രചന : ലിൻസി വിൻസെൻ്റ്✍
ഒരുമഹാമൗനത്തിൻജാലകത്തിൽ കൂടി
വെറുതെവിചാരിപ്പുവ്യഥകളില്ലാതെ…
ഒരു പൂവിലെല്ലാ വസന്തവും തീർത്തിടാം
ഒരുജന്മമിനിയുംപറയുവാനുണ്ടോ…
മഴനിലയ്ക്കാത്തൊരാതീരത്തു പോകാം
മണൽത്തിരതൂവൽപൊഴിക്കുന്നുവീണ്ടും…
നനയാംവിരൽതുമ്പുചേർത്താവഴികളിൽ
അതിരുകളില്ലാതെപെയ്തൊരു മഴയിൽ…
പൂത്തുനിൽക്കുന്നിതാ മന്ദസ്മിതങ്ങളിൽ
ചാർത്തുന്നു ചന്ദനം ഹേമന്ദ ചന്ദ്രിക…
ചിലമാത്രപകൽമുന്നിലെത്തിടും നേരം
ചിറകുരുമ്മുന്നൊരാ പ്രാവുകൾപോലെ…
സ്മൃതികളുണർത്തുന്ന ഗന്ധം തിരയാം
അറിയുന്നൊരാശ്ലേഷചെമ്പകഗന്ധം…
നിറയുകയാണുള്ളിൽനനവാർന്നനൊമ്പരം
നെറുകയിലൊരുദീർഘചുംബനം പോലെ…
മധുരമായ് ചൊല്ലിനുകർന്നവാക്കിൻകണം
മൃദുസ്മേരമോടെപുണർന്നുനില്ക്കുന്നുവോ…
നേർത്തൊരുനെഞ്ചിൽമുഖംചേർത്തു ചൊന്നതോ
നീർമിഴിത്തുവലാൽസ്നേഹപകർച്ചകൾ…
പറയുവാനാകാതെ പ്രാണൻ്റെ ഖേദങ്ങൾ
പടരുന്നുകണ്ണിൽകരൾനേരുകൾ തന്നെ…
നേരുവായിക്കുവാൻപരസ്പരം കാലങ്ങൾ
പോരാതെപിന്നെയുംപൊള്ളുന്നു നെഞ്ചകം…
കഥകൾപറഞ്ഞൊരാരാവിൻ്റെ സ്പന്ദവും
കവിയാത്തസ്നേഹക്കരാറിൻ്റെ മന്ത്രവും…
അതിഗൂഢമാകുമിഅനുരാഗവായ്പ്പുകൾ
അറിവീലഅകതാരിൽതീർക്കുന്ന ഹർഷം…
പിരിയാതിരിക്കാം ഒരിക്കലും പിന്നെയും
ചൊരിയാത്തകവിതയിൽനിറമാർന്നു ചേരാൻ…
✍️