൾ ഏകപക്ഷീയമായി ഉണ്ടാവേണ്ടതല്ല . നാളെ നമ്മുടെ ഊണുമേശയിലെ കറിപ്പാത്രം തുറന്നു കാണിച്ച് ദേശസ്നേഹം തെളിയിക്കേണ്ടി വരുന്ന ഗതികേടിലേക്ക് നമ്മളെ തള്ളിവിടാൻ പോന്ന തരത്തിൽ എന്തെങ്കിലും നമ്മുടെ ഔദ്യോഗിക ആഘോഷങ്ങളിലുണ്ട് എങ്കിൽ , നമ്മളതിനെ കരുതിയിരിക്കണം .


ഓണത്തിൻ്റെ പേരിൽ ഉയർന്ന് വരുന്ന ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും ചോദ്യങ്ങളുമെല്ലാം ഈ മാറിയ കാലത്ത് പ്രതിരോധങ്ങളായിത്തന്നെ കാണേണ്ടതുണ്ട് .
( ഇതോടൊപ്പമുള്ളത് എൻ്റെ ഭർത്താവ് PK ശ്രീനിവാസൻ്റെ ” ബലിനാട് ” എന്ന പെയിൻ്റിംഗ് ആണ് ) .

By ivayana