ഇരുളിന്റെ ഇതൾ വീണ
ദിനചലനങ്ങളിൽ
പല പല ഈണമായ്
ആലാപനംതീർത്ത
സരളമോഹത്തിൻ
സൗന്ദര്യമീമാംസ
കരളുറച്ച അനുരാഗിയായ്
ഒരുനുള്ള് പ്രണയംനനച്ച
പേനയുമായ് പറന്ന് വന്നു
പകലിന്റെ പുടവമാറ്റി
സർഗ്ഗപുഷ്‌പ്പരഥമേറി

ഒരുതുടം സൗരഭ്യം
കാച്ചിയ തെന്നലിൽ
മൗനിയായ് ഒഴുകിവരൂ
ഈ രാത്രിനിലാവിൻ
ഭ്രമണപഥങ്ങളിൽ
നവരാത്രി കുയിലേ…

ഇത്രനാളാടിയ
ദാരിക പീഠാഗാഥയിൽ
വറ്റിപ്പോയ ഉൾക്കാവിൻ
തീർത്ഥക്കരയിലെ
കൊച്ചൂഞ്ഞാലിൽ
നിസ്വനായി പറ്റിയിരുന്ന്
ശേഷിച്ച തൂലികമുനയാൽ
കുത്തിയൊഴുകുമീ
ജീവസമുദ്രത്തിൻ
തേനല തീർക്കണമിന്ന്
ഈ വിശ്വമഹാക്ഷേത്ര
മുറ്റങ്ങൾ നിറയെ.

ജയരാജ്‌ പുതുമഠം

By ivayana

Leave a Reply

Your email address will not be published. Required fields are marked *