രചന : തോമസ് കാവാലം✍️
സ്നേഹംതൻ സലീലം തൂകി
സ്നാനം ചെയ്യുന്നെന്നഹത്തെ
ആത്മാവിൻ നിധി മമത
ആർദ്രത നിറയ്ക്കുന്നുള്ളിൽ.
മുത്തുകൾ വാരിയെടുത്താൽ
സ്വത്തതു മാത്രമുലകിൽ
കത്തുവാനാത്മാവിൽ വേണം
മുത്താകും സ്നേഹമണികൾ.
ആത്മാവിൻ മൃദുലഭാവം
ആനന്ദമേകുന്നെന്നുള്ളിൽ
ആരാമമാക്കും ധരയെ,
ആദ്യകാല പറുദീസ.
ഊഴിവിട്ടാകാശത്തെത്താൻ
കാഴ്ചകണ്ടാസ്വാദ്യരാകാൻ
സ്നിഗ്ധമാകേണം ശരീരം
സ്നേഹച്ചിറകുകൾ വേണം.
മൃദുലമാനസർ ഭൂവിൽ
മമത ദാനമായ് നേടും
മന്നിനെ കീഴടക്കീടും
വിണ്ണതിൽ സംപ്രീതമാകും.
സ്നേഹമാണീഭൂവിനൂർജം
സഹനമാണതിൻ ചക്രം
സ്വരുമയാണതിൻ ചുക്കാൻ
സംഗീതം പോലെ സംസാരം.
ഹൃത്തതിൽ വിടരും പൂക്കൾ
വസന്തം വിടർത്തും മക്കൾ
മനസ്സിലുള്ള മലരിൻ
മണമതാകും മമത.