എന്തുവികസനമെന്തു വന്നീടിലും
കോരനെന്നും കഞ്ഞി കുമ്പിളിൽ തന്നെയാം
എന്തു പ്രയോജനം സാധാരണക്കാരൻ
ചാവതെ ചാവുന്നുണ്ടന്നം ലഭിക്കാതെ
അന്നം മുട്ടിക്കും വികസനമാണല്ലോ
എല്ലാം നടപ്പതും കാട്ടി കൂട്ടുന്നതും!
ഒട്ടുവിശന്നുപൊരിഞ്ഞപ്പോൾ കട്ടന്നം
ഭക്ഷിച്ച കുറ്റം ചുമത്തി തല്ലിക്കൊന്നു
കെട്ടിത്തൂക്കുന്ന മഹത്തായ സംസ്കൃതി
അല്ലോ നമുക്കള്ള പാരമ്പര്യമതും!
വാതോരാതല്ലോ വികസന വാഗ്ദാനം
കോരിയൊഴിച്ചു വികസിച്ചു നീളവേ
നീണ്ടു കിടപ്പു വികസന സംസ്കാരം
ജോർദാൻ നദിയായൊഴുക്കുന്നതെപ്പൊഴും
ആർക്കുണ്ടു പാവം ജനങ്ങൾക്കിതിൻ ഫലം
മോഷ്ടാക്കൾ മോഷ്ടിപ്പോർക്കല്ലേ ഫലമുള്ളു?
കോരന്റെ കുമ്പിൾ നിറയില്ലൊരിക്കലും
എന്ന വികസനമാണു നടപ്പതും!
എല്ലാം വികസനമെന്നു ഘോഷിച്ചെത്ര
കല്ലുകൾ ഉത്ഘാടിച്ചിട്ടവയേറെയും
എങ്ങെവിടെപ്പോയിയെന്നുമറിയില്ല!
കോഴ കിട്ടുന്ന പണിയാ വികസനം
കോഴപ്പണം വാങ്ങി സമ്പാദ്യം കൂട്ടുന്ന
നാറും ഭരണമാം ഭാരതം നീളവേ
കാണ്മതു സത്യം നടപ്പിലാക്കുന്നതും!
ബാലപാഠങ്ങൾ ജനാധിപത്യത്തിൻറെ
യാതൊന്നുമല്ല പഠിച്ചു ഭരിപ്പതും!
വേണം സമസ്തർക്കുമൊന്നുപോൽ സൗഭാഗ്യം
താമസിക്കാൻ വീടധിഷ്ഠാനമെങ്കിലും
ഭക്ഷണം വേണം വിശക്കാതിരിക്കുവാൻ
അത്രയൊന്നും കഴിയില്ലേൽ കൊടുക്കുവാൻ
പിന്നെന്തിനേറിയിരുന്നു ഭരിക്കണം
കട്ടുതിന്നാൻ മാത്രമാണോ ഭരിപ്പതും?
ഭണ്ഡാരപ്പെട്ടിയിൽ കയ്യിട്ടു വാരാനു-
മാണോ ഇതെല്ലാം ജനാധിപത്യത്തിൻറെ
ബാലപാഠങ്ങൾ പഠിച്ചതറിയില്ലേ
ഘോഷിച്ചു തല്ലി ഭരണം നടത്തുന്നു?
എന്താ പരം ലക്ഷ്യമെന്തിലധിഷ്ഠിത-
മാകുന്നുവെന്നീ ജനാധിപതൃത്തിൻറെ
സാരമാം തത്വം പരം ശ്രേഷ്ഠമായതും?
ഉള്ളവരില്ലാത്തോരെന്ന വ്യവസ്ഥിതി
ഇല്ലാതെയാക്കാൻ കഴിയാതിരിക്കുകിൽ
എന്തു വരം പരം ശ്രേഷ്ഠമായ് നല്കുവാ-
നുണ്ടു ഭരിപ്പോർ ജനാധിപത്യക്കാർക്കു
എന്തു വികസനം കൊണ്ടെന്തു നേടുവാൻ?
നാടു നിറഞ്ഞെങ്ങും തെണ്ടിനടക്കുന്നു
ജോലിയില്ലാതെങ്ങും തെണ്ടുകയാകുന്നു
അന്നം മുട്ടി വിശന്നാർത്തു നടക്കുന്നു
മോഷണമെന്നല്ല സർവ്വ കുററങ്ങളും
ചെയ്യുവാൻ കാരണം പട്ടിണിയാകുന്നു!
വീടു വേണം സ്ഥലം വേണമധിഷ്ഠാനം
വിദ്യ വേണം പരമാരോഗ്യവും വേണം
ഉണ്ടിതെല്ലാമിവിടാർക്കു ജനങ്ങൾക്കു?
ഭൂമിയെല്ലാം കീശേലാണു ബൂർഷ്വാകൾ തൻ
വിദ്യ വേണേലേതു വിദ്യേം പഠിക്കുവാൻ
അത്ര കഴിയുകയില്ലൊരു നിസ്വനും!
വികസനമെന്ന മഹാ കോലിൻ നീളം
ഏറും മഹാനീളമാണതിന്നുള്ളതും
കോലതിൽ കുത്തിയെറിയുകയാകുന്നു
സാധാരണക്കാർ മനുഷ്യരെ നീളവേ!
വീടും സ്ഥലങ്ങളുമെല്ലമെടുത്തിടും
ബുൾഡോസർ കുത്തിയിളക്കിമറിച്ചിടും
ആവസിക്കാനായിടമില്ലാതാക്കുന്നു
ആവാസയോഗ്യം സ്ഥലമൊന്നുമില്ലാതെ
പിന്നെ അടിപിടി സത്യാഗ്രഹമായി-
ട്ടെങ്ങും കിടപ്പു പെരുവഴിയിൽ ജനം
ഛിന്ന ഹൃദയരായ് മൃത്യു വരിക്കാതെ-
യെന്ന വികസനമാണു നടപ്പതും
വന്ന വികസന സൽഫലമുണ്ണുന്നു!
കോടികൾ കട്ടുമുടിക്കും വികസനം
കൊണ്ടു മുടിയുന്നു മണ്ണില്ലാതാകുന്നു!
വാതുറന്നാൽ കേൾപ്പതെല്ലാം വികസനം
വായിലെ നാക്കെന്ന കോൽകൊണ്ടു തള്ളുന്ന
തള്ളൽ ഭയാനകം ദുർവരദായകം!
ശ്രേഷ്ഠ വികസനമൊന്നും നടത്താതെ
ചെപ്പടിവിദ്യ നടത്തി ജനങ്ങളെ
മൃത്യുലോകത്തേക്കയക്കുകയാകുന്നു
ചെയ്തു കൊണ്ടെങ്ങും നടത്തും വികസനം!
കൗപീന വാലുപോലുള്ളൊരീ കേരളം
കീറി രണ്ടായി മുറിച്ചു വികസനം
കെ-റെയിൽ വന്നിടുമെങ്കിൽ മുടിഞ്ഞു പോം
കെ-റെയിലോടണം പോലും പറയുന്നു
കാസറകോടീന്നനന്തപുരീൽ വന്നു
അപ്പം വിറ്റിട്ടു പണവുമായ് വന്നിടാം
കാസറകോടതിൽ ഉച്ചയൂണുണ്ടിടാം
പിന്നെ തിരിച്ചുടനങ്ങോട്ടമിങ്ങോട്ടും
പോകാം തുരുതുരെ വന്നിടും കെ-റെയിൽ
ഓരോന്നിലും കേറി വേഗാതിവേഗത്തിൽ
കച്ചോടമോടും സമയലാഭം സമം
കോടീശ്വരന്മാരാമെന്നു പറയുന്നു
അപ്പവും വിറ്റു ധനവുമായ് ഉച്ചയ്ക്കു
കാസറകോട്ടിലെ വീട്ടിൽ തിരിച്ചെത്തി
കഞ്ഞി കുടിച്ചിടാം പോലും പറയുന്നു
പാർട്ടി സെക്രട്ടറി ഗോവിന്ദൻ സാർ പോലും
എന്നു വരുന്നതാം വേഗവികസനം
അല്ലോ നടക്കുവാൻ പോകുന്നു ദീർഘമായ്
എന്നു പറയുന്നു ശ്രേഷ്ഠ വരേണ്യരും!
പാർട്ടികൾ തമ്മിലടിപിടി കല്ലേറും
തമ്മിൽ കൊലകളുമേറെ നടക്കുന്ന
കാഴ്ചകളാകുന്നു നീളെ നടപ്പതും!
കന്നാലിയെ കൊന്നു തുള്ളുന്നതു പോലെ
വെട്ടി മലർത്തി മനുഷ്യരെ കൊല്ലുന്ന
രാഷ്ടീയ സംസ്കാരാണു നടപ്പതും!
ജാതിപ്പിശാചിന്റെ വൻപകയേറെയും
കോമരം തുള്ളുന്നു നാടു വിറപ്പിച്ചു
തുള്ളിയാടിക്കൊല ചെയ്യുന്നു നീളവേ
എന്നതാ കാഴ്ചകൾ ദൂർവരദായകം!!
നീളെ മയക്കുമരുന്നിന്റെ രാഷ്ട്രീയ
ചൂതാട്ടവുമേറെ ഉണ്ടു നടക്കുന്നു!
കള്ളക്കടത്തേറെ ഉണ്ടു നടത്തുന്നു
സ്വർണ്ണക്കടത്താണു രാഷ്ട്രീയമുണ്ടതിൽ
ഏറെയുമെന്നതാ മാലോകർ ചൊല്ലലും!
എന്തെല്ലമാട്ടങ്ങൾ ചൂതാട്ടങ്ങൾ നീളെ
കൊള്ള നടക്കുകയാണു സർവത്രയും!
സാധാരണക്കാരെ കുപ്പീലിറക്കീട്ടു
കോർക്കിട്ടടച്ചിട്ടു കൊല്ലും വികസനം
ആകുന്നുവെല്ലോ നടക്കുന്നതെല്ലാമേ
ഉണ്ടു ഫലമറിഞ്ഞത്ര ജീവിച്ചിടാം
എന്ന വിധിയുമായ് കാത്തിരുന്നീടുക
വന്നുഭവിക്കും ഫലമുണ്ടു തീർത്തിടാം
മിണ്ടാതിരുന്നിടിൽ ജീവിച്ചിരുന്നിടാം
അല്ലെങ്കിൽ പോലീസിൻ ലാത്തി പ്രഹരത്താൽ
ചത്തതിനൊക്കുമേ ജീവിച്ചിരുന്നിടാം
കാണുവാൻ പോകുന്ന പൂരമതാകുന്നു
എന്നോർത്തു വേണം പ്രതിഷേധിച്ചീടുവാൻ?
ബ്രഹ്മപുരത്തു വരുത്തി വികസനം
നന്മ പകർന്നു വിതച്ച വിഷബാധ
എത്ര കരളമാം കാലം തെളിയിക്കും
എൻഡോസൾഫാനോളമേറെ ഭയാനകം !
വികസനത്തിൻറെ കൊട്ടും കുരവയും
കൊണ്ടു മുഖരിതമെല്ലാമിളകുന്നു
അഭിനിവേശം കേറി തുള്ളിയുറഞ്ഞാടി
കാലമഹായക്ഷിക്കോലം പോൽ തുള്ളുന്നു
മന്ത്രി വരേണ്യരും മുഖ്യരെല്ലാവരും
അച്ചിക്കും മക്കൾക്കും സ്വന്തക്കാർ ബന്ധുക്ക-
ളേവർക്കും വേണ്ടി വികസനമാണെല്ലാം
കയ്യിട്ടു വാരി എടുക്കും പണമെല്ലാം
ഡോളറാക്കീടുന്നധോലോക വ്യാപാരം
ഏറെ തകൃതി പിടിച്ചു നടത്തുന്നു
എന്നെല്ലെമാകുന്നു കേൾപ്പതുമുച്ചത്തിൽ
സ്വർണ്ണമാക്കി പണം പൂഴ്ത്തി വെച്ചീടുന്ന
വല്ലഭന്മാരുണ്ടിതേറെ ഭരിപ്പോരിൽ
ഒന്നുമറിയാ ജനങ്ങൾ കഴുതകൾ
രാഷ്ട്രീയക്കാരുടെ ഭാരങ്ങൾ താങ്ങുന്ന
ചുമ്മാടു മാത്രമായ് തീർന്നു വിധിവശാൽ!
ഭാരം ചുമക്കുന്ന പാവം ജനങ്ങൾക്കു
ബൂർഷ്വാ മഹാത്മാക്കൾ വീട്ടിൽ വളർത്തുന്ന
ശ്വാവിൻറെ രോമത്തിന്റത്രയും പോലുമേ
ഇല്ല വിലയെന്നതാകുന്നു സത്യവും
ഓടിച്ചിട്ടോടിച്ചു തല്ലിക്കൊന്നീടുന്നു
ശ്വാവിനേപ്പോലിന്നും സാധു ജനങ്ങളെ!
എന്താ വികസനം നീളില്ലേ അങ്ങോട്ടു
നീതി നടത്തി അഭിരക്ഷ ചെയ്യുവാൻ
എന്തുകൊണ്ടാവില്ലയർത്തിപ്പിക്കുവാൻ
ധാർമ്മിക നീതി നടപ്പാക്കാൻ വൈകുന്നു?,
ഇല്ലാത്തവർക്കന്നം ഊട്ടിക്കട്ടീടുകിൽ
പൈദാഹശാന്തി നടത്തുവാനാകുന്നു
ഉള്ളവർ ഭണ്ഡാരം നാടു മുഴുവനും
ഒന്നായി മോഷ്ടിച്ചു നാടുകടത്തുന്നു
ബാങ്കുകളൊന്നായി മോഷ്ടിച്ചു ബൂർഷ്വാകൾ
നാടുകടത്തി സുഖിച്ചു വസിക്കുന്നു
അംബാനിമാരേമദാനിമാരേം പോറ്റി
അമ്പേ ഉയർത്തിയിട്ടാകാൾത്തിൽ നിർത്തി
എന്താണീയാത്ര ഭരണമിതെങ്ങോട്ടു
ഹന്ത ചരിക്കുന്നറിയില്ലതാർക്കുമേ!
പൊട്ടിത്തകരുന്നു ബാങ്കുകൾ നീളത്തിൽ
ഒട്ടു നിക്ഷേപങ്ങൾ പാവങ്ങൾ തന്നുടെ
കിട്ടാതെ ബൂർഷ്വാകളൊട്ടമക്കുന്നെല്ലാം!
വികസനമെല്ലാം ഹിംസാത്മകമായി
പരിണമിച്ചല്ലോ നടപ്പിലാക്കുമ്പോൾ
പ്രകൃതിയെ കൊല്ലുന്നതായിട്ടു തീർന്നു
സ്വയമേ പിന്നെ മനുഷ്യർ മരിക്കുന്നു
വഴിയിൽ കണ്ട വികസന മാതൃക
എവിടെയും ചേരുമെന്നുള്ള ധാരണ
ശരിയാകില്ലവധാനതയില്ലാത്ത
വിഹഗ വീക്ഷണമെത്ര ശരിയാകും
അമിത പ്രാധാന്യം കല്പിച്ചു നല്കണം
വികസനമെന്നതെന്തെന്നറിയാതെ?
മലകൾ പിന്നെ പുഴകൾ വയലുകൾ
ഇവയെല്ലാം വെട്ടിത്തോണ്ടി നിരത്തുന്നു
നാലുമെട്ടും വരിപ്പാതകൾ നാടെങ്ങും
തീർപ്പതാണോ വികസനമറിയില്ല
സർവതോന്മുഖ പഥങ്ങളിലൊന്നു പോൽ?
കാല ദേശ സ്ഥിതികൾക്കനുയോജ്യമായ്
വേണമെല്ലാ വികസനമെന്നുള്ളൊരാ
ഭൂമിശാസ്ത്രം പഠിക്കണമാദ്യമായ് നാം
പിന്നെയാമല്ലോ നടത്താൻ വികസനം

അനിരുദ്ധൻ കെ.എൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *