രചന : രാജു വിജയൻ ✍️
മാനത്തൊരമ്പിളി, നേരത്തുദിക്കുമ്പോൾ
ചാരത്തു വന്നു നീ
നിന്നതെന്തേ……?
ആരുമേ പാടാത്ത പ്രിയതരമാർന്നൊരാ
പാട്ടിന്റെ ശീലു –
മറന്നതെന്തേ……?
ദൂരത്ത് ചെമ്മാനം കണ്ണീര് തൂകുമ്പോൾ
കണ്ണിണ നിറയാറുണ്ടോമലാളെ….
താരക കൂട്ടങ്ങൾ മാനത്തുലാത്തുമ്പോൾ
ഓർമ്മയിൽ നിറയാറുണ്ടോമനെ.. നീ..
പച്ച നെൽപ്പാടങ്ങൾ പാട്ടുണർത്തീടുമ്പോൾ
ഞാനിന്നുമാ കൗമാരമോർത്തു പോകും…
നീളും നിഴൽ പറ്റി പാടവരമ്പത്തെ
കുഞ്ഞു മാഞ്ചോട്ടിലായ്
നിന്ന നാൾകൾ….
നീയെന്ന സ്വപ്നത്തെ
ഒരു മാത്ര കാണുവാൻ
ഇരുൾ തിങ്ങിടും വരെ കാത്ത നാൾകൾ…
ഇന്നതെല്ലാം വെറും ഓർമ്മകളെങ്കിലും
ഇന്നും ഇടനെഞ്ചിനുള്ളിലെ
ഉൾക്കുളിർ നീ………..