വാർത്തകൾ വായിക്കുന്നത്
അവസാനത്തെ വാർത്ത വായിച്ച് രാമചന്ദ്രൻ സാർ എണീക്കുമ്പോൾ ശബ്ദം ഇടറി ഞാൻ പറഞ്ഞു
” ഇത് എന്നും ഞാൻ സൂക്ഷിക്കും”
അതൊരു ഓഡിയോ കാസറ്റ് ആയിരുന്നു.
ആ കാസറ്റിൽ നിന്ന് ശബ്ദം റെക്കോർഡ് ചെയ്യൽ സിഡിയിലേക്കും ഹാർഡ് ഡിസ്കിലേക്കും ഏറ്റവും ഒടുവിൽ ഓഡിയോ ആപ്പുകളിലേക്കും മാറി.
രാമചന്ദ്രൻ സാർ വിടവാങ്ങുമ്പോൾ വാർത്താ അവതരണത്തിൻ്റെ ഒരു കാലഘട്ടമാണ് അവസാനിക്കുന്നത്.
1984 ൽ കാര്യവട്ടത്ത് പത്രപ്രവർത്തനത്തിൽ ബിരുദാനന്തരബിരുദത്തിന് പഠിക്കുമ്പോഴാണ് ആദ്യമായി സാറിനെ കാണുന്നത്. ആ ശബ്ദത്തെ , കൊച്ചുനാൾമുതൽ പരിചയപ്പെട്ട ശബ്ദത്തെ ഞാൻ കേട്ടുനിന്നു .സാറ് ക്ലാസിൽ എന്നെക്കൊണ്ട് വാർത്ത വായിപ്പിച്ചത് വായന നന്നായി എന്ന് പറഞ്ഞത് ഒക്കെ എനിക്ക് വളരെയേറെ അഭിമാനം ആയിരുന്നു .പിന്നീട് വർഷങ്ങൾക്കുശേഷം ആകാശവാണി വാർത്താ വിഭാഗത്തിൽ ന്യൂസ് എഡിറ്ററായി പ്രവർത്തിക്കുമ്പോഴാണ് സാറിനെ വീണ്ടും കാണുന്നത്. അപ്പോഴേക്കും സാർ ആകാശവാണിയിൽ നിന്ന് റിട്ടയർ ചെയ്തു കഴിഞ്ഞിരുന്നു. കോൺട്രാക്ട് അടിസ്ഥാനത്തിൽ വാർത്ത മുറിയിൽ വാർത്ത വായിക്കുന്നതിനുവേണ്ടി റിട്ടയർ ചെയ്തവരെ വിളിക്കാം എന്ന തീരുമാനത്തിന്റെ പുറത്താണ് സാർ അവിടെ എത്തുന്നത് . ആദ്യദിവസം സാറിനൊപ്പം വാർത്ത എഡിറ്റ് ചെയ്തത് ഇന്നും ഞാൻ ഓർക്കുന്നു. എത്രയേറെ പ്രൊഫഷണൽ ആയാണ് അദ്ദേഹം കാര്യങ്ങളെ സമീപിച്ചിരുന്നത് എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. അന്ന് ചെറുപ്പമായിരുന്നു ഞാൻ . അതുകൊണ്ടുതന്നെ സാറിനൊപ്പം ജോലി ചെയ്യുന്നത് ഒരു അനുഭവമായിരുന്നു. ഓരോ വാർത്തയും പലവട്ടം വായിച്ചു പഠിച്ച് ഉച്ചാരണശുദ്ധിയിലും മോഡുലേഷനിലുമൊക്കെ സാർ ശ്രദ്ധിക്കുന്നത് ഞാൻ പലതവണ അത് ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. സ്റ്റുഡിയോയിൽ പോയാൽ പോലും
സാർ വാർത്ത വായിച്ചു പരിശീലിച്ചുകൊണ്ടിരിക്കും.

നിരന്തരമായ സാധന അദ്ദേഹം വാർത്തകൾക്ക് കൊടുത്തിരുന്നു. സ്വന്തമായ ഒരു രീതി വാർത്താ വായനക്ക് അദ്ദേഹത്തിനുണ്ടായിരുന്നു .രാമചന്ദ്രനും പ്രതാപനും ആണ് അക്കാലത്ത് വാർത്തകൾ വായിച്ചിരുന്നത് ‘പ്രതാപൻ സാറിൻറെ വാർത്തകൾ വായിക്കുന്ന രീതിയിൽ നിന്ന് തികച്ചും വ്യത്യസ്തമായി സ്വന്തമായി ഒരു ടോൺ ഒക്കെ നൽകിയിട്ടാണ് രാമചന്ദ്രൻ സാർ വാർത്ത വായിച്ചിരുന്നത്. കൗതുക വാർത്തകൾ രാമചന്ദ്രൻ സാറിന് മാത്രം സ്വന്തമായ രീതിയിൽ ആയിരുന്നു വായിച്ചിരുന്നത്. കൗതുകവാർത്തകൾ എഴുതാനും അത് അവതരിപ്പിക്കാനും ഒക്കെ അദ്ദേഹം വളരെ താല്പര്യപ്പെട്ടിരുന്നു. നീണ്ട വർഷങ്ങൾ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു. അപ്പോഴൊക്കെ തന്നെ ഒരു പ്രൊഫഷനലിന്റെ സാന്നിധ്യം ഞാൻ അറിഞ്ഞിരുന്നു . ഒരു ദിവസം രാമചന്ദ്രൻസാർ വാർത്ത വായിക്കാൻ തുടങ്ങുന്നതിന് 10 മിനിട്ട് മുമ്പാണ് പാലായിൽ ഐക്കൊമ്പ് ബസ് അപകടം സംഭവിക്കുന്നത്. പേപ്പറുകളിൽ വാർത്തഎഴുതി സ്റ്റുഡിയോയിൽ കൊണ്ടുപോയി സാറിന് മുന്നിൽ പിടിച്ചു. വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ എന്ന് വായിച്ചുകഴിഞ്ഞ് മുന്നിൽ പിടിച്ചു കൊടുത്തു. വളരെ സ്വാഭാവികമായി അദ്ദേഹം വായിച്ചു.


പ്രത്യേക വാർത്താബുള്ളറ്റിനുകൾ തിരഞ്ഞെടുപ്പ് വാർത്തകൾ അങ്ങനെ ഒരുപാട് ഒരുപാട് അനുഭവങ്ങൾ സാറുമായി ബന്ധപ്പെട്ട് വാർത്താ മുറിയിൽ ഉണ്ടായിരുന്നു. തികഞ്ഞ ഒരു പ്രൊഫഷണലിൻ്റെ സ്വഭാവമാണ് അദ്ദേഹം വാർത്താമുറിയിൽ കാണിച്ചിരുന്നത്. സ്നേഹത്തോടുകൂടി പെരുമാറാനും വാർത്താമുറിയിൽ ടെൻഷൻ ഉണ്ടാക്കാതിരിക്കാനും ഒക്കെയുള്ള പരിശീലനം ആ കാലത്ത് എനിക്ക് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം വാർത്താ വിഭാഗത്തിന്റെ മേധാവിയായിരിക്കുമ്പോഴാണ് പ്രാദേശിക വാർത്തകളുടെ അമ്പതാം വാർഷികം ആഘോഷിച്ചത്. അന്ന് മറ്റു പലർക്കും ഒപ്പം രാമചന്ദ്രൻ സാറിനെ ആദരിക്കാനും എനിക്ക് ഭാഗ്യം ഉണ്ടായി. . കുറെ നാൾ ഗൾഫ് വാർത്തകൾ അദ്ദേഹം വായിച്ചിരുന്നു. സാക്ഷി എന്നൊരു പരമ്പര അദ്ദേഹം അവതരിപ്പിച്ചിരുന്നു. ഏതു പരിപാടിയിലും തികഞ്ഞ പ്രൊഫഷണൽ ആയിരുന്നു അദ്ദേഹം . വളരെയേറെ ആദരവോടുകൂടി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

By ivayana

Leave a Reply

Your email address will not be published. Required fields are marked *