രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍️
മനുഷ്യൻ ഒരുപാടു മാറിപ്പോയി
മനസ്സോ അതിലേറെമലിനമായി
മയങ്ങിനടക്കുന്ന മന്ദബുദ്ധിയായി
തീരാത്ത മടിയുടെ മടിയിലായി
പണത്തോടു തീരാത്ത ആർത്തിയായി
പദവിക്കുവേണ്ടി കിടമത്സരമായി
മനസുമരവിച്ചീട്ടും ആസക്തിയായി
മരണത്തെ വെല്ലുന്ന വാശിയായി
പകൽരാത്രികൾ ഭേദമില്ലാതെയായി
പകുതിമരിച്ചപോലെ പാപിയായി
പലകുറി തോറ്റീട്ടും ജേതാവായി
ജയിച്ചവനെവെച്ചു ചൂതാട്ടമായി
എടുത്തതുംകൊടുത്തതും മറവിയായി
തിരിച്ചതും, മറിച്ചതും തിരിയാതെയായി
ഒരുനാലുപേരുടെ നിഴൽനാടകം
ഒരുപാടുപേരെ വെറും വിഡ്ഢികളാക്കി
മനുഷ്യൻ ഒരുപാടുമാറിപ്പോയി
മതിൽക്കെട്ടുകൾക്കുള്ളിൽ തടവിലായി
മതവുംജാതിയും വെച്ചു കളിക്കളത്തിൽ
കളിക്കുന്ന കളിയിൽ മനുഷ്യൻവീണുപോയി
ബഹുമാനം ബഹുദൂരമകന്നുപോയി
അഹങ്കാരം അലങ്കാരമായിക്കയറിവന്നു
അടിമുടി കോമാളിയായിത്തീർന്നു
അടിതെറ്റിവീണിട്ടും അറപ്പില്ലാതെയായി
പുരോഗമനങ്ങൾക്കു പുതിയമാനമായി
പുകവലിമാറ്റി മയക്കുമരുന്നിലായി
ആർഭാടത്തിന്നതിരുകളില്ലാതെയായി
ആൾക്കൂട്ടമാരേയും കൊല്ലുമെന്നായി
കരഞ്ഞാലും കുഞ്ഞിനു പാലില്ലാതെയായി
കള്ളക്കണ്ണീർക്കഥകൾ തിരക്കഥയായീ
പറയാതെവയ്യെന്ന് പറയാറായി
പറഞ്ഞാലും കേൾക്കാനാളില്ലാതെയായി
പകൽരാത്രികളെയിട്ടു പന്താടിയാടി
പകലേത് രാത്രിയേതെന്നറിയാതെയായി
പകകൊണ്ടു പുകമറ സൃഷ്ടിച്ചതിന്നുള്ളിൽ
മരണത്തപ്പോലും കണ്ണുരുട്ടിക്കാട്ടുകയായി
നിറദീപംകാണാതെ നിറകുടംതുളുമ്പാതെ
നിർജീവജീവിയായ് അധഃപതിച്ചു
നിന്നെക്കുറിച്ചുനീ ചിന്തിച്ചുകൂട്ടുന്ന
നിവൃത്തികേടിൽ നീ. മനുഷ്യനല്ലാതെയായി
മനുഷ്യൻ ഒരുപാടുമാറിപ്പോയി
മാറിയ മനുഷ്യനും ഒന്നു മറന്നുപോയി
മനുഷ്യനെന്നത് ഒരുമഹത്വമാണ്
മഹത്വമാകുമ്പോൾമാത്രം മനുഷ്യനാണ്.!