കരകളെ കൈവെടിഞ്ഞൊഴുകും
പുഴകളുടെ ചിന്തയെന്താകാം
കനിവുള്ള കടലൊന്നുദൂരെ
കാത്തിരിപ്പുണ്ടെന്നതാകാം .

മധുതേടിശലഭമെത്തുമ്പോൾ
പൂവിന്റെ മനസ്സിലെന്താകാം
കുലമറ്റുപോകാതിരിക്കാൻ-എന്റെ
ഹൃദയംകൊടുക്കുമെന്നാകാം.

വെണ്ണിലാപ്പെണ്ണെത്തിടുമ്പോൾ
രാവിന്റെ ചിന്തയെന്താകാം
ഇരുളാടയൂരിവച്ചിവളിൽ
ഇണചേരുമെന്നായിരിക്കാം.

പൊൻമുളംകുഴലിന്റെയുള്ളിൽ
നിറയുന്ന ചിന്തയെന്താകാം
അനിലന്റെയധരംപതിഞ്ഞാൽ
മധുരമായ് പാടുമെന്നാകാം.

വേനൽ കനക്കുന്നനേരം
മൺപെണ്ണിനുള്ളിലെന്താകാം
ദാഹമാറ്റാൻ പ്രേമതീർത്ഥം-മാരി
മേഘം ചുരത്തുമെന്നാകാം

കരയുന്ന വേഴാമ്പലുള്ളിൽ
ഉരുകുന്നതെന്തുകൊണ്ടാകാം
മഴയല്ല,കൂട്ടിനായ് ചാരെ
ഇണയില്ലയെന്നതാലാകാം.

അഴിമുഖത്തിണചേർന്നപുഴയും
കടലും പറഞ്ഞതെന്താകാം
പ്രണയിച്ചുകൊണ്ടേയിരുന്നാൽ
ഒന്നാകുമെന്നായിരിക്കാം

പള്ളിയിൽ മണികണ്ഠൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *