രചന : ചെറിയാൻ ജോസഫ് ✍️
ഇനിയും വിളിക്കല്ലേ
നേർത്ത മധുവൂറും താളത്തിൽ
അരുമയായി ഇനിയും വിളിക്കല്ലേ
കഴുകനും ബോംബറുമലറുന്ന
ആശുപത്രിയിടുക്കിൽ
മുലപ്പാൽ മറന്ന കുഞ്ഞുങ്ങൾ
നെഞ്ചുരുകിപ്പിടയവേ
ഇനിയും വിളിക്കല്ലേ.
ചിറകു മുറിഞ്ഞു ചോരയൊലിപ്പിച്ച സന്ധ്യക്ക്
ചേക്കേറാൻ ഒരു പകൽ കൂടി ചിത കൂട്ടവേ
ഇത്തിരിയസ്ഥിയും തലയോട്ടിയും ദർഭയും
നനുത്ത പ്രണയവും ഏതോ ശവപ്പറമ്പിനു തിലകമായി
പൊള്ളുന്ന വെയിലിൽ പച്ചത്തേടിപ്പിടയുന്നു.
ഓ ഗാസാ, ഓ യുക്രൈൻ
നിങ്ങളെന്റെ കരിഞ്ഞയോർമ്മകൾ പോലെ
നിങ്ങളുടെ നിലവിളി അടിച്ചമർത്തപ്പെട്ടവന്റെ
നെടുവീർപ്പായി ആകാശത്തിനു കീഴിൽ വിങ്ങുന്നു.
നിങ്ങളുടെ കുഞ്ഞുങ്ങൾ പുഞ്ചിരിക്കേണ്ട.
പൂക്കളേയും പൂമ്പാറ്റകളെയും മാടി വിളിക്കേണ്ട.
അമ്പിളിയമ്മാവനേയും നക്ഷത്രങ്ങളെയും ഊട്ടേണ്ട.
വറുതിയുടെ ആകാശത്തുനിന്നും തീനാളങ്ങൾ ഉണ്ടവർ വളരട്ടെ :
എന്നിട്ടും ദൂരെയാരോ വിളിക്കുന്നു,
സാമ്രാജ്യത്ത്വത്തിന്റെ ചങ്ങലക്കെട്ടുകൾ
മർത്ത്യന്റെ കരളിൽ കൊത്തിവലിക്കുമ്പോഴും
മധുരമായി ആരോ വിളിക്കുന്നു
വാളും വെളിച്ചവുമായി ആരോ വിളിക്കുന്നു.
അഗ്നിഗോളവും തീനാളവുമായി ആരോ വിളിക്കുന്നു.
——#——-