രചന : സഫി അലി താഹ✍️
എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത വിഷയം കെമിസ്ട്രിയായിരുന്നു. ഒരുപക്ഷേ നിസ ടീച്ചർ പഠിപ്പിച്ചില്ലായിരുന്നെങ്കിൽ ഞാൻ 78%മാർക്ക് വാങ്ങാൻ ഒട്ടും സാധ്യതയില്ലാത്ത ഒരു വിഷയമാണത്. പ്രണയമെന്നത് ഒരു കെമിസ്ട്രിയാണ്, അതെ ഹോർമോൺ എന്ന രാസവസ്തു നമ്മിൽ ഉണ്ടാക്കുന്ന ഒരു പ്രൊഡകറ്റ്.
ഒരാളെ കാണുന്നു, അവരുമായി സ്ഥിരമായി സഹവസിക്കുന്നു, അല്ലെങ്കിൽ കാണുന്ന ആ സമയത്ത് മറക്കാനാകാത്ത അനുഭവങ്ങൾ സന്തോഷിപ്പിക്കുന്നു, നമ്മൾ ആഗ്രഹിച്ചിരുന്ന ചില പ്രേത്യേകതകൾ അവരിൽ കണ്ടെത്തുന്നു എന്നിവയൊക്കെയാണ് ആദ്യത്തെ ബേസ്മെന്റ്…..
പിന്നെയൊരു കെട്ടിപ്പൊക്കലാണ്,
സ്ഥിരമായൊരു പ്ലാനോ ബഡ്‌ജറ്റ് ഫ്രണ്ട്‌ലി മെറ്റീരിയൽസോ, എസ്റ്റിമേറ്റൊ, എഞ്ചിനീയറോ ഒന്നുമുണ്ടാകില്ല, അതൊക്കെയും തലച്ചോറിലെ കോഡേറ്റ് ന്യൂക്ലിയസാണ് ആണ് handle ചെയ്യുന്നത്.പ്രണയത്തിന്റെ തറവാടും കിച്ചനും ഒക്കെ രൂപമെടുക്കുന്നതും,
രുചികരമായ പ്രണയത്തിന്റെ മെനു തയ്യാറാകുന്നതും അവിടെയാണ്.
ഹൈപ്പോതലാമസ്, പിറ്റ്യൂട്ടറി ഗ്ലാൻഡ്, ഹിപ്പോകാമ്പസ്, മെഡിക്കൽ ഇൻസുല, അൻ്റിയർ സിനാഗുലേറ്റ് എന്നിവയും ഫിനൈൽ ഈഥൈൽ അമീൻ (Phenylethylamine, PEA), ഡോപമൈൻ (Dopamine), നോർ-എപ്പിനെഫ്രിൻ (Norepinephrine), ടെസ്‌റ്റോസ്റ്റീറോൺ, ഈസ്ട്രജൻ എന്നീ ഹോർമോണുകളും ചേർന്നാണ് ഈ പ്രണയമെന്ന സാനത്തെ ഉണ്ടാക്കിയെടുക്കുന്നത്.
ടെസ്റ്റോസ്റ്റീറോൺ, ഈസ്ട്രജൻ തുടങ്ങിയ ചില ഹോർമോണുകളാണ് ഈ പ്രണയമെന്ന വികാരത്തെ നമ്മിൽ തൊട്ടുണർത്തുന്നത്. അതിലൊരു കൗതുകമോ, നിഗൂഢതകൾ പൊളിച്ചുമാറ്റാനുള്ള ഒരു ത്വരയോ ഒക്കെയാകും ഉണ്ടാകുക.
അതുകൊണ്ടാണ് അട്ട്രാക്ഷൻ ഉണ്ടായ ശേഷം അവരുടെ കാര്യങ്ങൾ അറിയാൻ ശ്രമിക്കുന്നത്.ചിലർക്ക് അറിയലോടെ അട്ട്രാക്ഷൻ തീരും, ചിലരുടെ wave അവരുമായി connected ആയിരിക്കും. അത് മുന്നോട്ട് പോകും, ഒരു കടൽത്തിര പോലെ തൊട്ടും തൊടാതെയും…..
ഹൈപ്പോതലാമസ് ഡോപമൈൻ ഹോർമോൺ ശരീരത്തിലേക്ക് എത്തുന്നതോടെ പ്രണയം കുറച്ചൂടി ആഴത്തിലേക്കെത്തുന്ന പ്രതീതിയുണ്ടാകും.ഇതിനൊപ്പം തന്നെ ഫിനൈൽ ഈഥൈൽ അമീൻ കൂടിയാകുമ്പോൾ പറയുകയും വേണ്ട. മോളിക്യൂൾ ഓഫ് ലവ് എന്ന് ഓമനപ്പേരിൽ വിളിക്കുന്ന ഫിനൈൽ ഈഥൈൽ അമീൻ ആണ് നാം പ്രണയിക്കുന്നവരിൽ സന്തോഷവും ആനന്ദവും കണ്ടെത്താൻ നമ്മെ സഹായിക്കുന്നത്.
മുകളിൽ പറഞ്ഞ ആ “ഈദി ആമീൻ “ഇല്ലേ അത് ചെറിയ പുള്ളിയൊന്നും അല്ല, ഇതൊരു ലഹരിപോലെയാണ്.ഇത് നമ്മിൽ ഉണ്ടായത് ആര് കാരണമാണോ അവർ കാരണമാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത് എന്നും അവരില്ലെങ്കിൽ നാമില്ല എന്നുമൊക്കെ തോന്നിപ്പിക്കും.അവരെ കണ്ടില്ലെങ്കിൽ വേദനിക്കുന്നതും അവരൊന്നു പിണങ്ങിയാൽ ചാകാൻ തോന്നുന്നതും അവരിറങ്ങി പോയാൽ ചിലർ ചാകുന്നതുമായ മാഡ്‌ലി ഇൻ ലൗ സംഭവിക്കുന്നത് ഇവിടെയാണ്.
രാത്രി മുഴുവൻ ഉറക്കമിളച്ചു സംസാരിക്കുമ്പോൾ ക്ഷീണമുണ്ടാകാത്തതിന് കാരണമായ ഊർജ്ജം നൽകുന്ന ഗ്ലൂക്കോസ് ട്രിപ്പാണ് ,നോർ-എപ്പിനെഫ്രിൻ അഡ്രിനാലിൻ എന്നത് അടിയന്തര ഹോർമോൺ (സ്ട്രെസ് ഹോർമോൺ) ഒരു വല്ലാത്ത ഉത്സാഹവും ആവേശവും ഹൃദയ സ്പന്ദനത്തിന്റെ ഉയർച്ചയും മുഖത്ത് തുടിപ്പും കണ്ണുകളിൽ ആഴവുമൊക്കെ പരസ്പരം feel ചെയ്യും.
മോളിക്യൂൾ ഓഫ് ലവ് ന്റെ ആയുസ്സ് ഏറിവന്നാൽ നാലോ അഞ്ചോ വർഷമാണ്. അതാണ് രണ്ട് വർഷം അഗാധ പ്രണയത്തിലായി വിവാഹിതരായവർ കുറച്ചുനാൾ കഴിഞ്ഞ് ആകെ നിരാശരാകുന്നത്. പ്രണയിച്ച് കുറെ കഴിയുമ്പോൾ ശരീരം കൂടി പങ്കാളിക്ക് കൊടുത്ത് ഹോ അവൻ /അവൾ കാര്യം കഴിഞ്ഞപ്പോൾ കൈയൊഴിഞ്ഞു എന്നൊക്കെ പറയുന്നതും,അവർക്ക് രണ്ടാൾക്കും സ്നേഹമില്ല എന്ന് പരസ്പരം തോന്നുന്നതും അതുകൊണ്ടാണ്.വിവാഹം കാത്തിരുന്ന് നേർച്ച നേർന്നു കെട്ടിയവർ ഭൂരിഭാഗവും വിവാഹം കഴിഞ്ഞു രണ്ടാഴ്ചയോ മൂന്നാഴ്‌ചയോ കൊണ്ട് അതുവരെയുള്ള എല്ലാ ആനന്ദവും അവസാനിച്ചെന്നും ഹോ വേണ്ടാരുന്നു എന്നൊക്കെ തോന്നുന്നതും ഈ ഹോർ”മോന്റെ “കളിയാണ്.
ചില പ്രണയങ്ങൾക്ക് ഈ ആയുസ്സൊന്നും അല്ല ഉണ്ടാകുക, നേരത്തെയോ ഇതിലും വൈകിയോ, അവസാനിക്കാതെയോ നിൽക്കാം.നേരത്തെ അവസാനിക്കുന്നതിന്റെ(six months -one year )85%വും കാര്യം കാണാൻ വേണ്ടി പ്രണയം അഭിനയിക്കുന്നതാണ് എന്നതും ഇവിടെ ചേർത്തുവായിക്കേണ്ടതാണ്.
ചിലരിൽ ഈ ഹോർ’മോന്റെ ‘കളി പെട്ടെന്ന് അവസാനിക്കും ചിലരിൽ അവസാനിക്കില്ല. അവർക്ക് ഒരു ടൈം കൊടുത്ത് അവരെക്കൂടി ജീവിതത്തിലേക്ക് കൂട്ടികൊണ്ട് വരാൻ സ്നേഹിക്കുന്നവളോ സ്നേഹിക്കുന്നവനോ മനുഷ്യനെന്ന നിലയിൽ ബാധ്യസ്ഥരാണ്.
അപൂർവ്വമായി കിട്ടുന്ന മറ്റൊന്നുകൂടിയുണ്ട്, ഒന്നാകാൻ സാധിച്ചില്ലെങ്കിലും ഹോർ”മോന്റെ”ആവേശം അവസാനിച്ചെങ്കിലും ഒറ്റപ്പെടുത്താതെ അനന്തമായി സ്നേഹിക്കുന്നവരും പ്രണയിക്കുന്നവരുമുണ്ട്. അതെങ്ങനെയാണ് എന്നല്ലേ?അതാണ് ഭംഗിയും.
ഓക്സിറ്റോസിൻ, വാസോപ്രെസിൻ, എൻഡോർഫീൻ കെമിക്കലുകളാണ് അതിന് കാരണം. ഹൈപ്പോതലാമസ് ഉൽപാദിപ്പിച്ച ഹോർമോണുകൾ പിറ്റ്യൂട്ടറി ഗ്ലാൻഡിൽ സൂക്ഷിച്ചുവയ്ക്കുന്നു. പിന്നീട് ഇവ രക്തത്തിലേക്ക് കലരുന്നു.
കഡ്ലിംഗ് ഹോർമോൺ എന്ന രാസവസ്തുവാണ് ഓക്സിറ്റോസിൻ. പ്രിയപ്പെട്ടവരുടെ സാമീപ്യവും സ്പർശനവും ഒക്കെ ആനന്ദമാകുന്നതും,
കൈപിടിക്കുന്നത്, കെട്ടിപ്പിടിക്കുന്നത്, ഉമ്മവെയ്ക്കുന്നത് ഒക്കെ ചെയ്യുമ്പോൾ സുഖവും ആശ്വാസവും പ്രദാനം ചെയ്യുന്നതും ഈ ഹോർമോണുകൾ കാരണമാണ്.long term relations ൽ വാസോപ്രെസിനും എൻഡോർഫീനുകളും എന്തൊക്കെ കൊടുത്താലും മുതലാകില്ല.
അത്രയ്ക്കും valuable ആയ ഒന്നാണത്.സ്നേഹിക്കുന്ന മനുഷ്യർ ഹാപ്പിലി എവർ ആക്കി മാറ്റുന്നത് ഇതാണ്.
മനുഷ്യരിൽ ഏറെപ്പേരും ലിംഗം കൊണ്ട് പ്രണയിക്കുന്നവരാണ്.തലച്ചോറ് കൊണ്ട് പ്രണയിക്കുന്നത് മുകളിൽ പറഞ്ഞു. പ്രണയത്തിന് മനസാക്ഷിയോ മനുഷ്യത്വമോ ഒന്നും ഏറെപ്പേരിലും കാണില്ല.അതൊക്കെ ഉണ്ടായിരുന്നു എങ്കിൽ താൻ പ്രണയിച്ചുപേക്ഷിക്കുന്ന മനുഷ്യരുടെ തീരാവേദനകൾ മനസ്സിലാക്കാനുള്ള കഴിവ് കൂടി അവർക്കുണ്ടായേനെ!മരണങ്ങൾക്ക് വിട്ടുകൊടുക്കാതിരുന്നേനെ. ചതിക്കാതിരുന്നേനെ…..
ഹോർമോണിനെ കുറ്റം പറയുമ്പോഴും ഓരോ ബന്ധത്തിലും അവർ അർഹിക്കുന്ന സ്നേഹവും മനുഷ്യത്വവും കൂടി ചേർക്കണം. എന്നാൽ സ്നേഹത്തിന്റെ അടുക്കളയിൽ നിർമ്മിക്കുന്ന ബന്ധങ്ങൾക്ക് കുറച്ചൂടെ രുചിയുണ്ടാകും ഈടുണ്ടാകും. പെട്ടെന്ന് ചീയില്ല.തീരാവേദനകളിൽ നമ്മൾ കാരണം ഉരുകിത്തീരുന്ന മനുഷ്യരെ അറിയാൻ ഏത് ഹോർമോണിനെയും തോൽപ്പിക്കുന്ന ദയയും സഹാനുഭൂതിയും മനസ്സിലാക്കാനുള്ള കഴിവും മനുഷ്യത്വവും ഉണ്ടാക്കിയെടുക്കണം. ഇല്ലെങ്കിൽ നിങ്ങളുടെ മനോഹരമായ ജീവിതത്തിൽ ഇവരുടെ കണ്ണുനീരിന്റെ ഉപ്പുപരലുകൾ കൊണ്ട് നിങ്ങളുടെ വഴികളിൽ മുറിവുണ്ടായേക്കാം.
ഒന്നൂടി പറയട്ടെ, പ്രണയത്തിൽ നിങ്ങൾ എത്ര മനസാക്ഷി ഇല്ലാത്തവർ ആകുന്നോ അത്രയും നിങ്ങൾ സന്തോഷമുള്ളവരായിരിക്കും.കാരണം അവർ നിങ്ങളോടൊപ്പം ഉണ്ടായാൽ നിങ്ങൾ സന്തോഷിക്കും.അവർ ഇറങ്ങി പോയാലും അത് നിങ്ങളെ ഒരിക്കലും നിരാശരാക്കുകയോ, സന്തോഷത്തിന്റെ തോതിനെ കുറയ്ക്കുകയോ ഇല്ല…..മറ്റുള്ളവരും അവരുടെ തീരാവേദനകളും നമുക്ക് പുല്ലാണ് എന്നൊരു ചിന്തയും വളമിട്ട് വളർത്തിയെടുത്താൽ നിങ്ങൾ രക്ഷപ്പെട്ടു…..!!
ഏത് reltaionship ആയാലും situationship ന്റെ ഉള്ളിലേക്ക് കയറ്റി ശ്വാസംമുട്ടിക്കുന്നവർ stepback.
സഫി അലി താഹ