കൂട്ടുകാരീ,
പണ്ടു നമ്മൾ സ്കൂളിൽ പോയി വരാറുള്ളത്ര
ലളിതമാണീ ജീവിതം.
ചോറ്റുപാത്രവും പുസ്തകങ്ങളും
നിറച്ച സഞ്ചിയുമായി നാം പുറപ്പെടുന്നു.
വഴിയിൽ പട്ടിയേയോ
പൂച്ചയേയോ വീടുതോറും കയറുന്ന
ഭ്രാന്തന്മാരെയോ കണ്ട് പേടിക്കുകയോ
സന്തോഷിക്കുകയോ
ഓടിയൊളിക്കുകയോ ചെയ്യുന്നു.
സ്കൂളിലെത്തിയാൽ
കൂട്ടരോടൊത്ത് കളിക്കുന്നു
ഇടയ്ക്കൊക്കെ പിണങ്ങി
മിണ്ടാതിരിക്കുന്നു.
ഒടുക്കം
പാഠങ്ങളെല്ലാം പഠിക്കാൻ ശ്രമിച്ച്
ചിലപ്പോഴെല്ലാം മുന്നേറിയും
ചിലപ്പോഴെല്ലാം ചുവന്ന മഷിയിലുള്ള തെറ്റുകളേറ്റും
വീട്ടിലേക്ക് മടങ്ങുന്നു
പുസ്തകസഞ്ചി വലിച്ചെറിഞ്ഞ്
അത്താഴം കഴിച്ച്
അമ്മയുടെയും അച്ഛൻ്റെയും നടുക്ക് കിടക്കുന്നു.
കൂട്ടുകാരീ , ഇത്ര സങ്കീർണതയേയുള്ളൂ
നമ്മുടെ ജീവിതത്തിന്.
ജീവിതത്തിലെ വലിയ
അനുഷ്ഠാനങ്ങളുടെ
ചെറുപതിപ്പുകളിലൂടെ
ചെറുപ്പത്തിലേ നമ്മൾ കടന്നുപോയി.
ചെറുപ്പത്തിൽ നമ്മളുണ്ടാക്കിയ വീട്
നമ്മൾ വലുതാവുമ്പോൾ
വലുപ്പത്തിൽ വെക്കുന്നു.
ചെറുപ്പത്തിൽ
അമ്മയോ അച്ഛനോ ആയി
ആടിയതിനേക്കാൾ
ഒരൽപ്പം കടുപ്പത്തിൽ
വലുപ്പത്തിൽ നമ്മളാടുന്നു.
സത്യത്തിൽ
ചെറുപ്പത്തിൽ നമ്മൾ കണ്ട
ആ ചെറിയ ജീവിതം തന്നെയാണിത്.
നമ്മൾ വളർന്നപ്പോൾ
അതും നമ്മുടെ കൂടെ
ഒരൽപ്പം വളർന്നുവെന്നേയുള്ളൂ.
ഇതിനെ പേടിച്ചിട്ടെന്ത്?
ഇതിനെക്കുറിച്ച് സങ്കടപ്പെട്ടിട്ടെന്ത്?
വഴിക്കു വരാഞ്ഞ
എല്ലാ പാഠപുസ്തകങ്ങളും
വലിച്ചെറിഞ്ഞ്
അവസാന അത്താഴവും കഴിച്ച്
ഒരു നാൾ നാം നിശ്ചയമായും
അച്ഛനോടും അമ്മയോടുമൊപ്പം
ഉറങ്ങാൻ പോവും.

കുട്ടുറവൻ ഇലപ്പച്ച

By ivayana

Leave a Reply

Your email address will not be published. Required fields are marked *