അപശകുനം തീണ്ടിയ
തെക്കുഭാഗത്തെ പുളിമരം മുറിക്കുന്നതിനെക്കുറിച്ചാണ്
രോഗക്കിടക്കയിലും
ഉമ്മാമ ശ്വാസം മുട്ടിപ്പിടഞ്ഞത്
പുളിമരത്തോടെന്ന പോലെ
വൊജീനത്തോടും ഉമ്മാമാക്ക് ചതുർത്ഥിയായിരുന്നു
ചിരകിയ ചക്കര ചാലിച്ച്
ഉമ്മ ഉമ്മാമയുടെ
പല്ലില്ലാത്ത തൊളളയിലേക്ക്
കഞ്ഞിക്കയിൽ കടത്തുമ്പോൾ
ആ തൊണ്ടയിൽ റൂഹാനിക്കിളി
കുറുകിക്കൊണ്ടിരിക്കും.
പുകയില ഞെട്ടിയും
ഉണക്ക വെത്തിലയും
കുഴഞ്ഞു മറിഞ്ഞ
മുരുക്കു മഞ്ചയിലെ
ചില്ലറത്തുട്ട് പൊറുക്കുമ്പോൾ
വെള്ളി കെട്ടിയ
ഊന്ന് വടി കൊണ്ട്
ഞങ്ങളെ അടിച്ചോടിക്കാനുള്ള
ആരോഗ്യം അന്നുമവർക്കുണ്ട്
മഗ് രിബിക്ക്
മൊല്ലക്കതിയാമു
തലക്കം ഭാഗത്തിരുന്ന്
മൊയ്തീൻ മാല ചൊല്ലും
ഉമ്മാമ ഇബ് ലീസിനെ
കിനാവ് കണ്ട് പിറുപിറുത്ത്
ഞെട്ടിപ്പിടഞ്ഞ്
തെക്കോട്ട് തുറിച്ച് നോക്കും
ഉപ്പ മേനി തടവിക്കൊണ്ട്
ആയത്തുൽ കുർസി
നെഞ്ചിൽ ഊതിക്കൊടുക്കും
അസ്റായീലിനെ
ദൂരെ കാണുമ്പോൾ
ഉമ്മാമ കോസടി ചുരുട്ടിയും
കോളാമ്പി ചവിട്ടിയും
ഞെട്ടിപ്പിടഞ്ഞെണീറ്റ് കിതക്കും
അമ്മായി ബദ് രീങ്ങളെ വിളിച്ച്
അടുക്കളയിലേക്ക് പായും
ഉപ്പും മുളകും അടുപ്പിലിട്ട്
ശൈത്താനെ പുകച്ച കളയും
ക്രമേണ ബോധത്തിലേക്ക് വരുമ്പോൾ
ഉമ്മാമ ഉപ്പാക്ക് നേരെ തിരിയും
“അല്ലണ്ണീ, ജാ പുളിമരം ബെട്ടീലേ?”
ഇല്ല;
ആ പുളിമരം
ഉപ്പ ഒരിക്കലും വെട്ടിയില്ല
അന്ധവിശ്വാസത്തിന്റെ
അടിവേര് തന്നെ വെട്ടിക്കളയാൻ
ശപതം ചെയ്ത ഉപ്പ
പൂമുഖത്തിരുന്ന് മൗദൂദിയെ വായിച്ചു
അതിനിടക്ക്
ആർത്തലച്ച
ഒരു മഴക്കാല രാത്രിയിൽ
പുളിമരത്തിനൊപ്പം
ഉമ്മാമയും കടപുഴകി വീണു.
✍️

ഗഫൂർകൊടിഞ്ഞി

By ivayana

Leave a Reply

Your email address will not be published. Required fields are marked *