രചന : ബിനു. ആർ. ✍
നിർഭയ :,
നമ്മുടെ മനസ്സിന്റെ നൊമ്പരമായ്
നിറഞ്ഞു നിന്നവൾ,
ഒരു രാത്രിയുടെ ഏകാന്തതയിൽ
തപ്തനിസ്വനമായ്,
ഏറെ കാമാതുരരായവരുടെ
ആഗ്രഹപൂർത്തിക്കിരയായവൾ,
മരിക്കുന്നതിൻമുമ്പേ വേദനകൾ
പലതും നേരിടേണ്ടിവന്നവൾ,
തൻ കാമനകളെ ജീവിതപകുതിയിൽ
കുഴിച്ചുമൂടേണ്ടി വന്നവൾ.
നിർഭയാ :,
നിന്നെക്കാത്തിരിക്കുന്നു,
ഞങ്ങൾ സഹോദരർ, ഒറ്റതന്തയ്ക്കു പിറന്നവർ
ഇരുണ്ട വിജനമാം
വഴിക്കണ്ണുകളിൽ രക്ഷക്കായ്
നീയെത്തുമെന്ന വിശ്വാസജഡില
ധാർഷ്ട്യത്തിനിടയിൽ,
നീതി നിയമങ്ങൾ
നോക്കുകുത്തികളായ് രമിക്കുമ്പോൾ,
ഞങ്ങൾ കാണുന്നൂ, നിൻ
നിർഭയമാം ഇരുണ്ടകൺതടങ്ങളും,
ജീവനുവേണ്ടിപോരാടും തപ്തനിശ്വാസങ്ങളുംവേദനകളും.
നിർഭയാ :,
ഞങ്ങൾ നിനക്കൊപ്പംചേർന്നുനിൽക്കുന്നു
പൈശാചികതയെ നേരിടുവാൻ,
വൈകൃതമനസ്സുകളിലൂടെ പൊലിയും
നിന്നാത്മാവിനെ നെഞ്ചോടുചേർക്കുവാൻ,
നീതിനിയമങ്ങൾ വളച്ചൊടിക്കാൻ വെമ്പും
കറുത്തമേലങ്കിയണിഞ്ഞ കറുത്ത-
കാപാലികരെ നേരിടുവാൻ,
ഞങ്ങൾ കാത്തിരിക്കുന്നൂ,
നെറികേടിൻവായ്ത്താരികളെ
നിശ്ശബ്ദരാക്കുവാൻ,
കണ്ണുകൾ കൂട്ടിക്കെട്ടിയനീതിദേവതയുടെ
കൺകെട്ടുകൾ തുറക്കപ്പെടുവാൻ,
ഇരയുടെ നിസ്സഹായതയെ വെൺ –
മേഘക്കീറുകൾ പോൽ
ത്വരിതമാക്കപ്പെടുവാൻ,
നിർഭയാ ഞങ്ങൾ കാത്തിരിക്കുന്നൂ…
0