തച്ചോളി ഓമനക്കുഞ്ഞൊതേനൻ…’
വടക്കൻപാട്ടിൽ, ആൾത്തിരക്കിൽ,
കുത്തിനിർത്തും പന്തവെളിച്ചത്തിൽ
പൊന്ന്യത്ത്, ഏഴരക്കണ്ടത്തിൽ ഞാനുമലിയുന്നു.
ചമച്ച കോട്ടകവാടംകടക്കുമ്പോൾ
ഇരുപുറവുമങ്കക്കളരിച്ചിത്രങ്ങൾ,
കളരി മർമ്മ ചികിത്സകൾ,
എണ്ണ, തൈല, മരുന്നുശാലകൾ…
അധികാരവാഹിയാം പഴയ പല്ലക്കിരിക്കുന്നു,
ഇനിയും തുരുമ്പുപൂക്കാത്ത ഗതകാല
ചോരക്കഥകൾ ചിലമ്പുന്നായുധങ്ങൾ,
അങ്കംകാണാനെത്തിയ താളിവേണ്ടാത്ത
പുതിയ പൊന്നിയം മങ്കമാർ.
പൊന്ന്യത്ത്, ചേകോച്ചോരകൾ
വീണുവീണിപ്പോഴും വീര്യമേറും ചോന്ന മണ്ണിൽ
ഉയർന്ന പുത്തനാമങ്കത്തട്ടിൽ,
കളരിവിളക്കൊപ്പം തിളങ്ങി
വീറോടെ കൈ,മെയ് മറന്നു
കച്ചമുറുക്കുന്നു കുഞ്ഞിയാർച്ചമാർ, കുട്ടിച്ചേകോന്മാർ.
താളത്തിൽ വായ്ത്താരി മുഴങ്ങുന്നു,
വണക്കങ്ങൾകഴിച്ച്,
മെയ്ത്താരി, കോൽത്താരി, അങ്കത്താരികൾ,
വെറുംകൈ, അടി, ആയുധമുറകൾ,
വടിവുകൾ, ചുവടുകൾ…
വടക്കനും തെക്കനും ഇടനാടനും
പിന്നെ തുളുനാടനുമങ്ങനെ
പലനാട്ടു കളരിവീര്യർ കാട്ടുമത്ഭുത
കളരിയഭ്യാസക്കാഴ്ചകൾ!
ആടിയുലഞ്ഞു ചുരുളുന്നുറുമികൾ
മിന്നൽപോൽ, മാനത്തു
പതിനാറാം നൂറ്റാണ്ടുപൊന്തുന്നു!
കതിരൂർ കളരിഗുരുക്കളും
തച്ചോളി മാണിക്കോത്ത് ഒതേനനുമുദിക്കുന്നു,
കുംഭംരാശിയിലാകാശമങ്കത്തട്ടൊരുക്കുന്നു.
ലോകനാർക്കാവിലെ വാക്പോരു കുറിച്ചോരങ്കമാണിന്ന്.
പൊന്ന്യത്തങ്കത്തട്ടിൽ പടവിളി കനക്കുന്നു,
പടക്കോഴികൾ കൊത്തിപ്പിരിയുന്നു,
¹ആകാശപ്പൊയ്യത്തിൽപ്പോലും
സൂചിപ്പഴുതില്ല കൊത്തുവാൻ,
¹തൂശിക്കരണവും ¹തുണ്ണിപ്പൊയ്ത്തും
കഴിഞ്ഞും വീഴാതടരാടുന്നു വീരർ…
ഏറിയ ജനങ്ങൾ ആർത്തിടുന്നു.
കാറ്റാഞ്ഞുവീശുന്നു, ഏറെപ്പഴികേട്ട
പൂഴിക്കടകനടിക്കുന്നൊതേനൻ,
ചുഴലിയായ്പ്പൊങ്ങി ചുരികയാലാഞ്ഞുകൊത്തി,
ഇരുമുറിയായ് മതിലൂർ ഗുരുക്കൾവീഴുന്നു,
ഒരു വലിയ നക്ഷത്രം ചുവന്നൊലിക്കുന്നു.
തട്ടിൽ മറന്നിട്ട കട്ടാരമെടുക്കുവാൻ
തിരിച്ചെത്തി, ആന തടുത്താലും
നില്ക്കാത്തുദയനൻ,
കതിരൂരിലെ പൊൻകതിർപ്പാടങ്ങൾ കണ്ടപ്പോൾ
‘ചുണ്ടങ്ങാപ്പോയിലു മായൻ പക്കി’
അരയാൽമറവിൽ പതിഞ്ഞിരുന്ന്
വെടിവെച്ചുവീഴ്ത്തുന്നാ
അറുപത്തിനാലങ്കം ജയിച്ചവനെ!
അവസാന പന്തവും കെട്ടുപോയ്,
ആളുമങ്കവുമൊഴിഞ്ഞാകാശമിരുളുന്നു,
തച്ചോളിപ്പാട്ടിന്റെയവസാനമാകുന്നു.
**കെട്ടുകഴിച്ചൊരു നേരത്തിലും
കിടന്നുമരിച്ചല്ലോ കുഞ്ഞിഒതേനൻ
തച്ചോളിയോമന കുഞ്ഞിഒതേനൻ…
മടങ്ങുമ്പോഴുള്ളിലെ
ഏഴരക്കണ്ടത്തിലൊരു വിത്തുവീഴുന്നു,
‘എന്നിലാരാണു ചാപ്പൻ
ഇവിടെ ആരാണു ചാപ്പൻ.’
✍️

ദിജീഷ് കെ.എസ് പുരം

പൊന്ന്യത്തങ്കം – തച്ചോളി ഒതേനനും കളരിഗുരുക്കളായ കതിരൂർ (മതിലൂർ) ഗുരുക്കളും മൂന്നര നൂറ്റാണ്ടു മുൻപ് അങ്കംവെട്ടിയ പൊന്ന്യം ഏഴരക്കണ്ടം (കണ്ണൂർ ജില്ല) എന്ന സ്ഥലത്ത്, സ്മരണ പുതുക്കുന്നതിനായി സ്ഥാപിച്ച പുതിയ അങ്കത്തട്ടിൽ ഇപ്പോൾ എല്ലാ വർഷവും കുംഭമാസത്തിൽ നടക്കുന്ന പൈതൃകോത്സവം.

By ivayana

Leave a Reply

Your email address will not be published. Required fields are marked *