രചന : ജിഷ കെ ✍
എങ്ങെനെയാണ് ഞാൻ നിന്നെ പ്രണയിക്കേണ്ടത്….
ഇവിടമൊക്കെ തുരുമ്പ് കയ്ക്കുന്ന
ഒറ്റപ്പെടലിന്റെ നീണ്ട അഴികൾ
തലങ്ങും വിലങ്ങും ആരൊക്കെയോ
ചേർന്ന്ഒരു മേൽക്കൂര തീർത്തു വെച്ചിരിക്കുന്നു…
ഞാനാണെങ്കിൽ നിന്നെ എന്റെ
ആകാശമേയെന്ന് ഉറക്കെയുറക്കെ വിളിച്ചു
കൊണ്ടിരിക്കുകയും ചെയ്യുന്നുവല്ലോ….
ഓരോ അണുവിലും നീ
സഞ്ചരിക്കുമ്പോഴുണ്ടാകുന്ന വിറയലിൽ
എന്റെയീ ആകാശം
നീല ചിറകടികൾ പെയ്യുന്ന
മോഹിപ്പിക്കുന്ന ഒരു പക്ഷിയാവുന്നുണ്ട്…
ഉടൽ മുഴുവൻ എനിക്ക് തൂവൽ
കിളിർക്കുന്നുവെന്ന്
ഞാൻ ഉന്മാദം കൊണ്ട്
ആഹ്ലാദിക്കുന്നുവെന്നു
നിന്നെ എങ്ങെനെയാണ് അ റിയിക്കുക…
വല്ലാത്തൊരു അത്ഭുതമെന്ന്
ആളുകൾ ആശ്ചര്യപ്പെടുന്ന
ഒരു പുരാണ ശില്പമുണ്ടിവിടെ…
പഴക്കം കൊണ്ട് ആത്മാവ് സ്പർശിക്കുന്ന
അതിന്റെ ഏകാന്തതയ്ക്ക്ആരുമറിയാത്ത
ഒരു രഹസ്യ സ്വപ്നമുണ്ട്..
ഞാൻ അതിന്റെ വലതു കയ്യിലെ
മോതിരവിരൽ തൊട്ട്
നിന്നെയോർക്കുമ്പോഴെല്ലാം..
അടിമുടി പൂവള്ളികളാൽ
ചുറ്റപ്പെട്ട ഒരു പൂമരമാവുന്നു.
വഴി തെറ്റി വരുന്ന വസന്തത്തെക്കുറിച്ചാണ്
അവരിപ്പോഴും സംസാരിക്കുന്നത്…
കടുത്ത പഴക്കത്തിന്റെ ശില പോലെ
എന്നിട്ടും എനിക്ക് തീരാത്ത
അത്ഭുതങ്ങൾ ബാക്കി നിൽക്കുന്നുവെന്നു
എങ്ങെനയാണ് നിന്നോട് പറയുക…..
നഗരങ്ങൾ അഴിച്ചു പണിചെയ്യുന്ന
നഗരപാലകരെ കണ്ടിട്ടുണ്ടോ നീ..
എനിക്ക് ചുറ്റും അഴിഞ്ഞു
വീണ രാജകൊട്ടാരങ്ങളുടെ
കൽത്തൂണുകൾ…
ആർക്കും ദൃശ്യമാകാത്ത
എന്റെ രാത്രികളിൽ
ആ നുറുങ്ങിയ രാജ്യങ്ങളിലേക്ക്
പലായനം ചെയ്യുന്നുണ്ട് ഞാൻ..
അതിലോരോന്നിലും കാതോർക്കുമ്പോൾ
നിന്റെ രാജശാസനകൾ
എനിക്ക് മാത്രം കേൾക്കാനാവുന്നുണ്ട്
വിശ്വസിക്കുമോ നീ…
വീണ്ടെടുപ്പിന്റെ ആക്കത്തിൽ
നിന്റെ രഥഘോഷത്തിന്റെ
കൊടിക്കൂറകൾ തെളിയുന്നു..
ഇവിടെ സായഹ്‌നങ്ങളിൽ
കലങ്ങി മറിയുന്ന
ഓർമകളുടെ കടലുകൾ….
വിഷാദത്തിന്റെ ചായക്കോപ്പകൾ
നുരച്ചു പൊങ്ങും വിധം
അലറിയടുക്കുന്നുണ്ട്…
പ്രിയപ്പെട്ടവനെ…
അസാധ്യമായ ഒരു വേദനയിൽ
വല്ലാതെ വിറയ്ക്കുന്നുണ്ട് ഞാൻ….
ഉച്ചത്തിൽ ഇനിയുമിനിയും ഉച്ചത്തിൽ
ആരെയാണ് ഞാൻ വിളിച്ചപേക്ഷിക്കുന്നത്..