രചന : കമാൽ കണ്ണിമറ്റം✍️
എന്തും പറയുവാൻ,
എവിടെയുമെത്തുവാൻ,
തോന്നുന്നതൊക്കെയും
ചെയ്തു കൂട്ടാൻ,
എഴുതുവാനെഴുതാതിരിക്കുവാൻ,
വാക്കുകൾ മൗനമായുള്ളിലമർത്തി നിൽക്കാൻ,
പ്രിയങ്ങളിലന്യോന്യം കലഹ കോലഹലം,
കലപിലാഹ്ലാദവും ആട്ടവും കേളിയും .
തിമിർത്തു തീർക്കാൻ !
ഒന്നിനും ബന്ധനക്കെട്ടുകളില്ലാതെ,
മണ്ണിലെ ജീവിത വിഹാര നേരങ്ങളെ ഉൾഫുല്ലമാക്കുവാൻ,
ദൈവജാമ്യത്തിനാലരുളുന്ന
ഭാഗ്യം!
ഈ ഭൂമിയിൽ നമ്മൾ രുചിക്കുന്ന
സ്വാതന്ത്ര്യ ജീവിതം!
നയനനോട്ടങ്ങളിൽ
തെളിയുന്ന ഭാവനാ ദൃശ്യവും,
നേർക്കാഴ്ച്ച യോഗ്യമാംബോധ ബോധ്യങ്ങളും,
കർണ്ണ സാക്ഷ്യങ്ങളാം
ശബ്ദ താളങ്ങളും,
കൺപാർത്തു നില്പതും,
കാണാതെ നില്പതും,
കാതോർത്ത് നില്പതും,
കാതോർത്ത്
കേൾക്കാതിരിപ്പതും,
നാവിൻ്റെ തുമ്പത്തെ
ഇമ്പസംസാരവും,
ദുർഭാഷണങ്ങളും …..
ഇച്ഛയാലല്ലാതെ,
സർവേശ സാന്നിധ്യ ബോധത്താൽ,
നിയന്ത്രണ കെട്ടുകെട്ടീടുവാൻ
കല്പിക്കപ്പെട്ടവൻ മാനവ,നെന്നതാം ധർമചിന്ത!
അത്,
കൈവിട്ടുപോകവേ,
സൃഷ്ടിതാവിങ്കലേ,
കൈകൂപ്പി കൈനീട്ടി,
വിനയ പ്രകാശ പ്രാർത്ഥനാ
ഭാവമായെപ്പെഴുമേവാതെ.
ദുരമൂത്ത് ,
ദുർഭൂത ബാധ,യാലഹങ്കാര
ഗർവകാണ്ഠങ്ങളിൽ
ജീവിതം തുടരവേ,
സഹജൻ്റെ മാനവും
ജീവനും ഹനിക്കവേ,
അധർമവ്യവഹാര രൂപ ജാലങ്ങളായ് കർമ്മങ്ങൾ മാറവേ,
ഞാനെന്ന ഭാവം തലയിൽ മദിക്കവേ,
എന്തിനും ഞാൻ മതി എന്നൊരു തോന്നലായ്
നടത്തവുമോട്ടവും തുടരവേ,
സഹജീവ സഹവാസ സന്ധാര വേളകൾ ശല്യഭാരങ്ങളായ് തീരവേ,
ഏവർക്കും നാമൊരു ഭാരമായ് തോന്നവേ,
പിടുത്തമായ്, കൊടും പരീക്ഷാ പരീക്ഷണ
ക്കുടുക്കു,മായീശ്വരൻ
നമ്മുടെ ചലനസ്വാതന്ത്ര്യത്തിൻ
അനുവാദജാമ്യം,
പെട്ടെന്നെടുക്കവേ,
നാമൊരു കാരാഗ്രഹ സിംഹമായ് …
മൂളലായ്,
മുരളലായട്ടഹാസങ്ങളായ്,
ഒടുക്കമൊരു ഞരങ്ങലായ്
വിലാപമായ് ……
ഏങ്ങലായ് …..
നിസ്സഹായത്വമാം
മിഴിനോട്ട നാട്ടമായ്…
പതറുന്ന പാദമായ് ,
ചിതറുന്ന ചിന്തയായ്,
ചങ്ങലക്കെട്ടിൻ്റെ
പാരതന്ത്ര്യങ്ങളായ് …
ഇരുമ്പഴിക്കൂട്ടിലെ
പൂച്ചയായ്… പക്ഷിയായ് !
സ്രഷ്ടാവുയർത്തിയ ചെമന്ന ചീട്ടിനാൽ
റദ്ദായജാമ്യത്താൽ
ഞാനിന്ന് ഇരുമ്പഴിക്കൂട്ടിൽ കുടുങ്ങവേ,
ദൈവജാമ്യത്തിൻ്റെ മഹോന്നതത്വങ്ങളും,
സ്വാന്ത്ര്യ പദവിയും
കൈവിട്ടുപോകവേ.
പുതുജാമ്യവേകുവാൻ
മരതകച്ചീട്ടുമായ്
പകര,മണ യുവാൻ മറ്റാരുമില്ലെന്നുമോർക്കണം !
ദൈവദാസ്യത്തിൻ്റെ സുക്ഷ്മ താഭാവമായ് ജീവിതം തുടരണം!
കൈവിട്ടുപോയാൽ തിരികെ ലഭിക്കാത്ത
സൂക്ഷിപ്പ് സ്വത്തിനെ ഇറുക്കി പ്പിടിക്കണം!
നിഗളിപ്പ് മറ്റണം!
വിനയപ്രകാശ പ്രഭാവം പരത്തണം!
ജീവിതം ദൈവ ജാമ്യത്തിലാണെന്നും
നാം ഓർക്കണം!
ഭയക്കണം
ഈ ജാമ്യച്ചീട്ട്
കീറിയെറിയുന്ന നാളിനെ !
ഹാ! ദൈവ ജാമ്യത്തിന് നന്ദി!
✍️