പ്രശസ്ത അമേരിക്കൻ കവിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ചാൾസ് ബുകോവ്സ്കിയുടെ “For The Foxes” എന്ന പ്രസിദ്ധ കവിത


“കുറുക്കന്മാർക്കായി”
എന്നോട് സഹതപിക്കേണ്ടതില്ല.
ഞാൻ യോഗ്യനായ, സംതൃപ്തനായ ഒരുവനാണ്.
നിരന്തരമായി പരാതിപ്പെടുന്ന, വീട്ടുപകരണങ്ങള്‍ പോലെ
തങ്ങളുടെ ജീവിതം പുനക്രമീകരിച്ച് കൊണ്ടിരിക്കുന്ന,
സുഹൃത്തുക്കളെ മാറുന്ന, മനോഭാവം മാറിക്കൊണ്ടിരിക്കുന്ന
അവരോട് സഹതപിച്ചാലും.
അവരുടെ വിഭ്രാന്തികള്‍ സ്ഥായിയായുള്ളവയാണ്
അത് അവരുമായി ഇടപെടുന്നവരിലേക്കും പകരുന്നു.
അവരെ സൂക്ഷിക്കുക:
അവരുടെ മുഖമുദ്രയായ പദങ്ങളിലൊന്നാണ്
‘സ്നേഹം’
സ്വന്തം ജീവിതം ജീവിക്കുവാന്‍
പൂര്‍ണ്ണമായും പരാജയപ്പെട്ടവരായ
ദൈവത്തില്‍ നിന്നുമാത്രം ഉപദേശം
സ്വീകരിക്കുന്നവരായ അവരെ സൂക്ഷിക്കുക.
എന്നോട് സഹതപിക്കേണ്ടതില്ല
എന്തെന്നാല്‍ ഞാന്‍ ഏകനാണ്
ഏറ്റവും ഭീതിജനകമായ നിമിഷങ്ങളിലും
എന്‍റെ ചങ്ങാതി നര്‍മ്മബോധമാണ്.
പിന്നോട്ട് നടക്കുന്ന ഒരു നായയാണ് ഞാന്‍
പൊട്ടിയ ഒരു ഓടക്കുഴലാണ് ഞാന്‍
തൂങ്ങിയാടുന്ന ഒരു ഫോണ്‍ കേബിളാണ് ഞാന്‍
സെപ്തംബര്‍ മാസത്തിലെ ഈ രാത്രിയില്‍
ആഹാരം കഴിക്കുന്ന സ്വസ്ഥനായ ഒരുവനാണ് ഞാന്‍.
നിങ്ങളുടെ സഹതാപം മാറ്റി വച്ചേക്കുക
അവര്‍ പറയുന്നു:
ക്രിസ്തു ജ്ഞാനസ്നാനം ചെയ്തത്
നിങ്ങളുടെ നന്മയ്ക്ക് വേണ്ടിയാകയാല്‍
നിങ്ങള്‍ ഭാഗ്യവാനാണെന്ന്.

  • പരിഭാഷ: രവീന്ദ്രന്‍ മൂവാറ്റുപുഴ
  • ചാള്‍സ് ബുകോവ്സ്കി (Henry Charles Bukowski, August 16, 1920 – March 9, 1994) ജര്‍മ്മന്‍ വംശജനായ അമേരിക്കന്‍ കവി, നോവലിസ്റ്റ്, ചെറുകഥാകൃത്ത്.
    സാധാരണക്കാരായ, ദരിദ്രരായ അമേരിക്കക്കാരുടെ പ്രശ്നങ്ങളെ പറ്റിയുള്ള ബുകോവിസ്കിയുടെ രചനകള്‍ ലോസ് ഏഞ്ചല്‍സ് നഗരത്തിന്റെ സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക മേഖലകളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിരുന്നു. ആയിരക്കണക്കിന് കവിതകളും, നൂറുകണക്കിന് ചെറുകഥകളും, ആറ് നോവലുകളും അദ്ദേഹം എഴുതിയിട്ടുണ്ട്. ലോസ് ഏഞ്ചല്‍സിലെ Open City എന്ന അണ്ടര്‍ ഗ്രൌണ്ട് ന്യൂസ് പേപ്പറില്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന “Notes of a Dirty Old Man” – എന്ന പംക്തി മൂലം എഫ്.ബി.ഐ. അദ്ദേഹത്തിന്റെ പേരില്‍ ഒരു പ്രത്യേക ഫയല്‍ തന്നെ സൂക്ഷിച്ചിരുന്നു.
രവീന്ദ്രന്‍ മൂവാറ്റുപുഴ

By ivayana

Leave a Reply

Your email address will not be published. Required fields are marked *