രചന : ബിനു. ആർ.✍
ഞാൻ വാമനനെന്നു പറയാതെ
ചൊല്ലുന്നൂ പലരും, ചിലരും
അഹങ്കാരതൃഷ്ണയോടെ
വാഗ്വാദംമുഴക്കും മാബലിമാരെ
ചവുട്ടിത്താഴ്ത്താറുണ്ട് ഇടംകണ്ണിട്ട്
പാതാളത്തോളം
വാക്കിൻമുനകളാകും
കുഞ്ഞിക്കാലടിയാൽ!.
വിദ്യനേടിയാൽ ലോകം നേടിയെന്നു
വമ്പുപറയുന്ന പരിഷകളെ,
ധനം നേടിയാൽ കുബേരനാണെന്ന്
വമ്പത്തരം കാട്ടി അർദ്ധരാത്രിയിലും
കുടപിടിക്കുന്ന മന്നരെ!
ആതുരനിരീക്ഷണം നേരായ
മാർഗ്ഗമല്ലാതെ നേടി, തനാണീശ്വരനെന്നു
നടിക്കുന്ന ഭിഷഗ്വരരെ!
പണം കീശയിലിട്ടുകൊടുത്തു
അംഗീകാരങ്ങൾ
വിലയ്ക്കുവാങ്ങുന്ന സാഹിത്യ –
കുതുകികളെ!
പ്രണയം മനസ്സിലില്ലാതെ
പ്രേമം ഭാവിക്കുന്ന കശ്‌മലരെ,
ജീവിതതേർവാഴ്ചയിൽ പിന്നോട്ടോടുന്ന
ജീവിതേശ്വരരെ!
വാക്കെന്ന കുഞ്ഞിക്കാലടിയാൽ
ഞാൻ പാതാളത്തോളം
ചവിട്ടിത്താഴ്ത്താറുണ്ടിവിടെ.