രചന : നിസാർ റഹീം .✍
കുത്തരി ചോറ് കാണാനില്ല
പുത്തരി ചോറും എവിടേമില്ല
പരിപ്പിന്നുള്ളിൽ പരിപ്പുമില്ല
നെയ്യ് ചേരാത്ത സദ്യയുമായി
പപ്പടം വട്ടത്തിൽ ഏതുമേയില്ല
കഷണം ഒട്ടും സാമ്പാറിലില്ല
കൂട്ടുകറിക്ക് കൂട്ടുകളില്ല
അവിയൽ അവിയലായി തോന്നേമില്ല
തോരൻ നോക്കു, തോലുകൾ മാത്രം
കാളനും ഓലനും കോലത്തിൽ പെട്ടു
എരിശ്ശേരി പുളിശ്ശേരി കൂടെകൂട്ടാൻ
ഇലയിൽ പകർന്നാൽ പുഴ..പോലെ
പച്ചടി കിച്ചടി വെച്ചടിയായി
ഉപ്പേരിയുണ്ട് ഉഗ്രത പൂണ്ട്
കൊണ്ടാട്ടം തട്ടി മൂലയ്ക്കിലയിൽ
രസത്തിനുണ്ടൊരു ക്ളോറിൻ മണം
തൊട്ടുകൂട്ടാൻ അച്ചാറുമുണ്ട്
പാലില്ലാത്ത മോരും തൈരും
പഴം അങ്ങനെ സോഫ്റ്റല്ലാതെ
പായസം അല്ലാത്ത പായസവും
സ്വാമിയെ ഊട്ടാൻ വഴിയില്ലെന്നായി
വരവില്ലാകാലം, ചിലവേറുംകാലം
ചിലവും വിലയും റോക്കറ്റ് പോലെ
വയറുചുരുക്കി മുണ്ടുമുറുക്കി
കൃഷിപെരുമയിൽ പുലർന്നൊരു നാട്
കൃഷിയില്ലാണ്ടായി കാടുംകയറി
കാട്ടുജീവികൾ താവളമാക്കി
നാട്ടുകാരെല്ലാം പൊറുതിയും മുട്ടി
ചുറ്റി പറക്കും തമിഴൻ വണ്ടികൾ
കേരള നാട്ടിൽ ചരക്കും നിറച്ച്
കാണം വിറ്റ് സദ്യയൊരുക്കി
സാദ്യയിലുണ്ടൊരു തമിഴിൻടച്ച്
മിണ്ടാതുണ്ടു രാജാധിരാജൻ
നീരസം ഒന്നും കാട്ടീല പാവം
യാത്ര പറഞ്ഞു പോയിവേഗം
വരുമെന്ന് ചൊല്ലി യാത്രയുമായി