നിരാലംബന്റെ ചിരി
അവനോട് തന്നെയാണ്.
അവന്റെ ചിരി
നിസ്സഹായന്റെ ചിരിയാണ്.
ആ ചിരിയിൽ
കണ്ണീരിന്റെ നനവുണ്ടാകും.
നിരാലംബൻ്റെ കണ്ണുകൾ
കരകവിഞ്ഞൊഴുകാത്ത
ജലാശയങ്ങളാണ്.
എത്ര നിറഞ്ഞാലും
കരകവിയാത്ത
രണ്ട് ജലാശയങ്ങൾ.
അതാരുമറിയാതെ
പോകും.
ആർക്കുമത് തിരിച്ചറിയാനാവില്ല.
നിരാലംബനും ഒരിക്കൽ
ഹൃദയം നിറഞ്ഞ്
ചിരിച്ചിട്ടുണ്ടാകും.
കണ്ണീരിന്റെ നനവില്ലാത്ത
ചിരി.
അന്നവൻ
നിരാലംബനായിരുന്നിരിക്കില്ല.
അന്നൊക്കെ
അവന്റെ കണ്ണുകൾ
ഒരു മലവെള്ളപ്പാച്ചിൽ
തന്നെ നടത്തിയിട്ടുണ്ടാവും.
കാരണം
സാന്ത്വനത്തിന്റെ
കുളിർ പകരാൻ
സ്നേഹത്തിന്റെ മുഖങ്ങൾ അവനോടൊപ്പമുണ്ടാകും.
ആലംബമറ്റുപോകുന്നതോടെ,
ജീവിതം
തരിശുനിലമാകുന്നതോടെ,
നിരാലംബന്റെ
കണ്ണീരുറവുകൾ
വറ്റാൻ തുടങ്ങിയിരിക്കണം.
ഒരിക്കൽ
അവന്റെ കണ്ണുകളും
മരുഭൂമിയായി മാറിയേക്കാം.
അന്നവന്റെ കണ്ണുകളിൽ
കണ്ണീർ നനവുകൾ
പോലുമുണ്ടായേക്കില്ല.
വരണ്ടുണങ്ങിയ
കൺതടങ്ങൾ
മാത്രമവശേഷിയ്ക്കും.
ഉഷ്ണക്കാറ്റിൽ ഉലയുന്ന
ഒരു ഉണക്കമരം
മാത്രമായേക്കാമവൻ.
ഏത് നിമിഷവും
നിതാന്തമായ ഉറക്കത്തിലേക്ക്
നിപതിച്ചേക്കാവുന്ന
ഉണക്കമരം

കെ.ആർ.സുരേന്ദ്രൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *