രചന : സുമബാലാമണി..✍️
സ്‌കൂളിലേയ്ക്ക്
പണ്ട് പാടവരമ്പിലൂടെ
നടക്കുമ്പോൾ,
എന്നും രണ്ടിണക്കിളികളെ
കാണുമായിരുന്നു
അവരുടെ കൊഞ്ചലുകൾ
കണ്ടിട്ട്,
നെൽക്കതിരുകൾ
കുമ്പിട്ടു മീനുകളെനോക്കി
കണ്ണിറുക്കുമായിരുന്നു
പരൽമീനുകൾ
അവരുടെ കാലുകളിൽ
ഇക്കിളിയാക്കി
ചിരിപ്പിക്കുമായിരുന്നു
പാടത്തെ കണ്ണേറുകോലവും
ഒന്ന് കണ്ണടയ്ക്കുമായിരുന്നു
ഞാൻ മാത്രം, മനസ്സ്
അരുതെന്നു പറഞ്ഞിട്ടും
ഒളികണ്ണിട്ടുനോക്കുമായിരുന്നു
പിന്നെയും പിന്നെയും…
പ്രകൃതിയുടെ
അലങ്കാരങ്ങളെല്ലാം
മൊബൈലും വൻ കെട്ടിടങ്ങളും
ടാർ റോഡുകളുമൊക്കെയായി
വളർന്നിരിക്കുന്നു…
വളർന്നു വളർന്നു ഒടുവിൽ
കൊഴിഞ്ഞു വീഴുമായിരിക്കാം…
.