70-കളിലും 80-കളിലും ഉടനീളവും 90-കളുടെ ആദ്യകാലങ്ങളിലുമൊക്കെ സ്കൂൾ കോളേജ് കലോത്സവ മൽസര വേദികളിൽ മുഴങ്ങിക്കേട്ട പദ്യമാണ് ‘മാമ്പഴം’. മനസ്സിൽ ഒരു വല്ലാത്ത നൊമ്പരമുണർത്തുന്ന ഈ പദ്യം ഒട്ടുമിക്ക ശ്രോതാക്കളുടെയും കണ്ണുകളിൽ നനവ് പടർത്തിയിട്ടുണ്ട്, അക്കാലത്ത്. പൂക്കുല തല്ലുന്ന കുട്ടിയെ അമ്മ ശകാരിക്കുന്നതും, അസുഖബാധിതനായി പിന്നീട് ആ കുട്ടി മരണപ്പെടുന്നതും, അടുത്ത മാമ്പഴക്കാലമാകുമ്പോൾ ഉൽക്കട ശോകതീവ്രതയിലുള്ള ആ അമ്മയുടെ തേങ്ങലുമൊക്കെ കാവ്യാത്മകമായി വരച്ചുകാട്ടുമ്പോൾ അതിനൊക്കെ എത്രയോ അപ്പുറമുള്ള തലങ്ങളിലേക്കാണ് കവിത അനുവാചകനെ കൂട്ടിക്കൊണ്ടുപോകുന്നത്. ഒരു ബുക്ക് പെൻസിൽ ഒടിഞ്ഞു പോയാൽ,അല്ലെങ്കിൽ കളഞ്ഞു പോയാൽ, ഒരു ബുക്കിന്റെയോ പുസ്തകത്തിന്റെയോ പേപ്പർ അല്പം കീറി പോയാൽ മക്കളെ ഇന്നും ചില മാതാപിതാക്കളെങ്കിലും ശാസിക്കാറുണ്ട്,തല്ലാറുണ്ട്. പ്രായപൂർത്തിയായ മകനോ മകളോ ഇഷ്ടപ്പെട്ട പെണ്ണിനെയോ ആണിനെയോ വിവാഹം കഴിക്കണമെന്ന് പറഞ്ഞത് അനുവദിയ്ക്കാതെ, അവരുടെ ആത്മഹത്യക്ക് ശേഷം ആ മക്കളെ ഓർത്ത് ശിഷ്ടകാലം മുഴുവൻ വേദനിക്കുന്ന മാതാപിതാക്കളുണ്ട്. എങ്കിലും ഒരു മമ്മൂട്ടി സിനിമയിൽ പറയുന്നതുപോലെ, പൂങ്കുല തല്ലുന്ന കുട്ടികൾ ഇന്നും തല്ലുകൊണ്ടു കൊണ്ടിരിക്കുന്നു. 10 രൂപയുടെ പേനയ്ക്കോ,20 രൂപയുടെ ബുക്കിനോ പകരം നഷ്ടപ്പെടുന്നത് ഒരു ജീവനോ ജീവിതമോ ആണ്.


പറഞ്ഞുവന്നത് ‘കവിയുടെ കാവ്യപ്രപഞ്ചം’എന്ന പംക്തിയുടെ ഇന്നത്തെ ലക്കത്തിലൂടെയുള്ള പ്രയാണത്തെക്കുറിച്ചാണ്.വൈലോപ്പള്ളി ശ്രീധരമേനോൻ രചിച്ച എക്കാലത്തെയും മികച്ച വിലാപ കാവ്യങ്ങളിൽ ഒന്നായ ‘മാമ്പഴം’ എന്ന കവിതയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.


വർത്തമാനകാലത്തിൽ നിന്നും ഭൂതകാലത്തിലേയ്ക്കും പിന്നീട് വർത്തമാനകാലത്തിലേക്കും തിരിച്ചു വരുന്ന തരത്തിലാണ് കവിത ആവിഷ്കരിച്ചിട്ടുള്ളത്. മുറ്റത്തു നിൽക്കുന്ന തൈ മാവിൽ നിന്നും ആദ്യ പഴം അടർന്നു വീഴുന്നതും,അമ്മയുടെ കണ്ണുകളിൽ നിന്ന് ചുടുനീർ ഇറ്റിറ്റ് വീഴുന്നതും -ഒറ്റ നൂലിൽ കോർത്താണ് കവിത ആരംഭിക്കുന്നത്. പിന്നെ നാലുമാസം മുമ്പുള്ള ഒരു ഫ്ലാഷ് ബാക്കിലേക്ക് കവി അനുവാചകരെ കൂട്ടിക്കൊണ്ടു പോകുന്നു. മുറ്റത്ത് നിൽക്കുന്ന തൈമാവിലെ പൂങ്കുല ഓടിച്ചു കൊണ്ടുവരുന്ന കുട്ടിയുടെ സമീപത്തേക്കാണ് കവി നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ആ തെമാവ് ആദ്യമായിട്ടാരിയ്ക്കണം പൂത്തിട്ടുണ്ടാവുക. ഒരു മരത്തിന്റെയോ ചെടിയുടെയോ തൈ നട്ട ശേഷം അതിൽ ആദ്യ തളിരും ആദ്യ പൂവും ആദ്യ കായയും ഒക്കെ വരുന്നത് അതീവ താല്പര്യത്തോടെ ആയിരിക്കുമല്ലോ നമ്മൾ നോക്കിക്കാണുന്നത്. അങ്ങനെ ആദ്യമായി പൂവിട്ട മാവിന്റെ ചില്ലയാണ് മകൻ ഒടിച്ചു കൊണ്ടുവരുന്നത്. സ്വാഭാവികമായും അത് കണ്ട അമ്മ ചൊടിച്ചു, വികൃതി കാട്ടിയതിന് ശകാരിച്ചു.

പക്ഷേ അമ്മ കരുതിയതിലലുമപ്പുറമുള്ള അനുരണങ്ങളാണ് ആ ശകാരം അവന്റെ കുഞ്ഞുമനസ്സിൽ ഏൽപ്പിച്ചത്. പെട്ടെന്നാണ് അവന്റെ ഭാവം മാറിയതും കണ്ണുനിറഞ്ഞതും. അവന്റെ നിഷ്കളങ്കമായ കണ്ണുകൾ ഒരു നിർത്തടാകമായി മാറി എന്നാണ് കവി പറയുന്നത്. തന്റെ കയ്യിലെ പൂക്കുല നിലത്തെറിഞ്ഞ്,ഇനി മാമ്പഴം പെറുക്കാൻ ഞാൻ വരുന്നില്ല എന്ന് അവൻ പറയുകയാണ്. അവന്റെ വാക്കുകൾ അറം പറ്റിയതുപോലെ ആ പൂവുകളെല്ലാം കായയായും പിന്നീട് പഴമായും മാറിയപ്പോൾ ആ മാമ്പഴങ്ങൾ തന്റെ കുഞ്ഞു കൈകൾ കൊണ്ട് പെറുക്കിയെടുക്കുവാൻ അവനുണ്ടായിരുന്നില്ല. അതിന് കാത്തുനിൽക്കാതെ അവൻ മറ്റൊരു ലോകത്തേക്ക് യാത്രയായി. അവൻ പെറുക്കി കൂട്ടേണ്ട മാമ്പഴങ്ങൾ ആർക്കും വേണ്ടാതെ അനാഥമായി ആ നിലത്തു കിടന്നു.അയൽപക്കത്തെ കുട്ടികൾ അപ്പോഴും ആ മാവിൻ ചുവട്ടിൽ ഉത്സാഹത്തോടെ കളിക്കുന്നുണ്ടായിരുന്നു. മാമ്പഴം കൊതിക്കുന്ന പൂവാലനായ അണ്ണാറക്കണ്ണനെ ഇവിടെ ഒരു ബിംബമായി കവി കൊണ്ടുവരുന്നുണ്ട്.

മാവുകൾ പൂവിട്ട് കായ്ച്ച് പഴുക്കുന്ന ആ വസന്തോത്സവം കാണാൻ അമ്മയ്ക്ക് കഴിയുന്നില്ല, കാരണം കണ്ണുനീർ ഒരു വർഷകാലം തന്നെ സൃഷ്ടിച്ച് അവളുടെ കണ്ണുകളെ അന്ധമാക്കിക്കളഞ്ഞു. എങ്കിലും ഒരു മാമ്പഴം എടുത്തുകൊണ്ട് അവൾ തന്റെ കുഞ്ഞിനെ മറവ് ചെയ്ത സ്ഥലത്തേക്ക് പോകുകയാണ്. ഉണ്ണിയുടെ കൈകൊണ്ട് എടുക്കുവാൻ, ഉണ്ണി വായ്ക്കുണ്ണുവാൻ വേണ്ടി കൊണ്ടു വരുന്ന ആ മാമ്പഴം അവന്റെ കുഴിമാടത്തിൽ വച്ചിട്ട്, നീ ഇത് നുകർന്നാലേ അമ്മയ്ക്ക് സുഖമാകൂ,പിണങ്ങി പോയാലും പിന്നീട് ഞാൻ വിളിക്കുമ്പോൾ നീ ഉണ്ണാൻ വരാറുണ്ടല്ലോ എന്ന് പറഞ്ഞ് കൊണ്ട് അമ്മയുടെ നൈവേദ്യം നീ സ്വീകരിക്കൂ എന്ന് പറയുന്ന വികാര തീവ്രമായ ആ രംഗവും,ഒരു കുളിർ കാറ്റായി അരികത്ത് അണഞ്ഞപ്പോൾ ( കുളിർകാറ്റായി അരികത്തണയുന്നത് കുഞ്ഞാണോ എന്ന് കവി വ്യക്തമാക്കുന്നില്ല എങ്കിലും അനുവാചകന് അങ്ങനെ കൽപ്പിക്കാം)അരുമ കുഞ്ഞിന്റെ പ്രാണൻ അമ്മയെ ആശ്ലേഷിക്കുന്നതുമായ രംഗവുമൊക്കെ ഒരു സിനിമയിലായിരുന്നെങ്കിൽ തീയറ്ററുകൾ ഇളക്കി മറിയ്ക്കുമായിരുന്നു.


നാലു വയസ്സിൽ മരണപ്പെട്ടുപോയ അദ്ദേഹത്തിന്റെ അനുജന്റെ ഓർമ്മകളിൽ നിന്നാണ് ഈ കവിത പിറന്നത്.1936- ൽ രചിക്കപ്പെട്ട ഈ കവിത മാതൃഭൂമി ഓണപ്പതിപ്പിലാണ് ആദ്യം പ്രസിദ്ധീകരിക്കുന്നത്. ഒരു കവിതയ്ക്കപ്പുറം ആശയവും സന്ദേശവും പ്രദാനം ചെയ്യുന്നതാണ്
“മാമ്പഴം”.ഒരു പക്ഷേ പൊറുക്കാൻ കഴിയുന്ന തെറ്റുകൾക്ക് അമിത പ്രാധാന്യം കൊടുത്ത് ശിക്ഷ വിധിക്കുമ്പോൾ അത്രത്തോളം ശിക്ഷ വിധിക്കത്തക്ക കുറ്റമായിരുന്നോ അതെന്ന് ഒന്നുകൂടി ആലോചിക്കണമെന്ന് കവി നമ്മെ ഓർമ്മിപ്പിക്കുന്നു. വളരെ ലളിതമായ വാക്കുകളിൽ ആ ലാളിത്യത്തിന്റെ സകല മാനങ്ങളെയും വെല്ലുന്ന ഈ വൈലോപ്പിള്ളി കവിത നിത്യനൂതനമായി ജീവിതഗന്ധിയായി എന്നും നിലനിൽക്കും.


1911-85 ആണ് എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ കവിയുടെ ജീവിത കാലഘട്ടം.ജീവിതയാഥാർത്ഥ്യങ്ങളെ പച്ചയായി തന്നെ ചിത്രീകരിക്കുന്ന രീതിയാണ് അദ്ദേഹം അവലംബിച്ചിട്ടുള്ളത്. കന്നിക്കൊയ്ത്താണ് ആദ്യ കൃതി. കന്നിക്കൊത്ത് എന്ന സമാഹാരത്തിലാണ് ഈ കവിതയും ഉൾപ്പെട്ടിട്ടുള്ളത്.സഹ്യന്റെ മകൾ,കുടിയൊഴിപ്പിക്കൽ,വിത്തും കൈക്കോട്ടും, കുന്നിമണികൾ, വിട ഇതൊക്കെയാണ് മറ്റ് പ്രധാന കൃതികളിൽ ചിലത്.കേരള സാഹിത്യ അക്കാദമി അവാർഡ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഓടക്കുഴൽ അവാർഡ് ഇവ അദ്ദേഹത്തിന് ലഭിച്ച അവാർഡുകളിൽ ചിലത് മാത്രമാണ്.കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഹൈസ്കൂൾ പ്രധാനാധ്യാപകനായി വിരമിച്ചു.


എന്റെഹൈസ്കൂൾ കാലഘട്ടത്തിലും പിന്നീട് കോളേജ് പഠന കാലഘട്ടത്തിലും മിക്കപ്പോഴും മൂളിക്കൊണ്ട് നടന്നിരുന്നതും ഇപ്പോഴും വല്ലപ്പോഴും മൂളുന്നതുമായ,എനിക്ക് ഏറെ പ്രിയങ്കരമായ ഈ കവിത നിങ്ങൾക്കും പ്രിയങ്കരമാകട്ടെ എന്ന് പ്രത്യാശിച്ചുകൊണ്ട് പ്രിയ കവിക്ക് ആദരവർപ്പിച്ചുകൊണ്ട് വായിക്കാത്തവർക്ക് വേണ്ടി കവിത കൂടി ചുവടെ കൊടുത്തുകൊണ്ട് ഈ ആസ്വാദനം നിങ്ങൾക്കായി സമർപ്പിക്കുന്നു.
സ്നേഹാദരങ്ങളോടെ,
✍️


മാമ്പഴം.
വൈലോപ്പള്ളി ശ്രീധരമേനോൻ
അങ്കണത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലു മാസത്തിൻ മുൻപിലേറെ നാൾ കൊതിച്ചിട്ടി-
ബ്ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരി കത്തിച്ച പോ-
ലമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തി!
ചൊടിച്ചൂ മാതാവപ്പോൾ‍, “ഉണ്ണികൾ വിരിഞ്ഞ‌ പൂ-
വൊടിച്ചു കളഞ്ഞില്ലേ കുസൃതിക്കുരുന്നേ നീ?
മാങ്കനി വീഴുന്നേരമോടിച്ചെന്നെടുക്കേണ്ടോൻ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ?“
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ,
കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്.
“മാമ്പഴം പെറുക്കുവാൻ ഞാൻ വരുന്നി“ല്ലെന്നവൻ
മാൺ‍പെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണ
അങ്കണത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലു മാസത്തിൻ മുൻപിലേറെ നാൾ കൊതിച്ചിട്ടി-
ബ്ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരി കത്തിച്ച പോ-
ലമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തി!
ചൊടിച്ചൂ മാതാവപ്പോൾ‍, “ഉണ്ണികൾ വിരിഞ്ഞ‌ പൂ-
വൊടിച്ചു കളഞ്ഞില്ലേ കുസൃതിക്കുരുന്നേ നീ?
മാങ്കനി വീഴുന്നേരമോടിച്ചെന്നെടുക്കേണ്ടോൻ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ?“
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ,
കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്.
“മാമ്പഴം പെറുക്കുവാൻ ഞാൻ വരുന്നി“ല്ലെന്നവൻ
മാൺ‍പെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ!
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ!
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികസ്വർണ്ണമായ്ത്തീരും മുൻപേ,
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി.
വാനവർക്കാരോമലായ്, പാരിനെക്കുറിച്ചുദാ‍-
സീനനായ്, ക്രീഡാരസലീനനായവൻ വാഴ്‌കെ,
അങ്കണത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ!
തൻമകന്നമൃതേകാൻ താഴോട്ടു നിപതിച്ച പൊൻപഴം
മുറ്റത്താർക്കും വേണ്ടാതെ കിടക്കവേ
അയൽപക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻചോട്ടിൽ കളിവീടുണ്ടാക്കുന്നു;
“പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെ“ന്നുൾ-
പ്പൂവാളും കൊതിയോടെ വിളിച്ചു പാടീടുന്നു!
ഉതിരും മധുരങ്ങളോടിച്ചെന്നെടുക്കുന്നു
മുതിരും കോലാഹലമംഗലധ്വാനത്തോടും
വാസന്തമഹോത്സവമാണവർക്കെന്നാലവൾ-
ക്കാ ഹന്ത! കണ്ണിരിനാലന്ധമാം വർഷാകാലം!
പൂരതോ നിസ്തബ്ദ്ധയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ,
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായേവം ചൊന്നാൾ:
“ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ!
നീരസം ഭാവിച്ചു നീ പോയിതെങ്കിലും കുഞ്ഞേ
നീയിതു നുകർന്നാലേ അമ്മയ്ക്കു സുഖമാവൂ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലേ?
വരിക കണ്ണാൽ കാണാ‍ൻ വയ്യത്തൊരെൻ കണ്ണനേ
തരസാ നുകർന്നാലും തായതൻ നൈവേദ്യം നീ!”
ഒരു തൈ കുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു!!

By ivayana

Leave a Reply

Your email address will not be published. Required fields are marked *