രചന : രാജേഷ് ദീപകം.✍️
ചിലർ ഇരട്ടപേരിൽ അറിയപ്പെടും.ശരിയായ പേര് അടുത്ത ചില സുഹൃത്തുക്കൾക്ക് മാത്രം അറിയാം.
വിജയൻ കുറ്റിക്കാട്ടിൽആണ് സുൽത്താൻ ആയത്.അതൊരു കഥയാണ് അല്ല ജീവിതം തന്നെയാണ്.
എന്റെ സഹപാഠിയായിരുന്നു.കുറ്റിക്കാട്ടിൽഎന്ന വീട്ടു പേർ അവനെ ഒത്തിരി പരിഹാസം കേൾക്കുവാൻ ഇടയാക്കി.അതിൽ വിഷമം ഉണ്ടെങ്കിലും വീട്ടുപേർ അവന്റെ അഹങ്കാരം കൂടിയായിരുന്നു.അതിന് കാരണമുണ്ട്.നാട്ടിലെ പ്രമാണികുടുംബം.നാലുകെട്ട്.നോക്കെത്താദൂരത്തെ പാടശേഖരം.പറമ്പിൽ നിറയെ ജോലിക്കാർ.അച്ഛൻ കുറ്റിക്കാട്ടിൽ ഭാസ്കരൻപിള്ള നാട്ടുപ്രമാണി.
എന്നാൽ വിജയൻ പാവമായിരുന്നു.അവൻ കൊണ്ടുവരുന്ന പൊതിച്ചോറിൽ വി ശിഷ്ടവിഭവങ്ങൾ.അത്പങ്കുവെ ങ്കുമ്പോൾ അവന്റെ മുഖത്ത് വിരിയുന്ന സംതൃപ്തി.അതെല്ലാം ഇന്നലെപോലെ എന്റെ മനസ്സിലുണ്ട്.മാത്രമല്ല വീട്ടിൽ എന്ത് പലഹാരം ഉണ്ടാക്കിയാലും അവൻ അത് ഞങ്ങൾക്ക് തരുമായിരുന്നു.ഞങ്ങൾ അവനൊരു പേരിട്ടു.”സുൽത്താൻ “അവന്റെ വസ്ത്രത്തോളം വിലപിടിപ്പുള്ള ഒന്നും ആ സ്കൂളിൽ കുട്ടികൾക്കോ അദ്ധ്യാപകർക്കോ ഉണ്ടായിരുന്നില്ല അതാണ് സത്യം.
ഹൈസ്കൂൾ കാലം കഴിഞ്ഞ് വിജയനെ ഞാൻ കൂടുതൽ കണ്ടിട്ടില്ല.പഠനം അവിടെ അവസാനിച്ചു.
വിജയനെ കൂടാതെ ജേഷ്ഠനും മൂന്ന് അനുജത്തിമാരും അവനുണ്ടായിരുന്നു.സമ്പന്നതയുടെ നടുവിൽ നിന്നും ആ കുടുംബം തകർന്നതിന് ഒരായിരം കഥകൾ നാട്ടുകാർ പറയും.മുന്ജന്മപാപം .പറ്റിച്ചുവാങ്ങിയ ഭൂമിഎന്നും മറ്റും….
കാരണവന്മാർ ഇരിക്കെ തന്നെ ഓഹരി ഒരു പ്രശ്നം ആയിരുന്നു.മൂന്ന് സഹോദരിമാരുടെ വിവാഹം കെങ്കേമം ആയി നടത്തി.വസ്തുവക കളിൽ മുക്കാൽ ഭാഗവും അവർക്കായിരുന്നു.അവരുടെ കെട്ടിയോന്മാർ പലസ്ഥലങ്ങളിൽ ഉന്നതപദവികൾ വഹിക്കുന്നവരായിരുന്നു.
അവരുടെ ഓഹരികൾ വിൽ ക്കപ്പെട്ടു.മൂത്തജേഷ്ഠൻ അന്യമതക്കാരിയെ വിവാഹം ചെയ്തു.കാരണവർ വീട്ടിൽ കയറ്റിയില്ല.എങ്കിലും അയാൾക്കും ഓഹരി നൽകി.അത് വിൽക്കാൻ അധികതാമസവും ഉണ്ടായില്ല.
അങ്ങനെ കുറ്റിക്കാട്ടിൽ അച്ഛൻ,അമ്മ,വിജയൻ മൂന്ന് പേർ മാത്രമായി…..
അച്ഛൻ മരിച്ച് ഏഴാം നാൾ ചടങ്ങ് നടക്കവെ അമ്മയും വിജയനെ ഒറ്റയ്ക്കാക്കി കാലയവനികയിൽ മറഞ്ഞു.ദൈവദോഷം ഉള്ള തറവാട്എന്ന് അന്നും ചിലർ പറഞ്ഞു.
നാലുകെട്ടും നാലേ ക്കറും വിജയനും,കൃഷ്ണാ രാമ ഗോവിന്ദാ എന്ന് നാട്ടുകാർ വിജയനെ കളിയാക്കി.കാരണമുണ്ട്.കുടുംബപേരും തറവാടും മാത്രം.ജോലിയില്ല,നല്ല വിദ്യാഭ്യാസമില്ല….ഒറ്റയാ നെ പോലെ വിജയൻ.
പെണ്ണ്കെട്ടാൻ ശ്രമം നടത്തിയതായി അറിയാൻ കഴിഞ്ഞു.ജോലിയില്ലാത്തവന് പെണ്ണില്ല.വസ്തുവും തറവാടും നോക്കി യിരുന്നാൽ അടുപ്പിൽ തീ കത്തില്ലയെന്ന് ബ്രോക്കർ വേലായുധൻ വിജയന്റെ മുഖത്ത് നോക്കി പറഞ്ഞു.ഞാൻ വടക്കൻ ജില്ലകളിൽ ജോലിനോക്കുന്ന കാലം.കത്തിലൂടെ വിവരങ്ങൾഅറിഞ്ഞുപലതും ,തിരക്കികൊണ്ടിരുന്നു….
അവധിക്ക് വന്ന നാളിലാണ് വിവരം അറിയുന്നത്.വിജയനെ കാണാനില്ല.
ബന്ധുക്കൾ കേസ് കൊടുത്തെങ്കിലും തിരികെ വരരുതെന്ന് പ്രാർത്ഥിച്ചിരിക്കണം.അവൻ ഒറ്റയ്ക്ക് കഴിഞ്ഞ വർഷങ്ങളിൽ ഒരു ബന്ധവും അവനെ തേടിയെത്തിയില്ല………കൂടാതെ നാലേക്ക റും ..വീടും മൂന്നായി ഭാഗിക്കുന്ന കാര്യവും അവർ ചർച്ചചെയ്തു…
…….
മാസത്തിൽ ഒരു തവണ ചന്തയിലെത്തി പലചരക്കുസാധനങ്ങൾ വാങ്ങിപോകും.
അങ്ങനെ പോകുമ്പോൾ നാട്ടുപുറത്തെ കലുങ്കിന്റെ മുകളിൽ നിന്നും,ഇടവഴികളിൽ നിന്നും വിളികൾ ഉയരും..”സുൽത്താൻ,സുൽത്താൻ….
കേൾക്കാത്ത ഭാവത്തിൽ തലകുനിച്ചുപോകുന്ന അവന്റെ കഥകൾ അറിഞ്ഞത് തമ്പിയിൽ നിന്നാണ്.തമ്പിയും വിജയന്റെ ഉറ്റസുഹൃത്തായിരുന്നു
കാലം കടന്നുപോയി.വിജയനെ പലരും മറന്നുതുടങ്ങി.നാലുകെട്ടിൽ ചിതലുകൾ താമസമാക്കി.ചില ഭാഗങ്ങൾ അടർന്നുവീണു.ഓർമ്മകളുടെ സ്മാരകം പോലെ കുറ്റിക്കാട്ടിൽ തറവാട് മഴയും വെയിലും കൊണ്ട് തലകുനിച്ചുനിന്നു……
അങ്ങനെയിരിക്കെ ഡ്യൂട്ടികഴിഞ്ഞ് വെറുതെ സുഹൃത്തുക്കളോടൊപ്പം
നഗരത്തിലൂടെ നടക്കുമ്പോൾ വന്ന ഫോണിൽ അത്ഭുതവും സന്തോഷവും ഉണ്ടായിരുന്നു.തമ്പിയുടെ ഫോൺ കോൾ ആയിരുന്നു.
……നമ്മുടെ വിജയൻ വന്നു.പുതിയ ആഡംബര കാറിൽ.കൂടെ ഒരു പെണ്ണും രണ്ട് പിള്ളേരും “
പിന്നെ എല്ലാം ശരവേഗം.അവധി,യാത്ര,വീട്…..
വിജയൻ കഥയല്ല ജീവിതം പറഞ്ഞു.നാട് വിട്ടത്..പട്ടിണി കിടന്നത്.പാചകക്കാരൻ ആയത്.കാനഡക്കാരിയെ കെട്ടിയത്….ആ രാവ് പുലരുന്നത് വരെ…..
വിശേഷങ്ങളിലൂടെ കടന്നുപോകുമ്പോൾ അവൻ പറഞ്ഞു…
എനിക്ക് ഇന്ന് ഏഴുരാജ്യങ്ങളിലായി എഴുപത് ഷോപ്പിംഗ് മാളുകൾ ഉണ്ട്.ഇവിടെ ഒരെണ്ണം തുടങ്ങണം.അതിന് നമ്മുടെ പഴയ സുഹൃത്തുക്കളെ എല്ലാം വിളിക്കണം.നീയും തമ്പിയും അതിന് മുന്നിട്ടിറങ്ങണം.
അവൻ ഭാര്യയെ മക്കളെ പരിചയപ്പെടുത്തി…അന്ന് പിരിഞ്ഞു.
ഒരു ഞായറാഴ്ച്ച.പുതുക്കിപണിത കുറ്റിക്കാട്ടിൽ തറവാട്മുറ്റം ആഡംബര കാ റുകളാൽ ആൾക്കൂട്ടങ്ങളാൽ നിറഞ്ഞു.ഞങ്ങളും ഉണ്ടായിരുന്നു.
ഇന്ന് ഗ്രാമം നഗരമായി കഴിഞ്ഞു.അവിടെ അംബരചുംബിയായി നിൽക്കുന്ന “കുറ്റിക്കാട്ടിൽ പഞ്ചനക്ഷത്രഹോട്ടൽ “അടക്കം പ്രധാനനഗരങ്ങളിൽ,സംസ്ഥാനങ്ങളിൽ,രാജ്യങ്ങളിൽ നൂറുകണക്കിന് സ്ഥാപനങ്ങൾ..പതിനായിരങ്ങൾക്ക് ജോലി.നൂറ്പേരുടെ വിവാഹം നടത്തി.അൻപത് വീടുകൾ നിർമ്മിച്ചു നൽകി.ബ്രോക്കർ വേലായുധന്റെ മകന് ജോലി കൊടുത്തു.
വിജയൻ വിജയൻ തന്നെ…
അവൻ പതുക്കെ ചോദിച്ചു…
കഴിക്കുമോ?
ചിരി കൂട്ട ചിരിയായി..
ഞാൻ അവനെ ചേർത്തുനിർത്തി ഉറക്കെ പറഞ്ഞു.”ഇത് ഞങ്ങളുടെ സുൽത്താൻ “അപ്പോൾ കിഴക്ക് പ്രഭാതസൂര്യൻ ഉദിക്കുകയായിരുന്നു.