രചന : ഫ്രാൻസിസ് ടി പി ✍️
….’ചാൻബാശ.’. അതായിരുന്നു അയാളുടെ പേര്.. അല്ല അങ്ങനെയായിരുന്നു അയാൾക്ക് ഞങ്ങളിട്ട പേര്.. അല്ലെങ്കിൽ തന്നെ ഇങ്ങിനെയുള്ളവർക്ക്,മനസിന്റെ സ്ഫടികം തകർന്നവർക്ക് എന്തിനൊരു നിയതമായ പേര്.. അവർ എപ്പോഴും പറയുന്നത് എപ്പോഴും ചെയ്യുന്നത്.. ഒരു പേരായി രൂപാന്തരപ്പെട്ടു പിന്നെ അതുകൊണ്ടവർ വിളിക്കപ്പെടുന്നു..
നാഗത്താൻ കാവിലെ ഒരു ആയില്ല്യം നാൾ..ആൾക്കൂട്ടത്തിലൂടെ ആരവങ്ങളിലൂടെ അയാൾ ഒഴുകി വന്നു… ആരവങ്ങളൊഴിഞ്ഞു ആൾക്കൂട്ടമൊഴിഞ്ഞു..അയാൾ മാത്രം പോയില്ല.. വെള്ളപ്പൊക്കത്തിൽ വന്ന മരച്ചില്ല പോലെ ഞങ്ങടെ നാട്ടിൽ തടഞ്ഞു നിന്നു.
ചന്തയിൽ, അടഞ്ഞു കിടന്ന എസ്പോറം ലോനചേട്ടന്റെ പലചരക്കു കടയുടെ ഉമ്മറം അയാളുടെ തവളമായി..
“ചാൻ ബാശ”.. ‘എവിട്യാ വീട്.’..ന്ന് ചോദിച്ച കൊള്ളി വിക്കുന്ന അദ്രുമാൻ സായ്വിനോട് അയാൾ പറഞ്ഞു.. “ഒരു ബീഡി തര്വോ… കോന്നമായീടെ മനസിന്സുഖല്ല്യാത്ത ചെക്കൻ മാധവൻ കൊറേ നേരം അയാളുടെ ചുറ്റും തിരിഞ്ഞു അയാളോട് ചോദിച്ചു..”ചാൻ ബാശ..”.. മാധവനോടും അയാൾ പറഞ്ഞു.
സമനിലതെറ്റിയവനായിരുന്നെങ്കിലും.. ആർക്കുംശല്യമില്ലാത്ത ആരോടും ചിരിക്കുന്ന അയാൾ ചന്തക്കാരുടെയും ചന്തയിലെ പറ്റുകാരുടെയും ഇഷ്ടക്കാരനായി മാറി…
അതിരാവിലെ കുട്ടൻ നായരുടെ ചായകട തുറക്കുമ്പോഴേ അയാൾ എഴുന്നേറ്റു വന്നു നിരപ്പലക നീക്കാൻ വിഷമിക്കുന്ന കുട്ടൻനായരെ അയാൾ സഹായിച്ചു.. കൈ നീട്ടം വിൽക്കാതെ ആദ്യം അടിക്കുന്ന ചുടു ചായ കുട്ടൻ നായര്.. അയാൾക്ക് കൊടുത്തു..”ചാൻ ബാശാ..”.. ചായ വാങ്ങിക്കുടിക്കുമ്പോൾ അയാൾ നന്ദിയോടെ കുട്ടൻ നായരോട് പറഞ്ഞു എന്നും… പത്തുമണിയോടെ ചായയും പുട്ടും പപ്പടവും ഇച്ചിരെ കടലചാറും. ഉച്ച ഭക്ഷണം.ഹോട്ടൽകാരൻ അടിമുട്ടി സായ്‌വ് കൊടുത്തു…
രാത്രി ഭക്ഷണം അയാൾ സ്വയം ഉണ്ടാക്കി. ചോറിനു കിണ്ണമോ കറിക്കു പ്ളേട്ടോ ഒന്നുമുണ്ടായില്ല… ചെറിയൊരു ചെപ്പു കുടം.. തരുത് ലോനപ്പേട്ടന്റെ ചേട്ത്യാർ കൊടുക്കുന്ന കുത്തരി.. ആ കുടത്തിൽ ഇട്ടു രണ്ടു കല്ലുവെച്ചു തട്ടാൻ അപ്പുട്ടീടെ ചുവര് അടുപ്പിന്റെ മൂന്നാം കല്ലാക്കി ചന്തയിലെ ചപ്പു ചവറുകൾ ഇട്ടു തീ കത്തിക്കുമ്പോൾ.. മന്മദലീല.. എന്നൊക്കയുള്ള ഒരു തമിൾ പാട്ടു പാടി.. തിളച്ചു വെന്താൽ ആറും വരെയും ആ പാട്ടു പാടി… ശേഷം അടിമുട്ടി സായ്‌വ് ഉച്ചക്ക് കൊടുത്ത കറിയുടെ ബാക്കി കുടത്തിലേക്കൊഴിച്ചു അതിൽ നിന്ന് തന്നെ കയ്യിട്ടു വരി തിന്നു.
നാഗത്താൻ കാവിലെ ആയില്ല്യം ആളും ആരവത്തോടെയും പിന്നെയും പോയി വന്നു.. ചാൻബാശ പക്ഷെ എസ്പോറം ലോനേട്ടന്റെ കടയുടെ മുൻഭാഗത്തെ കിടപ്പറ സ്ഥിരമാക്കാൻ ശ്രമിച്ചു.
“അയ് ഇതു മ്മ്ടെ.. മുത്തു കോയല്ലേ”.. ‘മുത്തണ്ണാ.. ന്താവ്ടെ…. കോയമ്പത്തൂരിൽ നിന്നും കിടക്കകളുമായി വല്ലപ്പോഴും വരാറുള്ള വടക്കാഞ്ചേരിക്കാരൻ കേശവൻ ‘ചാൻ ബാശ’യെ കണ്ടപ്പോൾ ഞെട്ടിപ്പോയി..
അടുത്ത വട്ടം കേശവൻ വരുമ്പോൾ കൂടെ ഒരു പതിനാലു വയസുകാരൻ കൂടിഉണ്ടായിരുന്നു…..
“മുത്തണ്ണ..ഇന്ത കൊളന്തയേ ഞാബദമിരുക്കാ..”ഷാൻ ബാഷ”.. നീങ്കെ കൊളന്തതാനേ..പയ്യനെ മുന്നിൽ നിർത്തി.. “ചാൻ ബാശ”.. യുടെ കണ്ണുകളിലേക്ക് പ്രതീക്ഷയോടെ നോക്കി കേശവൻ ചോദിച്ചു…. ഒന്നും ഉള്ളിൽ കേറാതെ.. എവിടെയൊക്കെയോ ശ്രദ്ധിച്ചു…”ചാൻ ബാശാ..”.. കേശവനേ നോക്കി അയാൾ പതിവ് പല്ലവി ആവർത്തിച്ചു.
ആ പതിനലുകാരന്റെ കണ്ണുകൾ നിറഞ്ഞൊഴുകി .. പിന്നെ പതുക്കെ തേങ്ങാൻ തുടങ്ങി.
എന്ത് പറഞ്ഞാലും..”ചാൻ ബാശാ.. ചാൻ ബാശാ.. ഇതാ എപ്പ്ഴും..”… കൊല്ലൻ കുട്ടന്റെ മോള് കൊണ്ടു വന്ന ചുണ്ണാമ്പ് പൊതികൾ കമ്പി കൊട്ടയിൽ എടുത്തു വെക്കുമ്പോൾ അമ്പിളി യാക്കോവേട്ടൻ കടയിൽ നിന്നും വിളിച്ച് പറഞ്ഞു… ഇതു കൂടി കേട്ടപ്പോൾ ആ പതിനാലുകാരന് പിടിച്ചു നിൽക്കാനായില്ല… അവൻ ‘ചാൻ ബാശ’യെ കെട്ടിപ്പിടിച് ഉറക്കെ ദയനീയമായി നിലവിളിച്ചു.. ബാപ്പാ .. ബാപ്പച്ചി… “…
“..കരയല്ലേ കുട്ടി…. ഷർട്ടിനു പകരമായി തോളിലിട്ട ടർക്കി കൊണ്ടു കണ്ണ് തുടച്ചു.. വെളിച്ചെണ്ണക്കാരൻ മത്തായി ചേട്ടൻ ആ കുട്ടിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“യേൻപേര് ഷാൻ ബാഷ…”ഇതു എന്നുടെ അപ്പ..ബാപ്പച്ചി…. എനക്ക് വന്ത് നാല് വയസായിരിക്കുംപോത്…. കൊഞ്ചം ഡിസ്റ്റൻസിൽ.. അങ്കേ.. ഒരു ദർഹയിരിക്കേ””…. പറയുന്നത് മുഴുവനാക്കനാവാതെ ആ കുട്ടി വീണ്ടും വാവിട്ടു കരയാൻ തുടങ്ങി.
… “അതായത്…”” .കുട്ടി പറഞ്ഞത് കേശവൻ മുഴുവനാക്കാൻ തുടങ്ങി..ഇയാളുടെ പേര് മുത്തുക്കോയ കോയമ്പത്തൂര് അങ്കവെട്ടി സ്വദേശി ഇതു മകൻ ഷാൻബാഷാ.. പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനു ശേഷം ഉണ്ടായ ഏകമകൻ…. മകനുണ്ടായായതിൽ ഉള്ള നേർച്ചകളും വഴിപാടുകളും ചെയ്യാൻ ഇയാൾ എല്ലാ വർഷവും ദൂരെയുള്ള ഒരു ദർഹയിൽ പോകുക പതിവായിരുന്നു കൂടെ ഈ കുട്ടിയേയും കൊണ്ടു പോകും..
ഒരു വട്ടം പോയപ്പോൾ തിരക്കിൽ പെട്ടു കുഞ്ഞിനെ കൈ മോശം വന്നു.. അന്ന് കുട്ടിക്ക് നാലു വയസ്,
വീട്ടിൽ തിരിച്ചെത്തിയ മുത്തുകോയയെ പോലീസ് വന്നു ചോദ്യം ചെയ്തു, വീട്ടുകാരും കുറ്റപ്പെടുത്തി സംസാരിച്ചു.
മനംനൊന്തു അയാൾ നാട് വിട്ടു.. കുട്ടി ഷാൻബാഷയെ പോലീസ് കണ്ടെടുത്തു തിരിച്ചുകൊടുത്തു പക്ഷെ,മുത്തു കോയ തിരിച്ചു വന്നില്ല.. കുഞ്ഞിനെ കൈവിട്ടതിൽ കുറ്റബോധത്തോടെ അയാൾ അലഞ്ഞു തിരിഞ്ഞു,..മനോ നിലയയും തെറ്റി.”…. പറഞ്ഞു നിർത്തിയ കേശവൻ പിന്നിൽ പഞ്ഞിയുള്ള ഒരു പനാമ സിഗരറ്റിനു തീകൊളുത്തി
“.. ദേ.. ഇതെട്ക്ക്ണ്ല്ല്യേ… എല്ലാരോടും ചിരിച്ചു കാട്ടി മകനോടൊപ്പം കേശവന്റെ വണ്ടിയിൽ കേറാൻ നോക്കുന്ന അയാളോട്.. മറന്നു വെച്ച അയാളുടെ അരി വെക്കുന്ന ചെമ്പ് കുടം ചൂണ്ടി ചുമട്ടു തെഴിലാളി കോരൻ പറഞ്ഞു..
.”ചാൻ ബാശാ..”.. വര്ഷങ്ങളോളം തനിക്കു സ്നേഹത്തോടെ അഭയം തന്ന ഞങ്ങടെ ചന്തയിലേക്ക് ഒന്നൂടി നോക്കിഅയാൾ പറഞ്ഞു അവസാനമായി ❤