രചന : റെജി.എം.ജോസഫ് ✍️
(ബാല്യകൗമാര കാലത്തിൽത്തന്നെ, മാതാപിതാക്കളെ നഷ്ടപ്പെട്ട കഥ പറഞ്ഞ സഹപ്രവർത്തകയ്ക്ക് വേണ്ടി! അച്ഛനുമമ്മയും സ്വർഗ്ഗത്തിലിരുന്ന് മകളോട് സംസാരിക്കുന്ന നിമിഷമാണ് കവിതയിലൂടെ ഇതൾ വിരിയുന്നത്! കവിത – അമ്മമനം)
ഇവിടെ നിറയെത്തണുപ്പാണ് കുഞ്ഞേ,
ഇരുട്ടാണതെങ്കിലുമൊറ്റക്കുമല്ല!
ഇനിയും ഞാനിവിടാണതെന്നേക്കുമത്രേ,
ഇല്ല ഞാനവിടേക്ക് തെല്ലു പോലും!
അറിയുന്നു ഞാൻ നിൻ വിശേഷമെല്ലാം,
അവിടെ നിനക്ക് സുഖമെന്നറിവൂ!
അച്ഛനെക്കണ്ടതൊരോർമ്മ നിനക്ക്,
അല്ലലറിയാതെയമ്മ നോക്കീല്ലേ?
നിന്നെയെടുത്തൊന്നൊരുമ്മ നൽകാൻ,
നിറയെക്കൊതിച്ചിരുന്നെത്രവട്ടം!
നിദ്രയിലേറുന്ന നേരത്തിനും മുമ്പേ,
നീ വളരേണമെത്ര കൊതിച്ചു ഞാൻ!
അമ്മക്ക് വയ്യാതെയാണെന്നറിയവേ,
അശ്രു പൊഴിഞ്ഞന്ന് നിൽപ്പതുമോർപ്പൂ!
അന്നെന്റെയുള്ളേറെ വെന്തിരുന്നെന്നത്,
അറിയരുതെന്ന് ഞാൻ മോഹിച്ചിരുന്നു!
അമ്മിഞ്ഞപ്പാലിൻ മധുരമൊന്നല്ലാതെ,
.അറിഞ്ഞിട്ടതേയില്ല നീ തെല്ലുമേ!
ആഗ്രഹമില്ലാഞ്ഞിട്ടല്ല കുഞ്ഞേയൊട്ടും,
ആവാതെ പോയതാണെന്റെ കുറ്റം!
ഉറക്കത്തിലേക്ക് നീ പോകുന്ന നേരത്ത്,
ഉണർന്ന് ഞാൻ നിന്നോട് ചേർന്നു കിടന്നു!
ഉയരുന്ന ശ്വാസനിശ്വാസങ്ങളോടെത്ര,
ഉമ്മ ഞാനേകിയിട്ടുണ്ട് നിനക്ക്!
അമ്മക്കിവിടെ സുഖമാണ് കുഞ്ഞേ,
അച്ഛനുമുണ്ടെന്റെയൊപ്പമിവിടെ!
അവിടെ നിൻ യാത്രയുമൂണുമുറക്കവും,
അറിയുന്നു ഞങ്ങളിരുവരുമെന്നും!
തളരല്ല് തെല്ലും, തലയുയർത്തീടുക,
തനിച്ചല്ല നീയവിടെന്നതുമോർക്ക!
തണലായി നിനക്കവിടേറെയാളുണ്ട്,
തങ്ങളിൽച്ചേർത്തേറെയോമനിക്കില്ലേ?
പെണ്ണെന്ന പേരിലഭിമാനം കൊള്ളുക,
പെരുമയുയരട്ടെ നിന്റെ പേരിൽ!
പേരുദോഷങ്ങൾ ഉയരുകയില്ലൊട്ടും,
പൊന്നേ നിനക്കെന്റെ കാവലുണ്ട്…!