ഉളിത്തുമ്പിന്റെ ചടുലനടനം
ശില്പിയുടെ ഹൃദയതാളത്തിനൊപ്പം
ആ ഹൃദയത്തിലെ തുള്ളികളിറ്റിച്ചു തന്നെയാണ്
കല്ലിലവളുടെ സൌന്ദര്യം വരക്കാൻ തുടങ്ങിയത്..
മാന്ത്രികം
ഓരോ കൊത്തിലും മിഴിഞ്ഞുവന്ന
ശിലയിലെ സ്ത്രീയുണ്മ
ത്രസിച്ചുതുളുമ്പിയതും
ലാവണ്യമുടുത്തതും
അനുരാഗക്കുളിരിൽ വീണ്ടുമയാൾ
നേർവരകളിൽ ഗാംഭീര്യവും
വടിവു മുറ്റിയ ആകാരവും
വക്രതയിൽ ഉടൽഞൊറികളും കൊരുത്തതിൽ
സാന്ദ്രമായുയിർത്തുവന്നു
അവൾ !
തട്ടലുകളിലടർന്ന ചെളിവിള്ളലുകൾ…
പരുക്കൻ പൊടിവിഹ്വലതകൾ…
ബാക്കിനിന്ന, ശില്പിയുടെ
മനോഗതങ്ങൾ
ഓരോ അവയവത്തിനും അഴകിട്ടു.
ശിലയിൽ പിറന്ന പെൺപോരിമയെ
കൺകളാൽ തഴുകിയുഴിഞ്ഞ്
ശില്പിയവളെ,വ്രീളാവിവശയാക്കി
പാതി വിടർന്ന ശിലാമിഴികളിൽ
തുളുമ്പി വന്ന നഗ്നതയറിഞ്ഞ്
അടഞ്ഞു നിൽക്കാൻ വെമ്പും പോലെ
കാൽമുട്ടുകളെ വളച്ചൊതുക്കി
ആ നഗ്നസ്നിഗ്ദ്ധത,
അയാൾ
സ്വയം ഭോഗിക്കാൻ തുടങ്ങി…
മുഴുത്ത മാറിടം തലോടി
ഹൃദയത്തിലേക്കൊന്ന് നൂണിറങ്ങാനുള്ള
വ്യഗ്രതയിൽ,
പ്രേരണയെന്തെന്നറിയാതെ
നെഞ്ചു കീറിക്കൊണ്ടയാൾ – ഒരു കൊത്ത്…
തറഞ്ഞുപോയ ഉളിമുന…
അവളുടെ ഹൃദയത്തിൽ വിരിഞ്ഞ
രക്തപ്പൂക്കൾ നാലുപാടും ചിതറിത്തെറിപ്പിച്ച്
ഹൊ !
ശില്പി പൂർണ്ണസായൂജ്യമടഞ്ഞതിൽ
അവളുടെ തീക്ഷ്ണനൊമ്പരം….

ഗീത മുന്നൂർക്കോട്

By ivayana

Leave a Reply

Your email address will not be published. Required fields are marked *