കൂട്ടായ് ഏകമനസ്സായ് കൂട്ടുകുടുംബമായ്
കൂട്ടുകാരെപ്പോലെ
വസിച്ചിരുന്നതാം
മൂന്നു തലമുറകൾ ..
അച്ഛനുമമ്മയും മുത്തശ്ശീ മുത്തച്ഛൻമാരും
കഥകളുമക്ഷരശ്ലോകങ്ങളും,
പുരാണേതിഹാസ പാരായണമിങ്ങനെ
പലതാം രസമായ ഗീതികൾ
കൊണ്ടാടിയും…
കൂട്ടുകുടുംബം സന്തോഷമായ് കടന്നു പോയ് മൂന്ന് തലമുറകൾ…
മുൻ തലമുറകൾ നല്കിയ തറവാട്ടു ധരണിയെ കീറിമുറിച്ച്
ഓഹരിവെച്ച നേരം,
ഇന്നതിന്നാൾക്കെന്ന്
ആധാരത്തിൽ രേഖപ്പെടുത്തിയും,
പ്രധാന പാതകളുള്ളതാം
വസ്തുവും…..
എന്നാലതിൻ മദ്ധ്യേയുള്ള ഓഹരിയിൽ
പ്രധാന പാതയിലിറങ്ങാനുള്ള വഴി
ഏതെന്നു സൂചനയില്ലാതെ പതിപ്പിച്ചു
കാലമേറെയായ്….
നാലാം തലമുറ വിവാഹിതരായ്
ഈയുഗത്തിലെ
സ്വാർത്ഥരാം പുതു പങ്കാളികൾ വന്നു
ജീവിതം എൻ്റേതു നിൻ്റേതെന്നു തിരിച്ചും,
വഴി വിലക്കിയും കൂട്ടുകുടുംബം ഛിന്നഭിന്നമായി
കൂട്ടു വേണ്ട സ്നേഹം വേണ്ട വിച്ഛേദിച്ചു രക്തബന്ധം….
ഊട്ടിയുറക്കിയ കൈകളിൽ
പകയുടെ കരിതേച്ചു.
സ്നേഹം വാരിക്കോരി
വളർത്തിയ ഹൃദയത്തിൽ
കാരമുള്ളുകൾ കുത്തിയിറക്കി….
മണ്ണുമാന്തിതൻ മൂളലും
ചീറ്റലും തട്ടലും മുട്ടലും
മണ്ണിടിച്ചതിർത്തിയിൽ
കുടുംബക്കാർ കാലങ്ങളായി ഗമിച്ച പാതയും
വെട്ടി കുഴിയാക്കി ബന്ധം മുറിച്ചു..
പരേതരായ പ്രിയ
മാതാപിതാക്കളേ ….
ആധാരത്തിലെന്തേ പറഞ്ഞില്ല വസ്തുവിൻ
മദ്ധ്യേയുള്ളതാം ഓഹരിക്കാർക്ക്
അതിർത്തിയിൽ വഴിയുണ്ടെന്ന്…
പോയ് മറഞ്ഞവർ തൻ
അബദ്ധങ്ങൾ, വരുന്ന
വിരുതർക്ക് വിജയമായ്ത്തീരുന്നു ചിലവ, ചിലർക്ക്
പരാജയങ്ങളും ….
ആധാരങ്ങൾ രേഖയാക്കീടുന്ന
നേരം ചിന്തിച്ചിടേണം
തുല്യ നീതിയെല്ലാ മക്കൾക്കും ഓഹരിയിൽ
വന്നിടേണമില്ലെന്നാൽ
വെട്ടി മുറിച്ചിടും രക്തബന്ധങ്ങളെ….

By ivayana

Leave a Reply

Your email address will not be published. Required fields are marked *