രചന : എം പി ശ്രീകുമാർ ✍
ശക്തിരൂപിണി ദേവി നമോസ്തുതെ
വിദ്യാരൂപിണി ദേവി നമോസ്തുതെ
ജ്ഞാനരൂപിണി ദേവി നമോസ്തുതെ
സർവ്വമംഗളെ ദേവി നമോസ്തുതെ
ഏതു ദീപം തെളിഞ്ഞുവെന്നാലിരുൾ
എന്നെന്നേയ്ക്കുമകന്നു പോയീടുന്നു
ഏതു പുഷ്പം വിടർന്നുവെന്നാൽ പിന്നെ
നിത്യകാന്തി സുഗന്ധം നിറയുന്നു
ഏതു സൂര്യനെ കണ്ടു തെളിഞ്ഞെന്നാൽ
ഏതു വെട്ടവും ഗോചരമായിടും
ഏതു ജ്ഞാനം പ്രകാശിച്ചെന്നാൽ മനം
ഓളമറ്റെന്നും ശാന്തി വരിച്ചിടും
അംബികെയായറിവിൻ കിരണങ്ങൾ
തൃക്കൈകളാൽ ചൊരിയണെ ഞങ്ങളിൽ
ആരതിയോടെയാ തിരുമുന്നിൽ നി-
ന്നഞ്ജലിയോടെ നമിക്കുന്നു ദേവി
ശക്തിരൂപിണി ദേവി നമോസ്തുതെ
വിദ്യാരൂപിണി ദേവി നമോസ്തുതെ
ജ്ഞാനരൂപിണി ദേവി നമോസ്തുതെ
സർവ്വമംഗളെ ദേവി നമോസ്തുതെ.