ഇന്ന് നമുക്ക് മലയാളി എന്നും നെഞ്ചിലേറ്റുന്ന പ്രണയദുരന്ത കാവ്യത്തിലെ നായകനെ സൃഷ്ടിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ളയെയും ‘രമണൻ’ എന്ന കൃതിയെയും കുറിച്ച് അറിയാം.

മലയാള കാല്പനിക കാവ്യ ശാഖയ്ക്ക് എക്കാലത്തെയും മികച്ചതെന്ന് പറയാൻ കഴിയുന്ന ഒരു ക്ലാസിക്കൽ കൃതി തന്നെയാണ് ചങ്ങമ്പുഴയുടെ രമണൻ. 36 വർഷത്തെ ഹ്രസ്വമായ കാലയളവ് മാത്രം ഇവിടെ നടന്നു തീർത്ത, ചങ്ങമ്പുഴ എന്ന നാടിനെ മലയാളത്തിന്റെ നിറുകയിൽ ഒരു തിലകമായി ചാർത്തിയ കൃഷ്ണപിള്ള എന്ന യുഗപ്രഭാവനായ അതുല്യപ്രതിഭ.1911-ൽ ഇടപ്പള്ളിയിൽ ജനിച്ച് 1948 – ൽ വിടപറഞ്ഞ – പ്രൊഫസർ എം കെ. സാനു നക്ഷത്രങ്ങളുടെ പ്രേമഭാജനം എന്ന് വിശേഷിപ്പിച്ച- ആ കാവ്യസൂനം അതിനിടയിൽ രചിച്ചത് 57 കൃതികൾ. രമണൻ എന്ന കാവ്യം പിറക്കുന്നത് അദ്ദേഹത്തിന്റെ 25-ാംവയസിൽ. ആത്മസ്നേഹിതനായിരുന്ന ഇടപ്പള്ളി രാഘവൻപിള്ളയുടെ ആത്മഹത്യ,കവിയിൽ സൃഷ്ടിച്ച തീവ്ര വ്യഥയാണ് രമണന്റെ പിറവിക്ക് പിന്നിൽ എന്ന് പറയപ്പെടുന്നു.

അതിമനോഹരമായ ഒരു ബിംബ കൽപ്പനയിലൂടെ കാവ്യം ആരംഭിക്കുന്നു. വ്യാസ മഹാഭാരതത്തിലെ നളദമയന്തിമാരുടെ കഥയിൽ, സഹോദരനോട് ചൂതിൽ പരാജയപ്പെട്ട ശേഷം ദമയന്തിയെ കാട്ടിൽ ഉപേക്ഷിച്ച് നടന്നകലുന്ന നളൻ സഞ്ചരിക്കുന്ന വനത്തിന്റെ വർണ്ണന വേദവ്യാസൻ നൽകുന്നതുപോലെ ഇവിടെ ഒരു ഗ്രാമഭംഗിയെ പ്രിയ കവി ഒരു ചിത്രം പോലെ വരച്ചുകാട്ടുന്നു.

” മലരണിക്കാടുകൾ തിങ്ങിവിങ്ങി
മരതക കാന്തിയിൽ മുങ്ങി മുങ്ങി
മനവും മിഴിയും കവർന്നു മിന്നി
കറയറ്റൊരാസൽ ഗ്രാമഭംഗി “
എത്ര മനോഹരമാണെന്ന് നോക്കൂ ആ ബിംബ കൽപ്പന. ഇത്തരം ബിംബ കൽപ്പനകൾ കാവ്യത്തിലുടനീളം കാണാം.

രമണന് ചന്ദ്രിയോടുള്ള പ്രണയത്തിനൊപ്പമോ, അതിലപ്പുറമോ ആണ് മദനന് രമണനോടുള്ള സൗഹൃദം. കർണ്ണനും ദുര്യോധനനും പോലെ, തച്ചോളി ഒതേനനും ചാപ്പനും പോലെ,പരസ്പരം ഒന്നും ആവശ്യപ്പെടാത്ത സൗഹൃദം. ചന്ദ്രികയ്ക്ക് രമണനോട് തോന്നുന്നത് ഒരു ഇൻഫാച്ചുവേഷൻ ആണെന്ന് പറയാം. രമണന്റെ പുല്ലാങ്കുഴൽ വായന കേട്ടോ, അവന്റെ ആകാര സൗന്ദര്യം കണ്ടോ ഒക്കെ തോന്നിയ ഒരു ആകർഷണീയത.രമണൻ എത്ര പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും ഒരു മുല്ലവള്ളി പോലെ തന്നിൽ പടർന്നു കയറിയ ചന്ദ്രികയെ അവൻ ഒടുവിൽ എല്ലാം മറന്ന് പ്രണയിക്കുന്നു.ചന്ദ്രിക തനിക്ക് എത്താക്കൊമ്പാണെന്ന് അവന് അറിയാതെയല്ല. കഴിഞ്ഞതെല്ലാം മറക്കണം ഇനി ഒരു സഹോദരിയായി മാത്രം എന്നെ കാണണമെന്ന് ന്യൂജനറേഷൻ കാമുകിമാർ പറയാറുള്ളത് പോലെ ചന്ദ്രിക പറയുന്നതുവരെയും നിസ്വാർത്ഥമായ രമണന്റെ പ്രണയം അവളിലേക്ക് അനസ്യൂതം ഒഴുകിക്കൊണ്ടു തന്നെയിരുന്നു.

എന്നും കാണുന്ന സമയവും, അതിലേറെ സമയവും കഴിഞ്ഞിട്ടും രമണനെ കാണാത്തതിനുള്ള മദനന്റെ ആശങ്കയ്ക്ക് കാവ്യത്തിൽ ഒരു പ്രത്യേക ഭാവഭംഗി തന്നെ നൽകുന്നുണ്ട്. ഒടുവിൽ ചേതനയറ്റ പ്രിയ ചങ്ങാതിയുടെ ശരീരം കാണുന്ന മദനനെ ചിത്രീകരിക്കുന്ന ഭാഗത്തിന് ഒരു പ്രത്യേക ഭാവ തീവ്രത തന്നെയുണ്ട്. വിസ്തരഭയത്താൽ കാവ്യത്തിലെ വരികൾ കൂടുതൽ വർണ്ണിക്കുന്നില്ല. മലയാളി എന്നും മനസ്സിൽ ഒരു നൊമ്പരമായി കാണുന്ന രമണന്റെ ദുരന്തത്തിൽ പര്യവസാനിക്കുന്ന ഈ ഖണ്ഡകാവ്യം ഏതെങ്കിലും ഇംഗ്ലീഷ് കവികളാൽ രചിയ്ക്കപ്പെട്ടതായിരുന്നുവെങ്കിൽ ആ കൃതിയുടെ ഒരു റീച്ച് ഒരുപക്ഷേ ഷേക്സ്പിയർ നാടകങ്ങൾക്കും അപ്പുറമാകുമായിരുന്നു എന്ന ഉപസംഹാരത്തോടുകൂടി അടുത്ത വെള്ളിയാഴ്ച മറ്റൊരു കവിയും കൃതിയുമായി വീണ്ടും കാണാം എന്ന ശുഭപ്രതീക്ഷയോടെ ഇപ്പോൾ ഈ വരികൾ വായിച്ചു കൊണ്ടിരിയ്ക്കുന്ന താങ്കൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട്.

നിങ്ങളുടെ സ്വന്തം
സതീഷ് വെളുന്തറ ✍️

By ivayana

Leave a Reply

Your email address will not be published. Required fields are marked *