രചന : കല ഭാസ്‌കർ ✍️
ഓർമ്മയുടെ കള്ളറകൾ
ഓരോ ദിവസവും
തുറന്നു നോക്കുന്നു.
ഒളിച്ചു വെച്ച്
ഓർത്ത് ചിരിക്കാൻ,
മതി മറന്നു രസിക്കാൻ,
വാപൊത്തിക്കരയാൻ,
ഭയന്ന് കണ്ണു പൊത്താൻ,
നെഞ്ചിലിട്ട് പൂട്ടിവെയ്ക്കാൻ
വിലപിടിച്ചതെന്തെല്ലാമെന്ന്
പരതി നോക്കുന്നു.
ആകെയുള്ളതൊരു വിഭവം;
ജീവിതം – രസപാകം.
ജലം പോൽ സ്വച്ഛം;
നിർമലം,നിർമ്മമം.
ഉറ്റുനോക്കിയാലടി-
ത്തട്ടിലുണ്ടാകാമൊരു
തുറക്കാ വിഷക്കുപ്പി,
എടുക്കാ കയർ ചുരുൾ ,
കൊളുത്താ തിരിവിളക്ക്,
മുദ്ര മാഞ്ഞൊരു മോതിരം
ചെമ്പു തെളിഞ്ഞൊരു പൂത്താലി
എറിയനറിയാത്തവൻ്റെ വടി,
ഉന്നമില്ലാത്ത
കൂർമ്മുന കൽക്കൂട്ടം.
നീ നിന്നെ മറക്കും ദിനം,
മുളയ്ക്കും, തളിർക്കും
പൂവിടുമെന്ന്
എങ്ങു നിന്നോ
പല കാലം ഉള്ളിൽ
ചിതറി വീണതാം
ചില വിത്തുകൾ.
വളരട്ടെ വേഗമാ വനസ്ഥലി ,
എൻ്റെയെന്നൊന്നും
തൊടാനാകാവിധം
പടരട്ടെയാ പെരുംപച്ചത്തഴപ്പ്.
ചിറകടിച്ചെത്തും കൊടുങ്കാറ്റ –
തിൻ മുമ്പണയട്ടെ, വസന്തം,
പരക്കെ പരക്കട്ടെ
നിറസുഗന്ധം .