ചില സമയങ്ങളിൽ
വലയിലകപ്പെട്ട മത്സ്യങ്ങളെ
മന:പൂർവ്വമങ്ങ് അവഗണിക്കും.
വലയിൽ കയറാതെപോയ
മത്സ്യങ്ങളെക്കുറിച്ചുള്ള
അതിഗാഢമായ
ആലോചനയിലേർപ്പെടും.
അവയുടെ എണ്ണം കണക്കാക്കി
ഇരുണ്ട താളുകളുള്ള ഡയറിയിൽ
കുറിച്ചുവെയ്ക്കും.
കണക്കുകൾ…
തെറ്റിയതും, തെറ്റാത്തതുമായ
കണക്കുകൾ!
കൂർമ്പൻ ചുണ്ടുകളുള്ള മത്സ്യങ്ങളെയും
ഡയറിയിൽ വരച്ചു ചേർക്കും.
ചൂണ്ടക്കൊളുത്തുകളെയും.
ചിലനേരങ്ങളിൽ മഷി പടരും.
കണക്കുകൾ അവ്യക്തങ്ങളാകും.
രാവിൽ അവയ്ക്ക് ചിറകുമുളയ്ക്കും.
കടൽക്കാക്കകളാവും.
വെളുത്തവയല്ല. കറുത്തവ!
ചിലനേരങ്ങളിൽ വലയ്ക്കുള്ളിൽ
മീനുകൾക്ക് പകരം
കടൽക്കാക്കകൾ ചിറകടിക്കും.
വലിയ ഒച്ചയിലവ ചിലയ്ക്കും.
കാതുകളിൽ പൊടുന്നനെ
കടൽക്കാറ്റ് നിറയും.
ചിലപ്പുകൾക്കൊപ്പം കാതിലങ്ങനെ
തിങ്ങിനിറയും.
പൊട്ടിത്തെറിക്കുമെന്ന പോൽ
വീർപ്പുമുട്ടും.
മരിച്ചുപോയ എൻ്റെ കുഞ്ഞുങ്ങളന്നേരം
തിരകൾക്കുമേൽ മുട്ടിലിഴയും.
ചെറുഞണ്ടുകളെ വായിലൊതുക്കും.
വിശപ്പിന്റെ കോട്ടുവാ തിരകളിൽ
നിക്ഷേപിച്ച് ആഴത്തിലേക്ക്
പൂണ്ടിറങ്ങിപ്പോകും.
പവിഴപ്പുറ്റുകൾക്കിടയിൽ അവരുടെ
അമ്മയുടെ മുലക്കണ്ണുകൾ.
കടലിൽ ചുരക്കുന്ന മുലപ്പാലിന്റെ
വെണ്മ.
വെളുത്ത കടൽ!
കടൽ മൊത്തിക്കുടിക്കുന്ന കുഞ്ഞുങ്ങൾ…
ചിലനേരങ്ങളിൽ കാഴ്ച്ചയിൽ നിറയാറുള്ള
വരണ്ടുണങ്ങിയ സമുദ്രദൃശ്യം
സ്വപ്നമെന്ന് ഗണിക്കാൻ ശ്രമിക്കും.
പരാജയപ്പെടും.
കടലുണങ്ങിപ്പോയിടത്ത്
പടംവരച്ചിട്ട പോൽ
പരന്നുകിടക്കുന്ന മണലിൽ
കണക്കില്ലാതെ ചിതറിക്കിടക്കുന്ന
വലയെ സ്പർശിക്കാത്ത
മത്സ്യങ്ങൾ കാണാം.
എണ്ണമറ്റ കടൽക്കാക്കകളുടെ തൂവലുകളും.
വെളുത്തവയല്ല. കറുത്തവ!

സെഹ്റാൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *