രചന : ദിവാകരൻ പികെ✍️
ഉടഞ്ഞ ദർപ്പണമെ …….. ഇന്നെന്റെ
മുഖം വികൃതമായിരിക്കുന്നല്ലൊ.?
അതോ എന്നുമങ്ങനെ തന്നെയൊ
ഒടുവിൽ നീ സത്യം പറയുന്നൊ?
എന്നു മെന്നേ നീ വിശ്വസിപ്പിച്ച
സത്യമാണ് ഉടഞ്ഞു തകർന്നത്.
എന്നെക്കാൾ സുന്ദരനായി ആരെയും,
നിന്നിലൂടെ കണ്ടില്ല ഇഷ്ടപ്പെട്ടുമില്ല.
ഉടഞ്ഞ ചില്ലിൽ തുറിച്ചുനോക്കുന്ന
അനവധി എന്നെ നീകാണിക്കുന്നു
എന്നെ എനിക്കു അന്യമാക്കി നീ
എന്നിലേക്ക്നോക്കാൻ പറയുന്നോ?
എന്നും തേച്ചു മിനുക്കിയ മുഖത്തിൽ
കുറ്റങ്ങൾ കണ്ടെത്തി കാണിച്ചനീ,
മനസ്സു മിനുക്കാൻ ഓർമിപ്പിക്കയോ
മനക്കോട്ടയാവാം തകർന്നത് ഒരുവേള
മുറുകെപ്പിടിച്ച മൂഢ വിശ്വസവുമാവാം
തരിപ്പണമായെതെങ്കിലുംദർപ്പണമെ,
മുഖം മനസ്സിന്റെ കണ്ണാടി ആണെങ്കിൽ
കണ്ണാടി കള്ളം പറയില്ലെന്നതും സത്യം
വികൃതമാവാനും വികൃതമാക്കാനും
നിമിഷങ്ങൾ മതിയെന്ന സത്യം.
പറയാതെ പറയുന്നോ ദർപ്പണമെ.