ന്റെ വീട്ടിൽ നിന്നും,
ഒരോട്ടം വച്ചു കൊടുത്താൽ,
ഒറ്റ മിനിറ്റ് കൊണ്ട് എത്താവുന്ന ദൂരത്തിൽ,എനിക്കൊരു
ഉമ്മച്ചിക്കുട്ടി കൂട്ടുകാരിയും, പിന്നെ
വീടിന്റെ തൊട്ടടുത്തായി
മറ്റൊരു കൂട്ടുകാരിയും ഉണ്ടായിരുന്നു….
ഇവരോട് ഒന്നിച്ചാണ്,പത്താം ക്ലാസ്സ് വരേം ഞാൻ സ്കൂളിൽ പോകേം വരികേം ഒക്കെ ചെയ്തിരുന്നത്.
ഇതിൽ,
ആ ഉമ്മച്ചിക്കുട്ടിയെ
മിക്ക അവധി ദിവസങ്ങളിലും ഞാൻ പോയി ന്റെ വീട്ടിലേയ്ക്ക് വിളിച്ചു കൊണ്ട് വരുകേം
അമ്മ അപ്പോഴുണ്ടാക്കിയ
നല്ലെണ്ണ തെളിഞ്ഞു നിൽക്കുന്ന കടുമാങ്ങയും ചോറും, കറികളും കൂട്ടികുഴച്ചു ഒരു പാത്രത്തിൽ നിന്നും അതീവസ്വാദോടെ ഞങ്ങൾ ഭക്ഷണം കഴിക്കുകയും,
കുഞ്ഞു
ഉരുള ഉരുട്ടി ഞാൻ അവൾക്ക്
വാരിക്കൊടുക്കുകയും,ഒപ്പം ഓരോരോ തമാശകൾ പറഞ്ഞു ഞങ്ങൾ പൊട്ടിച്ചിരിക്കുകയും, എരിവ് ഞെരുവയിൽ കയറിയിട്ട് പരസ്പരം തലക്കിട്ടു തട്ടുകയും,കണ്ണ് നിറഞ്ഞു തുളുമ്പിയാലും പിന്നിം പിന്നിം നിർത്താതെ ചിരിക്കുകയും ചെയ്യുമായിരുന്നു.
ഞങ്ങടെ,
ഈ ത്രിമൂർത്തി കൂട്ടുക്കെട്ടിൽ,
ഏറെ വചാലതയോടെയും, പ്രസരിപ്പോടെയും സംസാരിച്ചിരുന്നത്,
ന്റെ വീടിന് തൊട്ടടുത്തുള്ള കൂട്ടുകാരി ആയിരുന്നു.
എന്നും
രാവിലെ
ഒത്തിരിയൊത്തിരി കാര്യങ്ങൾ കുത്തിനിറച്ചു
എടുക്കാനാവാത്തൊരു പുസ്തകസഞ്ചിയും ചുമന്നാണ്, അവൾ എന്നെ വിളിക്കാനായി
വരുന്നത്.
അച്ഛൻ ഇല്ലാത്ത തക്കം നോക്കി,
വൈകി എണീറ്റ വെപ്രാളത്തിൽ,
ഞാനപ്പോൾ തല മാത്രം ഉരുളിയിലെ വെള്ളത്തിൽ മുക്കി വച്ചൊരു കാക്കകുളി കുളിക്കയാവും.ആ രഹസ്യം കണ്ടുപിടിച്ച മട്ടിൽ അഴിയൂടെ അപ്പുറത്ത് നിന്നും കളിയാക്കി ചിരിച്ചു കൊണ്ട് വന്നവൾ എന്നേം,ഒരുക്കിയെടുത്തു, കയ്യിലുള്ള കഥയുടെ കളിചെപ്പ് തുറക്കാനുള്ള ധൃതിയിൽ
നേരെ അടുത്ത കൂട്ടുകാരിയുടെ വീട്ടിലേയ്ക്ക് പോവും.
റോഡ് ക്രോസ്സ് ചെയ്യേണ്ടത് കൊണ്ട്,
അവിടേയ്ക്ക് പോകാതെ അവൾ വരുന്നതും കാത്ത്
തൊട്ടടുത്തുള്ള
സിദ്ധൻമാമന്റെ കടയുടെ മുന്നിലാവും അക്ഷമയോടെ ഞങ്ങൾ:അവളേം
കാത്ത് നിൽക്കുക.
“സോപ്പും വാങ്ങിയിപ്പോ പോയതേയുള്ളൂ”
എന്നോ,
ഹിന്ദി ട്യൂഷൻ കഴിഞ്ഞു വന്നേ ഉള്ളൂ എന്നോ,സിദ്ധൻ മാമൻ പറഞ്ഞാൽ :
അതോടെ
ഇന്ന്, താൻ കരുതി വച്ച കാര്യങ്ങളുടെ കെട്ടഴിക്കാൻ ഇനിം സമയം വൈകുമല്ലോന്നോർത്തു വിമ്മിട്ടപെട്ടവൾ അതിന്റെ അറ്റവും മൂലയും സസ്പെൻസ് വിടാതെ എന്നോട് പറഞ്ഞു കൊണ്ടിരിക്കും.
അപ്പോഴേക്കും, അതാ,
കുളിച്ചൊരുങ്ങി സുന്ദരിയായി
റോഡും മുറിച്ചവൾ നടന്നു വരുന്നത് കാണാം
കാഥികൻ സാംബശിവന്റെ ഭാഷയിൽ പറഞ്ഞാൽ,
“അത് കാണേണ്ടൊരു കാഴ്ച തന്നെയാണ്!”
യൂണിഫോമിൽ ആയാലും,
കളർ ഡ്രെസ്സിൽ ആയാലും
ഞങ്ങടെ ഈ ചങ്ങായി
ഒരു മുംതാസിനെക്കാട്ടിലും
മനോഹരി ആയിരുന്നു…..
എന്നാലും
ഞങ്ങൾ
അവൾക്കായ് മുല്ലപ്പൂ കോർത്തു കെട്ടിയതും……
അമ്പലത്തിൽ നിന്നും കിട്ടുന്ന റോസാപ്പൂവും മറ്റും
ആ ഇടതൂർന്ന മുടിയിൽ തിരുകി വച്ചും,
നെറ്റി മേൽ പൊട്ടും ചന്ദനവും അണിയിച്ചും …
അവളെ കുറച്ചും കൂടി സുന്ദരിയാക്കി ഓമനിച്ചങ്ങിനെ കൂടെ കൊണ്ടു നടന്നു..
ഏതായാലും
ഇവളും കൂടി, സംഘത്തിൽ വന്നു ചേർന്നാലുടനെ,മറ്റവൾ
മുല്ലപ്പെരിയാർ തുറന്ന മാതിരി
കരുതി വച്ചിരുന്ന വല്ല പുളു കഥയോ, നാട്ടിൽ നടന്ന സംഭവവികാസങ്ങളോ,ഇനി അതുമല്ലെങ്കിൽ അവള്ടെ തന്നെ വീട്ടിൽ നടന്ന തമാശകഥകളോ, ഇന്നലെ കണ്ട സിനിമാക്കഥയോ, യാത്രാവിവരണമോ ഒക്കെ ഹൃദ്യമായും, വളരെ നാടകീയമായും പറയാൻ തുടങ്ങും.ഞങ്ങൾ അവളുടെ ഇരുവശത്തുമായി അതൊക്കെ കേട്ട് ചിരിച്ചു വല്ല പുഞ്ചപ്പുളിയോ ഉപ്പിലിട്ട നെല്ലിക്കയോ ചവച്ചു രസിച്ചു കൊണ്ട് നടക്കും.
പലപ്പോഴും,
സ്കൂൾ എത്തിയാലും ഈ കെട്ടുകഥ
ഒട്ട് തീരുകേം ഇല്ല!
തൽക്കാലം വിഷമത്തോടവൾ
ബാക്കി സ്കൂൾ വിടുമ്പഴത്തേയ്ക്കായി
മാറ്റി വയ്ക്കും.
ഭാഗ്യവശാൽ
ഞങ്ങൾ മൂന്ന് പേരും മൂന്ന് ഡിവിഷനുകളിൽ ആയിരുന്നു.. വൈകുന്നേരം ഏറ്റവും അവസാനമാണ് എന്റെ ക്ലാസ്സ്‌ വിടുന്നത്.
വരിയിലൂടെ ഞാൻ നടന്നു വരുമ്പോൾ അവർ രണ്ടാളും ചിരിച്ചു കൊണ്ട് ഗേറ്റിൽ എന്നേം കാത്തു നിൽക്കുന്നുണ്ടാവും..
അത്രേം നേരവും “അതെന്നേ” ഓർത്തിരുന്നത് പോലെ എന്നെ കണ്ട മാത്രയിൽ വീണ്ടുമവൾ
കഥ തുടരും…
ഇങ്ങിനെ
കഥയും കേട്ട് നടക്കവേ,
എന്റെ മൂക്കിൻ തുമ്പിലും മേൽചുണ്ടിലും വിയർപ്പ് മണികൾ പൊന്തി വരും.
അപ്പോഴൊക്കെ, പതിയേ ഞാൻ
ഈ കഥപറച്ചില്കാരിയുടെ തോളിൽ മുഖമമർത്തി നന്നായതങ്ങു തുടയ്ക്കും. കാഥിക ഇതൊട്ട് അറിയേം ഇല്ല.
ഏതാണ്ടൊരു പത്താം ക്ലാസ്സ്‌ വരേം ഈ സൗശീലം ഞാൻ ആ പ്രിയംവതയോട് തുടർന്നു കൊണ്ടിരുന്നു.
ഇതിനിടയ്ക്ക് ചില രസങ്ങളുണ്ട് :
ഞങ്ങൾ സ്കൂളിലേക്ക് നടന്നു പോകുമ്പോൾ
അവിടവിടെ കൂൺ മുളച്ച പോലെ ആൺകുട്ടികൾ അകമ്പടി സേവിക്കാനായി കാത്തു നിൽപുണ്ടാവും..
ഞങ്ങടെ ഈ സുന്ദരീമണി കൂട്ടുകാരിയെ
കാണുവാനായിട്ട്..അല്ലാതെ ഈ കരിയിലക്കിളികളെ അല്ല!!😜
അവർക്കൊക്കെ, ഞങ്ങൾ ഓരോ ഇരട്ടപ്പേരിട്ട് കൃത്യമായി മാമോദീസ നടത്തിയിരുന്നു..
“അയ്യോ!ഞാൻ എത്താൻ താമസിച്ചു പോയോ!!
എന്ന മട്ടിൽ സൈക്കിളിൽ പറന്നു വന്നു,
തുടരെ തുടരെ
ബെല്ലടിച്ചു,ശ്രദ്ധ ക്ഷെണിക്കുന്നതിനൊപ്പം ,ഒന്ന് പുഞ്ചിരിച്ചു, കടന്നു പോകുന്ന അയാളെ :
ഞങ്ങൾ “പുഞ്ചിരി “എന്ന് പേരിട്ടു.
വീടിന്റെ കവാടത്തിൽ കാത്തു നിന്നു ഞങ്ങൾ അടുത്തെത്തുന്നതും
തൊണ്ട കൊണ്ട് വല്ലാണ്ടങ്ങു മുരടനക്കുകയും, കുളിരുന്ന ശബ്‌ദം ഉണ്ടാക്കുകയും ചെയ്യുന്ന
ചെക്കനെ “കിച് കിച്ച് ‘എന്നും വിക്സ് എന്നും കുളിർമ്മ എന്നും കളിയാക്കി പറഞ്ഞു ചിരിച്ചു.
മുഖം നിറയേ പൌഡർ പൊത്തി വരുന്നവനെ” കുട്ടിക്കൂറാ” ‘യെന്നും തലമുടി നീട്ടി വളർത്തിയവനെ ഹിപ്പി എന്നും ചപ്രത്തലയനെ ചട്ടിതലയൻ ‘എന്നും ഒക്കെ പല വിധം പേരുകൾ വിളിച്ചു
ഞങ്ങൾ ചിരിച്ചു വശായി..

അല്ലേ
ഇത്രേം നേരം:
മാഞ്ചോട്ടിലേയ്ക്കു തുറന്ന ജനാലയുടെ അരികിലിരുന്നു..ഞാൻ എന്റെയീ പോയ കാലസന്തോഷങ്ങൾ ടൈപ്പ് ചെയ്യുക ആയിരുന്നു :..
പുറത്ത് വേപ്പ് മരത്തിന്റെ തണലിനുള്ളിലിരുന്നൊരു കുഞ്ഞിക്കിളി ചിലച്ചു കൊണ്ട് ചോദിക്കുന്നു..
എന്നിട്ടോ!!
എന്നിട്ട്………..
മ്മ്… മ്മ്മ്…..
ആ കൂട്ടുകാരികൾ വളർന്നു…
മൂന്ന് പേരും വിവാഹിതരായി.
അതിൽ
ആ ഉമ്മച്ചികുട്ടി ഇപ്പൊ കുടുംബസമേതം ഗൾഫിലാണ്.ഞങ്ങൾ കണ്ടിട്ടോ, മിണ്ടിയിട്ടോ ഇപ്പോൾ
ഏതാണ്ട്
ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞിരിക്കുന്നു..
കാണാത്ത ദൂരത്ത് അവൾ എന്നെ ഓർക്കാറുണ്ടോ….. ആവോ..!!”
ഞാൻ ഇങ്ങിനെ ഒരു പൊട്ട എഴുത്തുകാരി ആയതോ…
ഒരു ചെറിയ പുസ്തകം അച്ചടിച്ചിറക്കിയതോ…
ഒന്നും അവൾ അറിഞ്ഞിട്ടുണ്ടാവില്ല്യ.. തീർച്ച!!
ബാല്യത്തിന്റെ നിഷ്കളങ്കതയും നന്മയും ഒക്കെ,നാം വളരുംന്തോറും ശുഷ്കിച്ചു ശുഷ്കിച്ചു,ഇല്ലാതായി അവസാനം കറുത്ത മൂടാവിക്കുള്ളിൽ മനസ്സിനെയും പൂർണ്ണമായും മറയ്ക്കപെടുന്നു..!!!
ഇനിയുള്ള
മറ്റേ കൂട്ടുകാരിയെ
നാട്ടിൽ അമ്പലത്തിലെ ഉത്സവത്തിനും,,
ചില വിവാഹചടങ്ങുകളിലും, മരണങ്ങളിലും ഒക്കെ വച്ചു കാണാറുണ്ട്..
ഏത് തിരക്കിലും
എന്റെ തലവട്ടം കണ്ടാൽ
പഴേ അതെ സ്നേഹത്തോടെ
ഒരു നോക്ക് കാണാൻ കൊതിച്ച പോൽ
ആ ബേബി ശാലിനി
ഓടി വന്ന്
എന്നെ പൂണ്ടങ്കം കെട്ടിപ്പിടിക്കും ..
ഇന്നോളവും അവളുടെയീ കലർപ്പില്ലാത്ത സ്നേഹത്തിൽ യാതൊരു കാപട്യത്തിന്റെയും ഒരു പൊടി പോലും കണ്ടു പിടിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല.
ഈ രംഗങ്ങൾ
അവളുടെ അച്ഛൻ, അമ്മ,, ഭർത്താവ്, മകൾ സഹോദരങ്ങൾ
എല്ലാരും നിറഞ്ഞ കൗതുകത്തോടെയും സ്നേഹത്തോടെയുയാണ്, കണ്ടു നിന്ന്
സന്തോഷിക്കുന്നത്…
ദേ ഇന്നലെയും കൂടിയും…

S. വത്സലാജിനിൽ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *