രചന : ജയരാജ് പുതുമഠം.✍️
പാരിജാതപ്പൂമലർ
മിഴികളിൽ തളിരിടുന്ന വേളയിൽ
ഞാനതിൻ ശബളിമയിൽ
ധ്യാനമഗ്നനായ്
അന്തിവെയിൽ അമരുന്നനേരത്ത്
അലിഞ്ഞൊന്നു നിന്നോട്ടെ
മാരിവിൽ തേനലകൾ നിന്നഴകിൻ
മൃദുലവഴികളിൽ പീലിവിടർത്തി
ചിതറിയൊഴുകുമ്പോൾ
ഞാനൊരുതുടം പ്രേമപ്രസാദം
വിരലിണയിൽ
പകർന്നൊന്നെടുത്തോട്ടെ
പൂങ്കവിൾ ശോണിമയിൽ
പ്രേമശലഭങ്ങൾ നിരനിരയായ്
പടർന്ന് പിടയ്ക്കുമ്പോൾ
ഞാനതിൻ രാഗമാലികയിൽ
വർണ്ണമേഘങ്ങൾ നനച്ച്
ചാലിച്ചെടുത്തൊന്നണിഞ്ഞോട്ടെ
പരാജയങ്ങളിൽ പരാതിയില്ലാതെ
പരിമിതമായ അറിവിന്റെ
പാമരപ്പൊയ്കയിൽ
പ്രാണന്റെ നേരിയ പരിഭവവുമായി
തളരുവോളം നിന്നലകളിൽ
ഞാനിവിടെ നീന്തിത്തുടിച്ചോട്ടെ.