രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍️
പോകുവാനുണ്ടിനിയൊരു അന്ത്യയാത്ര
പോകാൻ കൊതിയ്ക്കാത്ത ദീർഘയാത്ര
പോയേ മതിയാകൂ ആ പുണ്യയാത്ര
പോരേണ്ട ആരും വേണ്ട വിലാപയാത്ര
പോകുമ്പോളൊന്നും കരുതുവാനുമില്ല
പോകട്ടെ അനുഗമിക്കാനാരും വരില്ല
പോകുവാൻ മുഹൂർത്തം നോക്കാനില്ല
പോകുന്നു ആരോടും യാത്ര പറയുന്നില്ല
പോകുവാൻ വസ്ത്രങ്ങൾ തയ്പ്പിക്കേണ്ട
ഒരുങ്ങുവാൻ ചമയങ്ങളൊന്നും വേണ്ട
യാത്രയിൽ പ്രിയരാരും കൂടെ വരില്ല
പോക്കിലും വന്നതെന്തിന്… അറിവുമില്ല
പോയ കാലങ്ങൾ ഇനി കൂടെ വരില്ല
പോകാതെ സൂക്ഷിച്ചതൊന്നും വേണ്ട
പുകഴ്ത്തിപ്പറയാനാരും തുനിയുകില്ല
പോരായ്മകളിലോ പരിഭവമൊട്ടുമില്ല
പോക്കുവെയിലിനി നാളെ കാണുകില്ല
പോയി ചത്തുകൂടെ എന്ന ചോദ്യവുമില്ല
പോകണം എനിക്കുമാ പുണ്യയാത്രാ
പോകാഞ്ഞാൽ ജീവിതമിനി നരകയാത്ര
പോകുമ്പോൾ മറക്കുക മടക്കയാത്ര
മുടക്കുവാനാർക്കുമിനി കഴിയുകയില്ല
പോയി വരാമെന്ന് പ്രിയ വാക്കുമില്ല
പോകുന്നവർ പോകുമതിൽ തർക്കമില്ല
പോയിക്കഴിഞ്ഞാലിനി സ്ഥാനമെന്ത്
പോകിലോ ഓർമ്മകൾ എത്രകണ്ട്
പോക്കിലും നാളുകൾ ഓർമ്മിക്കുവാൻ
പോണപോക്കുവരെ നിന്നിൽ നന്മയെന്ത്
പോകട്ടെ ഞാനും അതിവിദൂര യാത്ര
പോകാൻ കൊതിക്കുന്നു ഇന്നന്ത്യയാത്ര
പോകാൻ തിടുക്കമായാ പാവനയാത്ര
പോകാനൊരുങ്ങി ഞാൻ അവസാനയാത്ര